എട്ട് പുതിയ കേന്ദ്ര മന്ത്രിമാര്‍ ചുമതലയേറ്റു

Posted on: June 17, 2013 6:03 pm | Last updated: June 17, 2013 at 6:28 pm
SHARE

cabinet-minister
ന്യൂഡല്‍ഹി: പുതിയ എട്ട് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. നാല് ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണ് പുതുതായി ചുമതലയേറ്റത്. ഇതോടെ കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 77 ആയി.

ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (ഉപരിതല ഗതാഗതം), ഗിരിജാ വ്യാസ് (ഭവനനിര്‍മാണം, നഗര വിവകസനം, ദാരിദ്ര്യ നിര്‍മാര്‍ജനം), ശിശ്‌റാം ഓല (തൊഴില്‍), കെ എസ് റാവു (ടെക്സ്റ്റയില്‍സ്) എന്നിവരാണ് തിങ്കളാഴ്ച ചുമതലയേറ്റ ക്യാബിനറ്റ് മന്ത്രിമാര്‍. തൊഴില്‍ മന്ത്രിയായിരുന്ന മല്ലികാര്‍ജുന്‍ കാര്‍ഗെയെ റെയില്‍വേയിലേക്ക് മാറ്റുകയും ചെയ്തു.

ജെ ഡി സീലം (ധനകാര്യം), ഇ എന്‍ എസ് നച്ചിയപ്പന്‍ (വാണിജ്യം, വ്യവസായം), മാണിക് റാവു (സാമൂഹിക ക്ഷേമം), സന്തോഷ് ചൗധരി (ആരോഗ്യം) എന്നീ സഹമന്ത്രിമാരും ചുമതലയേറ്റു.

ഓസ്‌കാര്‍ ഫെര്‍ണാണ്ടസും ശിശ്‌റാം ഓലയും നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേന്ദ്ര മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത്. ഒന്നാം യു പി എ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ഇവര്‍ക്ക് രണ്ടാം യു പി എ മന്ത്രിസഭയില്‍ ഇടംകിട്ടിയിരുന്നില്ല.

ഡി എം കെ മന്ത്രിമാരും, പവന്‍ കുമാര്‍ ബന്‍സാല്‍, അശ്വിനികുമാര്‍, അജയ്മാക്കന്‍, സി പി ജോഷി എന്നിവരും രാജിവെച്ച ഒഴിവിലാണ് പുനഃസംഘടന നടന്നത്.