Connect with us

National

എന്‍ സി ടി സി: പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ക്ക് എതിര്‍പ്പ്

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍ സി ടി സി) സ്ഥാപിക്കുന്നതില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തുടരുന്നു. ഇന്നലെ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു. നക്‌സലിസമാണ് രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത്, ബീഹാര്‍, ത്രിപുര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.

2008ലെ മുംബൈ ആക്രമണത്തിന് ശേഷമാണ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രമെന്ന ആശയം ഉടലെടുത്തത്. എന്നാല്‍ ഇതിനെതിരെ ചില സംസ്ഥാനങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയരുകയായിരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതായിരിക്കും ഈ തീരുമാനമെന്നാണ് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഭീകര വിരുദ്ധ കേന്ദ്രത്തിനുള്ള പുതിയ ശിപാര്‍ശകളില്‍ ചിലത് മാത്രമാണ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചിട്ടുള്ളൂവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ തത്വങ്ങള്‍ക്ക് അനുയോജ്യമായവയല്ല എന്‍ സി ടി സിയുടെ പുതിയ ഘടന. ഭരണഘടനയനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കല്‍പ്പിച്ചിട്ടുള്ള അധികാരങ്ങളെ ബാധിക്കുന്നതുമാണ് പുതിയ നിര്‍ദേശങ്ങള്‍. രാജ്യത്തിന് തീര്‍ത്തും അന്യമായവയാണ് ഈ ആശയമെന്നും മോഡി ചൂണ്ടിക്കാട്ടി. എന്‍ സി ടി സി സംബന്ധിച്ച് താന്‍ ഉന്നയിച്ചിട്ടുള്ള ആശങ്കകള്‍ തീര്‍ക്കുന്നവയല്ല കരട് നിര്‍ദേശങ്ങളെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. നക്‌സലിസം ഛത്തീസ്ഗഢിന്റെ മാത്രമല്ല നിരവധി സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ദേശീയാടിസ്ഥാനത്തില്‍ വ്യക്തമായ നയം ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, എന്‍ സി ടി സി സ്ഥാപിക്കപ്പെട്ടില്ലെങ്കില്‍ രാജ്യം അതിന് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് ധനമന്ത്രി പി ചിദംബരം മുന്നറിയിപ്പ് നല്‍കി. എന്‍ സി ടി സിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഇത് മനസ്സിലാക്കാതെയാണ് സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് തുടരുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി.