Connect with us

Gulf

കുവൈത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്

Published

|

Last Updated

കുവൈത്ത് സിറ്റി: പാര്‍ലിമെന്റ് പിരിച്ചുവിട്ടുകൊണ്ടും പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചുകൊണ്ടുമുള്ള പരമോന്നത ഭരണഘടനാ കോടതിയുടെ സുപ്രധാന ഉത്തരവ് കുവൈത്തിനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നയിച്ചേക്കും. ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് ഇത് നീങ്ങിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്ന “ഒരാള്‍ക്ക് ഒരു വോട്ട്” എന്ന നിയമം ഇന്നലത്തെ കോടതി ഉത്തരവിലൂടെ സാധൂകരിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. അമ്പത് അംഗങ്ങളുള്ള കുവൈത്ത് പാര്‍ലിമെന്റിലേക്ക് അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി പത്ത് പേര്‍ വീതമാണ് തിരഞ്ഞെടുക്കപ്പെടുക. നേരത്തെ ഒരു വോട്ടര്‍ക്ക് നാല് വോട്ട് വീതം രേഖപ്പെടുത്താമായിരുന്നു. ഇതാണ് അസാധാരണ ഉത്തരവിലൂടെ അമീര്‍ റദ്ദാക്കിയത്. ഒരാള്‍ക്ക് ഒരു വോട്ട് എന്ന നിയമം കൊണ്ടുവരികയും ചെയ്തു.
ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിക്കുകയും നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യുകയുമായിരുന്നു. ജനാധിപത്യ രാജ്യങ്ങളില്‍ ഒരാള്‍ക്ക് ഒരു വോട്ട് എന്ന നിയമമാണ് നിലനില്‍ക്കുന്നതെന്നും അതുകൊണ്ട് അമീറിന്റെ ഉത്തരവ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും കോടതി പരാമര്‍ശിച്ചു.
എല്ലാവരും കോടതിയുടെ അന്തിമ വിധി അംഗീകരിക്കണമെന്നും നിയമ വ്യവസ്ഥയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് കുവൈത്ത് എന്നതിന് തെളിവാണ് കോടതി ഉത്തരവെന്നും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാക്കളായ മുന്‍ എം പിയും പ്രമുഖ പണ്ഡിതനുമായ വലീദ് അല്‍ തബ് തബാഈ, മുന്‍ എം പിമാരായ മുഹമ്മദ് അല്‍ കന്തരി, മുബാറക് അല്‍ വഅ്‌ലന്‍ എന്നിവര്‍ കോടതി വിധിയെ വിമര്‍ശിക്കുകയും ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. കോടതി വിധിക്ക് ശേഷമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി മുന്‍ സ്പീക്കറും പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവുമായ അഹ്മദ് അല്‍ സഅ്ദൂന്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്.
പാര്‍ലിമെന്റ് പിരിച്ചുവിട്ടാല്‍ അറുപത് ദിവസത്തിനകം തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. റമസാന്‍ മാസം കഴിഞ്ഞാലുടന്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സ്വീകരിക്കാന്‍ പോകുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും കുവൈത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുക.

Latest