Connect with us

International

അമേരിക്കയുമായി ചര്‍ച്ചക്ക് സന്നദ്ധം: ഉത്തര കൊറിയ

Published

|

Last Updated

പ്യോംഗ്‌യാംഗ്: കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷാവസ്ഥക്ക് അയവ് വരുത്തുന്നതിനും ആണവ നിര്‍വ്യാപനത്തിനും അമേരിക്കയുമായി ചര്‍ച്ചയാകാമെന്ന് ഉത്തര കൊറിയ സമ്മതിച്ചു. ദക്ഷിണ കൊറിയയുമായുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിലെത്തിയ ശേഷം ആരംഭിച്ച അനുരഞ്ജന നീക്കങ്ങള്‍ അപ്രതീക്ഷിതമായി പരാജയപ്പെട്ടതിന് പിറകേയാണ് അമേരിക്കയോട് ഉത്തര കൊറിയ ചര്‍ച്ചാ സന്നദ്ധത അറിയിച്ചത്. സമവായ ചര്‍ച്ചക്കുള്ള സംഘത്തിന്റെ തലവനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ തട്ടി ഉത്തര – ദക്ഷിണ കൊറിയ ചര്‍ച്ചാ സാധ്യത തകര്‍ന്നിരുന്നു. ഈ മാസം 12നും 13നുമാണ് ഉഭയകക്ഷി ചര്‍ച്ച നിശ്ചയിച്ചിരുന്നത്. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അത്തരമൊരു ചര്‍ച്ചക്ക് കളമൊരുങ്ങിയിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് താത്പര്യമില്ലാത്തയാളെ ദക്ഷിണ കൊറിയ സംഘത്തലവനായി നിശ്ചയിച്ചുവെന്ന് കാണിച്ച് ഉത്തര കൊറിയ പിന്‍വാങ്ങുകയായിരുന്നു.
മേഖലയുടെ സമാധാനത്തിനായി അമേരിക്കയുമായി ഉന്നതതല ചര്‍ച്ചക്ക് ഉത്തര കൊറിയ സന്നദ്ധമാണെന്ന് ദേശീയ പ്രതിരോധ കമ്മീഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ചര്‍ച്ചക്കുള്ള സമയവും സ്ഥലവും അമേരിക്കക്ക് തീരുമാനിക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു. കൊറിയന്‍ ഉപദ്വീപിലും മേഖലയിലൊന്നാകെയും അമേരിക്കയുടെ തന്നെയും സുരക്ഷിതത്വത്തില്‍ ആശങ്കയും സമാധാനം കൈവരണമെന്ന യഥാര്‍ഥ ആഗ്രഹവുമുണ്ടെങ്കില്‍ നിരുപാധികമായ ചര്‍ച്ചകള്‍ക്ക് അമേരിക്ക കളമൊരുക്കണം. ചര്‍ച്ചക്ക് മുമ്പ് ഉപാധികള്‍ വെക്കുന്നതിനോട് ഉത്തര കൊറിയക്ക് താത്പര്യമില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
അതേസമയം, ഉത്തര കൊറിയയുടെ ചര്‍ച്ചാ സന്നദ്ധത അമേരിക്ക കാര്യമായെടുക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നാമതും ആണവ പരീക്ഷണം നടത്തിയ കൊറിയ ആണവ നിര്‍വ്യാപനത്തിലേക്കുള്ള വ്യക്തമായ ചുവട് വെക്കാതെ ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് അമേരിക്ക. ഈ വര്‍ഷം ഉത്തര കൊറിയ നടത്തിയ മിസൈല്‍, ആണവ പരീക്ഷണങ്ങള്‍ മേഖലയില്‍ വലിയ അശാന്തി വിതച്ചിട്ടുണ്ടെന്നും ഈ സ്ഥിതി പരിഹരിക്കാതെ ചര്‍ച്ച ഫലപ്രദമാകില്ലെന്നും കൊറിയന്‍ വിഷയങ്ങള്‍ക്കായുള്ള അമേരിക്കന്‍ പ്രതിനിധി ഗ്ലിന്‍ ഡേവിസ് പ്രതികരിച്ചു.
തിരശ്ശീലക്ക് പിന്നില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തി മണ്ണൊരുക്കങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ ഉത്തര കൊറിയയുടെ ചര്‍ച്ചാ ക്ഷണം അമേരിക്ക സ്വീകരിക്കാനിടയില്ലെന്ന് സിയൂള്‍ സര്‍വകലാശാലയിലെ യാംഗ് മൂ ജിന്‍ പറഞ്ഞു.

Latest