ലോകകപ്പ് യോഗ്യതാ റൗണ്ട്: പോര്‍ച്ചുഗലിന് ജയം; അര്‍ജന്റീനക്ക് സമനില

Posted on: June 9, 2013 7:39 am | Last updated: June 9, 2013 at 7:42 am
SHARE

Fifa-World-Cup-2014-Brazilലിസ്ബന്‍: യൂറോപ്പിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിള്‍ പോര്‍ച്ചുഗല്‍, ബെല്‍ജിയം, സ്‌കോട്‌ലന്‍ഡ്, മാള്‍ട്ട, ബോസ്‌നിയ-ഹെര്‍സൊഗൊവിന, ഗ്രീസ്,സ്ലൊവേനിയ, ആസ്ത്രിയ, അയര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, ഉക്രൈന്‍ ടീമുകള്‍ക്ക് ജയം. ക്രൊയേഷ്യ, സ്വീഡന്‍, റഷ്യ എന്നിവര്‍ തോല്‍വിയേറ്റപ്പോള്‍ ഇറ്റലി, പോളണ്ട് ടീമുകള്‍ക്ക് സമനിലക്കുരുക്ക്.
റഷ്യയെ വീഴ്ത്തി പോര്‍ച്ചുഗല്‍
ഗ്രൂപ്പ് എഫില്‍ റഷ്യയെ ഏകഗോളിന് വീഴ്ത്തിയ പോര്‍ച്ചുഗല്‍ പ്രതീക്ഷ സജീവമാക്കി. ഹെല്‍ഡര്‍ പോസ്റ്റിഗയാണ് ഗോള്‍ നേടിയത്. ഏഴ് മത്സരങ്ങളില്‍ പതിനാല് പോയിന്റോടെ പോര്‍ച്ചുഗലാണ് ഒന്നാം സ്ഥാനത്ത്. അതേ സമയം, പന്ത്രണ്ട് പോയിന്റുള്ള റഷ്യ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ആറ് മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റുള്ള ഇസ്രാഈലും പോര്‍ച്ചുഗലിന് വെല്ലുവിളിയാണ് .ഗ്രൂപ്പ് ചാമ്പ്യന്‍പട്ടം റഷ്യയില്‍ നിന്ന് പിടിച്ചെടുക്കുക പോര്‍ച്ചുഗലിന് എളുപ്പമല്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അസര്‍ബൈജാനും ലക്‌സംബര്‍ഗും (1-1) സമനിലയില്‍ പിരിഞ്ഞു. ഒക്‌ടോബറില്‍ മോസ്‌കോയില്‍ റഷ്യയോടേറ്റ പരാജയ(1-0)ത്തിന് മധുരപ്രതികാരം ചെയ്ത പോര്‍ച്ചുഗലിനിത് പുത്തനാത്മവിശ്വാസം പകരുന്നു. മോസ്‌കോയില്‍ മികച്ച കളി കാഴ്ചവെച്ചിട്ടും തോല്‍ക്കേണ്ടി വന്നു. ലിസ്ബണിലെ ജയം വലിയൊരു നേട്ടം തന്നെയാണെന്ന് പോര്‍ച്ചുഗല്‍ കോച്ച് പോളോ ബെന്റോ പറഞ്ഞു. ഒമ്പതാം മിനുട്ടിലായിരുന്നു പോര്‍ച്ചുഗലിനായി പോസ്റ്റിഗയുടെ ഗോള്‍. മിഗ്വെല്‍ വെലോസൊയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍ ഉരിത്തിരിഞ്ഞത്. റഷ്യയുടെ കോച്ച് ഫാബിയോ കാപല്ലോ വെലോസോയുടെ ഫ്രീകിക്ക് ഉന്നത നിലവാരത്തിലുള്ളതാണെന്ന് പ്രശംസിച്ചു. മുപ്പത്തഞ്ചാം മിനുട്ടില്‍ ഡെനിസ് ഗ്ലുഷാകോവിലൂടെ റഷ്യ സമനില ഗോളിനടുത്തെത്തി. യൂറി സിര്‍കോവിന്റെ ക്രോസ് ബോള്‍ ഗണിച്ചെടുക്കുന്നതില്‍ പോര്‍ച്ചുഗല്‍ ഗോളി റൂയി പാട്രിസിയോക്ക് പിഴച്ചപ്പോള്‍ ഡെനിസിന് തുറന്ന അവസരം ലഭിച്ചു. പക്ഷേ, ലക്ഷ്യം പാളി. പന്ത് പുറത്തേക്കാണ് പോയത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് റഷ്യന്‍ പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കാന്‍ സാധിച്ചില്ല. ക്ലബ്ബ് ഫോമിന്റെ നിഴലായിരുന്നു ക്രിസ്റ്റ്യാനോയില്‍ കണ്ടത്. റഷ്യന്‍ ഗോളി ഐഗര്‍ അകിന്‍ഫീവിന്റെ കൈകളിലേക്ക് ദുര്‍ബലമായ ഷോട്ട് പായിച്ചത് മാത്രമാണ് ക്രിസ്റ്റ്യാനോയുടെ സംഭാവന. സമനില നേടാനുള്ള ശ്രമത്തിനിടെ റഷ്യക്ക് പെനാല്‍റ്റി സാധ്യതയൊരുങ്ങി. പക്ഷേ റഫറി അത് നിഷേധിക്കുകയാണുണ്ടായത്. അലക്‌സാണ്ടര്‍ കെസാകോവിന്റെ ക്രോസ് ഫാബിയോ കോയിന്‍ട്രാവോയുടെ കൈകളില്‍ തട്ടിയിരുന്നു. റഫറി അത് കണ്ടില്ല.
ബലോടെല്ലിക്ക് ചുവപ്പ് കാര്‍ഡ്
ഗ്രൂപ്പ് ബിയില്‍ ചെക് റിപബ്ലിക്കിനെതിരെ സമനിലയില്‍ കലാശിച്ച മത്സരത്തില്‍ ഇറ്റലിയുടെ സ്‌ട്രൈക്കര്‍ മരിയോ ബലോടെല്ലി ചുവപ്പ് കാര്‍ഡ് കണ്ടു. എഴുപത്തിരണ്ടാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടായിരുന്നു ഇറ്റാലിയന്‍ താരം പുറത്തായത്. ആഴ്‌സണല്‍ പ്ലേമേക്കര്‍ തോമസ് റോസിസ്‌കി നിരവധി അവസരങ്ങള്‍ പാഴാക്കിയത് ചെക് റിപബ്ലിക്കിന് ജയം നിഷേധിച്ചു. ചെക് ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്കിനെ അധികം പരീക്ഷിക്കാന്‍ ഇറ്റലിക്ക് സാധിച്ചില്ല. ആറ് മത്സരങ്ങളില്‍ പതിനാല് പോയിന്റോടെ ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മാള്‍ട്ട 1-0ന് അര്‍മേനിയയെ തോല്‍പ്പിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ട് ചരിത്രത്തില്‍ മാള്‍ട്ടയുടെ രണ്ടാമത്തെ മാത്രം ജയമാണിത്. 1993 ല്‍എസ്‌തോണിയക്കെതിരെ നേടിയ ജയമാണ് (1-0) ആദ്യത്തേത്. ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റ മാള്‍ട്ട മൂന്ന് പോയിന്റോടെ ഏറ്റവും പിറകിലാണ്. മിഷേല്‍ മിഫ്‌സുദാണ് ഗോള്‍ നേടിയത്. ഫിഫ റാങ്കിംഗില്‍ 156ാം സ്ഥാനത്താണ് മാള്‍ട്ട.
ക്രൊയേഷ്യയുടെ വീഴ്ച
ഗ്രൂപ്പ് എയില്‍ സ്‌കോട്‌ലന്‍ഡ് 1-0ന് ക്രൊയേഷ്യയെ അട്ടിമറിച്ചത് ശ്രദ്ധേയം. ഇതോടെ സെര്‍ബിയയെ 2-3ന് കീഴടക്കിയ ബെല്‍ജിയത്തിന് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ഏഴ് മത്സരങ്ങളില്‍ പത്തൊമ്പത് പോയിന്റാണ് ബെല്‍ജിയത്തിന്. ക്രൊയേഷ്യക്ക് പതിനാറ് പോയിന്റ്.
റോബി കീന് ഹാട്രിക്ക്
ഗ്രൂപ്പ് സിയില്‍ ആസ്ത്രിയ 2-1ന് സ്വീഡനെ തോല്‍പ്പിച്ച് മേല്‍ക്കൈ നേടിയതും അയര്‍ലന്‍ഡിനായി റോബിന്‍ കീന്‍ ഹാട്രിക്ക് നേടിയതും ശ്രദ്ധേയം. ആറ് മത്സരങ്ങളില്‍ 11 പോയിന്റോടെ ആസ്ത്രിയ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 16 പോയിന്റുള്ള ജര്‍മനിയാണ് ഒന്നാമത്. എട്ട് പോയിന്റോടെ സ്വീഡന്‍ നാലാമത്. ഫെറോ ഐലന്‍ഡിനെതിരെ 0-3ന് ഐറിഷ് ജയം കുറിച്ചപ്പോള്‍ 57,58,59 മിനുട്ടുകളില്‍ കീന്‍ ഹാട്രിക്ക് തികച്ചു. നാല് വയസുള്ള മകന്‍ റോബര്‍ട്ടിനെയും കൊണ്ടാണ് കീന്‍ ഗ്രൗണ്ടിലെത്തിയത്. മുപ്പത് വയസ് തികയുന്ന കീനിനെ മകന്‍ പ്രോത്സാഹിപ്പിച്ചത് ഡാഡി30 എന്ന ജഴ്‌സിയണിഞ്ഞാണ്. പതിനൊന്ന് പോയിന്റോടെ അയര്‍ലന്‍ഡ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത്.
ഗ്രൂപ്പ് ഇയില്‍ മൂന്നാം സ്ഥാനത്തുള്ള ഐസ്‌ലന്‍ഡ് 2-4ന് സ്ലൊവേനിയയോട് പരാജയപ്പെട്ടപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള അല്‍ബാനിയ 1-1ന് നോര്‍വെയോട് സമനിലയായി. ഗ്രൂപ്പ് ജിയില്‍ ബോസ്‌നിയ 5-0ന് ലാത്‌വിയയെ തകര്‍ത്ത് പതിനാറ് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ലിത്വാനിയയെ ഏകഗോളിന് വീഴ്ത്തി ഗ്രീസ് പതിമൂന്ന് പോയിന്റോടെ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള സ്ലൊവാക്യ 1-1ന് ലിചെന്‍സ്റ്റെയിനോട് കുരുങ്ങി.
ഗ്രൂപ്പ് എച്ച് ഉക്രൈന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ചു. പതിനാല് പോയിന്റോടെ ഒന്നാം സ്ഥാനത്തുള്ള മോണ്ടെനെഗ്രോയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഉക്രൈന്‍ തകര്‍ത്തു. പതിനൊന്ന് പോയിന്റോടെ ഉക്രൈന്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. ഇംഗ്ലണ്ട് പന്ത്രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്ത്. പോളണ്ട് 1-1 മള്‍ഡോവ.
ഗ്രൂപ്പ് ഐയില്‍ ഫിന്‍ലന്‍ഡ് 1-0ന് ബെലാറസിനെ തോല്‍പ്പിച്ചു.

ബ്യൂണസ്‌ഐറിസ്: കോണ്‍മെബോള്‍ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയെ കൊളംബിയ സമനിലയില്‍ കുരുക്കിയപ്പോള്‍ പരാഗ്വെക്കെതിരായ ജയത്തോടെ ചിലി പ്രതീക്ഷകള്‍ സജീവമാക്കി. വെനെസ്വേല-ബൊളിവിയ മത്സരവും സമനില (1-1)യില്‍ കലാശിച്ചു. അതേ സമയം, ഇക്വഡോറിനെതിരെ പെറു ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു.
12 റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ അര്‍ജന്റീന 25 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനത്തുള്ള കൊളംബിയക്കും മൂന്നാം സ്ഥാനത്തുള്ള ഇക്വഡോറിനും ഇരുപത് പോയിന്റാണ്. ഗോള്‍ശരാശരിയിലാണ് കൊളംബിയക്ക് മുന്‍തൂക്കം. ഇവര്‍ പതിനൊന്ന് റൗണ്ടുകളാണ് പൂര്‍ത്തിയാക്കിയത്. അര്‍ജന്റീനയെക്കാള്‍ ഒരു മത്സരം കുറവ്. പന്ത്രണ്ടാം റൗണ്ടിലെ ജയം പതിനെട്ട് പോയിന്റോടെ ചിലിയെ നാലാം സ്ഥാനത്തേക്കുയര്‍ത്തി. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് നേരിട്ട് ലോകകപ്പ് യോഗ്യത നേടാം. അര്‍ജന്റീനക്ക് നാല് പോയിന്റ് കൂടി മതി ലോകകപ്പ് യോഗ്യത ഉറപ്പാക്കാന്‍. ഗ്രൂപ്പിലെ അഞ്ചാം സ്ഥാനക്കാര്‍ ഏഷ്യന്‍ പ്രതിനിധിയുമായുള്ള പ്ലേ ഓഫിന് യോഗ്യത നേടും.
സ്വന്തം തട്ടകത്തില്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന അര്‍ജന്റീന മെസിയെ കൂടാതെയാണ് കിക്കോഫ് ചെയ്തത്. കാണികളെ ഹരം കൊള്ളിക്കുന്നതായിരുന്നു മത്സരത്തിന്റെ പുരോഗതി. ഇരുഭാഗത്തേക്കും മികച്ച നീക്കങ്ങള്‍. ഇതിനിടെ, അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിനും കൊളംബിയന്‍ ഡിഫന്‍ഡര്‍ ക്രിസ്റ്റ്യന്‍ സപാറ്റയും തമ്മിലടിച്ചതിന്റെ പേരില്‍ കളത്തിന് പുറത്തായി. ഇരുഭാഗത്തും ആള്‍ബലം കുറഞ്ഞത് മത്സരത്തിന്റെ വേഗത്തെ ബാധിച്ചു. ഹിഗ്വെയിന് സസ്‌പെന്‍ഷന്‍ കാരണം ചൊവ്വാഴ്ച ഇക്വഡോറിനെതിരെ കളിക്കാനാകില്ല. കൊളംബിയക്കെതിരെ രണ്ടാം പകുതിയില്‍ മെസി കളിച്ചെങ്കിലും ഇക്വഡോറിനെതിരെയും ആദ്യലൈനപ്പില്‍ ഇറങ്ങിയേക്കില്ലെന്ന സൂചനയാണുള്ളത്. അങ്ങനെയെങ്കില്‍ അര്‍ജന്റീനക്ക് വലിയ തിരിച്ചടിയാകുമത്. മെസിയും ഹിഗ്വെയിനുമാണ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്കായി ഗോളടിച്ചുകൂട്ടിയത്. ഇരുവരും ചേര്‍ന്ന് പതിനേഴ് ഗോളുകള്‍ നേടി.
റയല്‍മാഡ്രിഡ് വിംഗര്‍ ഏഞ്ചല്‍ ഡി മാരിയ ആയിരുന്നു അര്‍ജന്റീനയുടെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. ആദ്യ മിനുട്ടുകളില്‍ രണ്ട് സുവര്‍ണാവസരങ്ങലാണ് ഡി മാരിയ സ്‌ട്രൈക്കര്‍മാര്‍ക്ക് ഒരുക്കിയത്. ടീമുകള്‍ ആക്രമിച്ചു കളിച്ചതോടെ മത്സരം ആവേശകരമായി. കൂടുതല്‍ ആക്രമണനീക്കങ്ങള്‍ അര്‍ജന്റീനയുടെ ഭാഗത്ത് നിന്നായിരുന്നു. റഡാമെല്‍ ഫാല്‍കോയുടെ ഹെഡര്‍ നേരിയ വ്യത്യാസത്തിന് പുറത്തായതും ഗോളി ഡേവിഡ് ഒസ്പിനെ മാത്രം മുന്നില്‍ നില്‍ക്കെ ഹിഗ്വെയിന്‍ അവസരം പാഴാക്കിയതും ഗോള്‍ അകറ്റി. ഇരുപത്താറാം മിനുട്ടിലായിരുന്നു വിവാദ സംഭവം. ഹിഗ്വെയിന്‍ കൊളംബിയന്‍ ഗോളി ഒസ്പിനയെ അപകടകരമാം വിധം ഫൗള്‍ ചെയ്തപ്പോള്‍ സപാറ്റ നിലമറന്നു. ഹിഗ്വെയിനെ തൊഴിച്ചു. റഫറി സപാറ്റക്ക് റെഡ് കാര്‍ഡ് കാണിച്ചു. ഹിഗ്വെയിനും റെഡ് കാര്‍ഡ് കാണിക്കണമെന്നാവശ്യപ്പെട്ട് കൊളംബിയന്‍ കളിക്കാര്‍ റഫറിയെ ഉപരോധിച്ചു. അതോടെ, അര്‍ജന്റീന സ്‌ട്രൈക്കറും പുറത്തായി. മത്സരം ഒരു മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് തൊട്ടുമുമ്പാണ് വാള്‍ട്ടര്‍മോണ്ടിലോക്ക് പകരക്കാരനായി മെസി കളത്തിലിറങ്ങിയത്. പരാഗ്വെക്കെതിരെ ചിലിയുടെ ഗോളുകള്‍ നേടിയത് സ്‌ട്രൈക്കര്‍ എഡ്വോര്‍ഡോ വര്‍ഗ്‌സും മിഡ്ഫീല്‍ഡര്‍ ആര്‍തുറോ വിദാലുമാണ്. നാല്‍പ്പത്തൊന്നാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍, അമ്പത്താറാം മിനുട്ടില്‍ ലീഡ് ഇരട്ടിയാക്കി. എണ്‍പത്തെട്ടാം മിനുട്ടില്‍ സ്‌ട്രൈക്കര്‍ റോക്കി സാന്റ ക്രൂസിലൂടെ പരാഗ്വെ ആശ്വാസ ഗോളടിച്ചു. പന്ത്രണ്ട് മത്സരങ്ങളില്‍ എട്ട് പോയിന്റോടെ അവസാന സ്ഥാനത്തുള്ള പരാഗ്വെ ഇതിനകം ലോകകപ്പ് യത്‌നത്തില്‍ നിന്ന് പുറത്തായവരാണ്.
ഇക്വഡോറിനെതിരെ പെറുവിന്റെ വിജയഗോള്‍ നേടിയത് ക്ലോഡിയോ പിസാറോയാണ്. 1982ന് ശേഷം ലോകകപ്പ് യോഗ്യത നേടാമെന്ന പ്രതീക്ഷ പെറുവിന് കൈവന്നത് ഈ ജയത്തോടെയാണ്. പതിനൊന്ന് മത്സരങ്ങളില്‍ പതിനാല് പോയിന്റോടെ ആറാം സ്ഥാനത്താണ് പെറു. പ്ലേ ഓഫ് യോഗ്യതക്കുള്ള അഞ്ചാം സ്ഥാനമാണ് പെറു ലക്ഷ്യമിടുന്നത്. അഞ്ചാം സ്ഥാനത്തുള്ള വെനെസ്വെലയെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചതും പെറുവിന് സാധ്യതയാണ്. ഇക്വഡോറിനെതിരെയുള്ള ജയത്തിന് ഗോളി റൗള്‍ ഫെര്‍നാണ്ടസിനോടാണ് പെറു കടപ്പെട്ടിരിക്കുന്നത്. ഡിഫന്‍ഡര്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ ദേഹത്ത് തട്ടി വലയിലേക്ക് അപ്രതീക്ഷിതമായി വന്ന പന്തും ഇക്വഡോര്‍ സ്‌ട്രൈക്കര്‍ ഫിലിപ് കെയ്‌സിഡോയുടെ തൊട്ടടുത്തു നിന്നുള്ള ഹെഡ്ഡറും അത്ഭുതകരമായാണ് റൗള്‍ ഫെര്‍നാണ്ടസ് പ്രതിരോധിച്ചത്. ടീം ക്യാപ്റ്റന്‍ കൂടിയായി സ്‌ട്രൈക്കര്‍ പിസാറോ, ആദ്യ പകുതിയില്‍ ഗോള്‍ ലൈന്‍ ക്ലിയറന്‍സോടെ പ്രതിരോധ നിരയിലും പ്രശംസനീയ പ്രകടനം കാഴ്ചവെച്ചു.
ബൊളിവിയക്കെതിരെ ലാ പാസിലെ ഹൈ ആള്‍ട്ടിട്യൂഡ് വേദിയില്‍ വെനെസ്വെല ജയം കൈവിടുകയായിരുന്നു. അമ്പത്തെട്ടാം മിനുട്ടില്‍ ജുവാന്‍ അരാംഗോയടെ ഹെഡര്‍ ഗോളില്‍ വെനെസ്വെല മുന്നിലെത്തി. എണ്‍പത്താറാം മിനുട്ടില്‍ മറ്റൊരു ഹെഡര്‍ ഗോളില്‍ ജസ്മാനി കംപോസ് ബൊളിവിയക്ക് സമനില നല്‍കി. ആദ്യമായി ലോകകപ്പ് യോഗ്യത നേടാമെന്ന പ്രതീക്ഷയില്‍ മുന്നോട്ടു നീങ്ങുന്ന വെനെസ്വെലക്ക് ഈ സമനില തിരിച്ചടിയായി. പന്ത്രണ്ട് മത്സരങ്ങളില്‍ പത്ത് പോയിന്റോടെ ബൊളിവിയ ഗ്രൂപ്പില്‍ പരാഗ്വെക്ക് തൊട്ട്മുകളില്‍. കോപ അമേരിക്ക ചാമ്പ്യന്‍മാരായ ഉറുഗ്വെക്ക് പതിനൊന്ന് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റാണുള്ളത്. ഏഴാം സ്ഥാനത്തുള്ള ഉറുഗ്വെക്ക് തുടര്‍ ജയങ്ങള്‍ സാധ്യമായില്ലെങ്കില്‍ മാറക്കാനയില്‍ വീണ്ടും ലോകകപ്പ് കളിക്കുക എന്നത് അവര്‍ക്ക് മറക്കേണ്ടി വരും.