ജോലി സമയം എട്ടു മണിക്കൂര്‍; ഉച്ച വിശ്രമത്തിന് നാളെ തുടക്കം

Posted on: June 15, 2013 8:22 pm | Last updated: June 15, 2013 at 8:22 pm
SHARE

ദുബൈ: തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യു എ ഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉച്ച വിശ്രമത്തിന് നാളെ തുടക്കമാവും. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനും ജീവാപായം സംഭവിക്കാനും ഇടയുള്ളത് പരിഗണിച്ചാണ് പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം മൂന്നു വരെ വിശ്രമം അനുവദിച്ച് തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നിലവിലുള്ളതാണ് ഉച്ച വിശ്രമം. നിയമം നടപ്പാക്കി തുടങ്ങിയതോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂര്യാഘാതത്താല്‍ തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുന്നതും ജീവാപായം സംഭവിക്കുന്നതും ഏറെക്കുറെ ഇല്ലാതായിരിക്കുകയാണ്. എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ മുഴുവന്‍ സ്വന്തം തൊഴിലാളികള്‍ക്ക് ജീവാപായം നേരിടുന്നത് ഒഴിവാക്കാന്‍ രണ്ടര മണിക്കൂര്‍ ഉച്ച വിശ്രമം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഉച്ച വിശ്രമ നിയമം. ഇതോടൊപ്പം തൊഴിലാളികളെ എട്ടു മണിക്കൂറില്‍ അധികം രാത്രിയായായാലും പകലായാലും ജോലി ചെയ്യിക്കരുതെന്നും കൂടുതല്‍ ചെയ്യുന്ന ജോലിക്ക് നിര്‍ബന്ധമായും ഓവര്‍ ടൈം നല്‍കണമെന്നും തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മഹെര്‍ അല്‍ ഉവൈദി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഉച്ച വിശ്രമം നാളെ മുതല്‍ നടപ്പാകുന്നതോടെ തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിവിധ കമ്പനികളിലും നിര്‍മാണ കേന്ദ്രങ്ങളിലും മിന്നല്‍ പരിശോധന നടത്തി നിയമം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും. ലംഘകര്‍ ഭീമമായ തുക പിഴയായി നല്‍കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ഉള്‍പ്പെടാത്ത തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിച്ചാലും പിഴ നല്‍കേണ്ടി വരും.
എന്നാല്‍ അത്യാവശ്യം ചെയ്തു തീര്‍ക്കേണ്ട ജോലികളുള്ള കമ്പനികള്‍ക്ക് ഇതിനായി പ്രത്യേക അനുമതി നല്‍കും. ഇവരെ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സാങ്കേതിക കാരണങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഉച്ച വിശ്രമത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ചീത്തയായ കുടിവെള്ള പൈപ്പുകള്‍ ശരിപ്പെടുത്തുക, പെട്രോള്‍ പൈപ്പുകളുടെ അറ്റകുറ്റപണി, മലിനജല പൈപ്പ് ലൈന്‍, ഇലക്ട്രിക്കല്‍ ലൈന്‍ വിച്ഛേദിക്കല്‍, ടെലികോം വിഭാഗം ജോലികള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടും. ഇതോടൊപ്പം പൊതുഗതാഗതത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും വിശ്രമ നിയമത്തില്‍ ഇളവുണ്ട്.
തൊഴിലാളികള്‍ക്ക് വിശ്രമത്തിനായി തണലുള്ള മേഖല ഉറപ്പാക്കാനും തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും കമ്പനി അധികാരികളും ഉടമകളും സ്വീകരിച്ചിരിക്കണം. നിയമം ലംഘിക്കപ്പെടുകയും പിടിക്കപ്പെടുകയും ചെയ്യുന്ന കേസുകളില്‍ ആദ്യ ഘട്ടത്തില്‍ 15,000 ദിര്‍ഹമാവും പിഴ.
ഇതോടൊപ്പം ഓരോ ജോലിക്കാര്‍ക്കും 1,500 ദിര്‍ഹം വീതം വേറെയും നല്‍കണം. കഴിഞ്ഞ വര്‍ഷം എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ബഹുഭൂരിപക്ഷവും കര്‍ശനമായി നിയമം നടപ്പാക്കിയിരുന്നു.