Connect with us

Articles

ഒരു ചമ്മന്തിക്കഥയുടെ സൗഭാഗ്യങ്ങള്‍...

Published

|

Last Updated

നെത ഹുസൈന്‍

വൈദ്യശാസ്ത്ര പഠനത്തില്‍ ചമ്മന്തിക്കെന്തങ്കിലും സ്ഥാനമുണ്ടോ…? പേരും പെരുമയും നേടിത്തരുന്നതില്‍ ചമ്മന്തി എന്നെങ്കിലും ആരെ എങ്കിലും സഹായിച്ചിട്ടുണ്ടോ.? ഇല്ല എന്നാകും ഭൂരിഭാഗം പേരുടെയും ഉത്തരം. എന്നാല്‍ നെത ഹുസൈന്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ഉത്തരമതല്ല. അവളുടെ ജീവിതത്തിന് പുതിയ അര്‍ഥവും വ്യാപ്തിയും ലക്ഷ്യവും ഉണ്ടാക്കി കൊടുത്തതില്‍ മലയാളിയുടെ തീന്‍മേശയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമായ ചമ്മന്തിക്ക് മുഖ്യമായ സ്ഥാനം തന്നെയുണ്ട്.

അതെ. ഒരു ചമ്മന്തി ഈ ഇരുപത്തി ഒന്നുകാരിയുടെ ജാതകം മാറ്റി വരച്ചിരിക്കുന്നു. അംഗീകാരങ്ങളുടെ നിറവില്‍ അന്തര്‍ദേശീയ സെമിനാറുകളിലേക്ക് പോലും അവള്‍ ക്ഷണിക്കപ്പെടുന്നു. സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശമായ വിക്കീപീഡിയയുടെ മലയാളം വിഭാഗത്തിന്റെ അംമ്പാസഡര്‍ കൂടിയാണ് ഈ കാരന്തൂര്‍ സ്വദേശിനി.
അന്തര്‍ദേശീയ സെമിനാറുകളില്‍ അവള്‍ അതിഥിയായത് ഒരു തവണയല്ല, പല തവണയാണ്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണെസ് അയ്‌റസില്‍ നടന്ന ദേശീയ സെമിനാറിലേക്കായിരുന്നു ആദ്യ ക്ഷണം. ജര്‍മനിയുടെ സ്‌പോണ്‍സര്‍ഷിപ്പിലായിരുന്നു ആ യാത്ര.

അന്തര്‍ദേശീയ വനിതാ വിക്കി പീഡിയയുടെ ആദ്യ സമ്മേളനം കഴിഞ്ഞ വര്‍ഷം മെയ് 23 മുതല്‍ 26 വരെയാണ് അര്‍ജന്റീനയില്‍ നടന്നത്. അതില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു. 17 പേരില്‍ രാജ്യത്തിന്റെ പ്രതിനിധിയായത് നെത. ഏറ്റവും പ്രായം കുറഞ്ഞവളുമായിരുന്നു അവള്‍. കഴിഞ്ഞ വര്‍ഷം തന്നെ അമേരിക്കയിലേക്കും പറന്നു. ആ യാത്രയുടെ സ്‌പോണ്‍സര്‍ ഗൂഗിളായിരുന്നു.  ഈ ആഗസ്റ്റില്‍ ഹോങ്കോങ്ങില്‍ നടക്കുന്ന വിക്കീ പീഡിയയുടെ വാര്‍ഷിക സമ്മേളനത്തിലും അവള്‍ പ്രതിനിധിയാണ്. ഇന്ത്യയില്‍ നിന്നുള്ള 11 പേരില്‍ ഒരാള്‍. എല്ലാത്തിന്റെയും തുടക്കം ചമ്മന്തിയെക്കുറിച്ചുള്ള ചെറുലേഖനത്തില്‍ നിന്നാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനിയായ നെതക്ക് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു. അഭിമാനം തോന്നുന്നു. പഠന വഴിയില്‍ പുതു വിവരങ്ങളും അധിക വായനക്കുള്ള മാര്‍ഗങ്ങളും തേടുന്നതിനിടെയാണ് വിക്കിപീഡിയയെ സമീപിച്ച് തുടങ്ങുന്നത്. കൗതുകത്തിനപ്പുറത്ത് മലയാളം വിക്കീപീഡിയയില്‍ തിരഞ്ഞപ്പോള്‍ മലയാളിയുടെ ഇഷ്ട ഭോജനത്തിന് രുചിയുടെ പൂര്‍ണത തരുന്ന ചമ്മന്തിയെക്കുറിച്ച് കണ്ടതേയില്ല. അപ്പോള്‍ അതിന്റെ ഉത്ഭവത്തെക്കുറിച്ചായി അന്വേഷണം. അറിയാവുന്ന വിവരങ്ങളും അന്വേഷിച്ചറിഞ്ഞ കാര്യങ്ങളും ചേര്‍ത്ത് ഒരു ചെറു ലേഖനം തയ്യാറാക്കി പ്രസിദ്ധീകരിച്ചു. 2010 ലായിരുന്നു അത്.

വിക്കിയിലെ അണിയറ പ്രവര്‍ത്തകര്‍ പലരും പലപ്പോഴായി അത് വികസിപ്പിച്ചു. ചമ്മന്തിയെക്കുറിച്ച് മറ്റു ഭാഷകളിലെല്ലാം വിക്കിയില്‍ ലേഖനങ്ങള്‍ ഉണ്ട്. എന്നാല്‍ നെതയുടെ മലയാളം ലേഖനത്തോളം വിവരങ്ങളും വിശേഷങ്ങളും അടങ്ങിയ വേറെ ലേഖനമില്ല. അതുകൊണ്ടു തന്നെ വ്യാപ്തിയിലും ആധികാരികതയിലും മുന്നിട്ടു നില്‍ക്കുന്നത് ഈ ചമ്മന്തി ലേഖനം തന്നെയാണ്.

വന്ന വഴി

പഠനത്തില്‍ മിടുക്കിയായിരുന്നു അവള്‍. ഉപ്പയുടെയും ഉമ്മയുടെയും ആദ്യത്തെ കണ്‍മണി. സുഹൃത്തുക്കളെ പോലെ അവരോടൊല്ലാം പറഞ്ഞു. വിശേഷങ്ങള്‍ പങ്കുവെച്ചു. 2008 മുതലേ ബ്ലോഗെഴുത്ത് തുടങ്ങിയിരുന്നു നെത ഹുസൈന്‍. ഉപ്പയും ഉമ്മയും വഴികാട്ടികളുമായിരുന്നു അവിടെ. ഇംഗ്ലീഷിലായിരുന്നു ആദ്യ എഴുത്തുകള്‍. കഥകളും കവിതകളും അനുഭവങ്ങളും ശാസ്ത്രകുറിപ്പുകളും എല്ലാം ഇടം പിടിച്ചിരുന്നു അവയില്‍. കുഴപ്പമില്ലാത്ത വായനക്കാരും അവിടെ എത്തിനോക്കിയിരുന്നു.
വിക്കീപീഡിയയില്‍ തുടക്കം ചമ്മന്തിയിലായിരുന്നുവെങ്കിലും ഇന്ന് മലയാളം വിക്കീപീഡിയയുടെ അമ്പാസഡറായി മാറിയിരിക്കുന്നു ഈ പെണ്‍കുട്ടി. എഴുത്ത് പാചകത്തില്‍ മാത്രം ഒതുക്കിയില്ല, ജീവ ശാസ്ത്രം, തുടങ്ങി നിരവധി മേഖലകളിലേക്ക് പടര്‍ന്നു.

വിക്കീപീഡിയയില്‍ വിവിധ വിഷയങ്ങളില്‍ എത്ര തിരുത്തലുകള്‍ക്ക് വിധേയമാക്കി എന്നതാണ് പ്രധാനം. പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താലും അത് അവരുടെ കണക്കില്‍ പെടുന്നു. അത്തരത്തില്‍ പതിനായിരത്തിനു മുകളില്‍ എഡിറ്റിംഗിന് വിധേയമാക്കിയതിന്റെ ക്രഡിറ്റ് നെതയുടെ കണക്ക് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്. അതുകൊണ്ടെക്കൊക്കെ തന്നെയാണ് അവള്‍ക്ക് ഇങ്ങനെയൊരു ഭാഗ്യം കൈവന്നതും.

ചമ്മന്തിക്കഥ

കഞ്ഞിക്കും ഇഡ്ഡലിക്കും ദോശക്കും ബിരിയാണിക്കുമൊപ്പം തൊട്ടുകൂട്ടുന്ന ഭക്ഷണത്തില്‍ വലിയ പ്രാധാന്യമില്ലാത്ത ഈ ലഘു വിഭവം മലയാളിയുടെ തീന്‍മേശയിലെ ഒഴിച്ചുകൂടാനാകാത്തതു തന്നെയാണ്. ചമ്മന്തിയുടെ ഉത്ഭവം ഇന്ത്യയിലാണെങ്കിലും പാശ്ചാത്യ രാജ്യങ്ങളില്‍ മാംസം ചേര്‍ത്ത ചമ്മന്തികള്‍ അതിനും മുമ്പേ ഉണ്ടായിരുന്നുവെന്ന് ഈ ലേഖനത്തില്‍ പറയുന്നു. സംസ്‌കൃതത്തിലെ സംബന്ധി എന്ന വാക്കില്‍ നിന്നാണ് മലയാളത്തിലെ ചമ്മന്തിയുടെ വരവ്. സംബന്ധി എന്നാല്‍ എല്ലാം ചേര്‍ന്നത് എന്നര്‍ഥം. ചമ്മന്തിയിലും എല്ലാം ചേര്‍ത്തരക്കുന്നതിനാലോ ചേര്‍ത്തുപൊടിക്കുന്നതിനാലോ ആകാം സംബന്ധി എന്ന പദമുണ്ടായതെന്നും വിശദീകരിക്കുന്നുണ്ട്.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള ചമ്മന്തികളെക്കുറിച്ചും അതിന്റെ നിര്‍മാണത്തില്‍ ചേര്‍ക്കുന്ന ചേരുവകളെക്കുറിച്ചും എല്ലാം ഇതില്‍ പ്രതിപാദിക്കുന്നു. സാധാരണ എല്ലാ മലയാളിക്കും അറിവുള്ള തേങ്ങാ ചമ്മന്തിക്കും മാങ്ങാചമ്മന്തിക്കും എല്ലാം പുറമേ നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത 30 ഓളം ചമ്മന്തികളുടെ നിര്‍മാണത്തെക്കുറിച്ച് ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. പരിപ്പ് ചമ്മന്തിയും മുതിരചമ്മന്തിയും കടലപ്പരിപ്പ് ചമ്മന്തി, ലുബീക്കാ ചമ്മന്തി, നിലക്കടല ചമ്മന്തി, പപ്പട ചമ്മന്തി, അടച്ചൂറ്റി ചമ്മന്തി എന്നിവയെല്ലാം അവയില്‍ ചിലതുമാത്രം.

എന്നാല്‍ ചമ്മന്തി രാസായനത്തില്‍ ഒതുക്കി നിര്‍ത്തിയില്ല നെതയുടെ രചനകള്‍. ആദ്യ രചന എന്ന നിലയില്‍ ചമ്മന്തി വിശേഷങ്ങളെക്കുറിച്ച് നൂറ് നാവാണെങ്കിലും ചരിത്രത്തിലേയും ആരോഗ്യമേഖലയിലെയും ശാസ്ത്രമേഖലയിലേയും പല കൈവഴികളിലേക്കും അവള്‍ കടന്നുചെന്നു. കുങ്കുമത്തെകുറിച്ചുള്ള ലേഖനവും ശ്രദ്ധേയമായവയാണ്. വിക്കി പീഡിയയില്‍ എല്ലാ മേഖലകളെക്കുറിച്ചുമുള്ള വിവരങ്ങളും നിറഞ്ഞതിനുശേഷമായിരുന്നു അവള്‍ അതില്‍ അംഗമാകുന്നത്. അതുകൊണ്ട് കൂടുതലായി അധികം വിവരങ്ങളെക്കുറിച്ച് ചെയ്യാനുണ്ടായിരുന്നില്ല. എന്നിട്ടും അവള്‍ പുതിയ ഒട്ടേറെ വിവരങ്ങള്‍ തേടിപ്പിടിച്ച് വിക്കി പീഡിയയുടെ താളുകളെ സമ്പന്നമാക്കി.

പഠനത്തിനായി വിദ്യാര്‍ഥികള്‍ക്ക് സമീപ്പിക്കാവുന്ന ഏറ്റവും മികച്ച വഴിയാണ് വിക്കീപീഡിയ. പുസ്തകം വടിയെടുക്കാത്ത ഗുരുനാഥനാണെങ്കില്‍ വിവര സാങ്കേതികവിദ്യയുടെ യുഗത്തില്‍ വിക്കീ പീഡിയയും ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ ഈ സാധ്യതയെ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ലെന്ന് നെത പറയുന്നു. പലര്‍ക്കും എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും അറിയില്ല. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. പല കോളജുകളിലും സെമിനാറുകളിലും കൂട്ടായ്മകളിലും അതിന്റെ ഉപയോഗവും സാധ്യതയും വിവരിച്ചുകൊടുക്കുന്ന ജോലിയും നെത ഏറ്റെടുത്തിട്ടുണ്ട്. വിക്കീ പീഡിയയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം തന്നെ കുറവാണ്. നെത പ്രധാന ലക്ഷ്യമാക്കുന്നതും ഈ മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്നതാണ്.

ആഗസ്റ്റില്‍ ഹോങ്കോങ്ങില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് രണ്ടുപേരാണ് പങ്കെടുക്കുന്നത്. നെതയും തിരുവനന്തപുരം കുറ്റിച്ചാല്‍ ലോര്‍ദസ് മാതാ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ കാവ്യാ മനോഹറുമാണവര്‍. ആഗസ്റ്റ് ഒമ്പതു മുതല്‍ പതിനൊന്നുവരെ ഹോങ്കോംങ്ങ് പോളി ടെക്‌നിക് സര്‍വകലാശാലയിലാണ് ഈ വര്‍ഷത്തെ വിക്കിമാനിയ നടക്കുന്നത്. സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാന കോശമായ വിക്കിപീഡിയയുടെ വാര്‍ഷിക പരിപാടിയാണ് വിക്കി മാനിയ.

50 രാജ്യങ്ങളില്‍ നിന്നുള്ള 300 മുതല്‍ 700 വരെയുള്ള പ്രതിനിധികളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുക. വിക്കീപീഡിയയിലെ ലേഖനമെഴുത്തുകാര്‍, പ്രോഗ്രാം ചെയ്യുന്നവര്‍, തിരുത്തലുകാര്‍, വിക്കിയിലെ അംഗങ്ങള്‍ എന്നിവരാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 75 വയസ്സുകാരനായ ശൊങ്കായി പൊതുവനും സേലത്തുനിന്നുള്ള പാര്‍വതി ടീച്ചറും മകളും ഈ പതിനൊന്നുപേരിലെ അംഗങ്ങളാണ്. അവരെല്ലാം മാതൃഭാഷാ പതിപ്പുകളില്‍ നൂറു കണക്കിന് ലേഖനങ്ങള്‍ എഴുതുകയോ തിരുത്തലുകള്‍ വരുത്തുകയോ ചെയ്തവരാണ്. ഇന്നും ആവേശത്തോടെ അവരത് ചെയ്യുന്നുമുണ്ട്. നെതയുടെ ഹോംങ്കോങ്ങ് യാത്ര ഇരുപത്തി രണ്ടാം പിറന്നാള്‍ സമ്മാനമാണെന്ന് പറയാം. പിറന്നാള്‍ ആഘോഷത്തിനുള്ള വട്ടം കൂടലിനിടയിലേക്കായിരുന്നു ആ സന്തോഷവാര്‍ത്ത കടന്നുവന്നത്.

കോഴിക്കോട് കാരന്തൂര്‍ സ്വദേശിയും പരപ്പനങ്ങാടിയിലെ ഫെഡറല്‍ ബാങ്ക് മാനേജറുമായ ഹുസൈന്റേയും കോഴിക്കോട് ബാറിലെ അഭിഭാഷക ജുവൈരിയയുടെയും മൂത്തമകളാണ് നെത ഹുസൈന്‍. ഫിദ ഹുസൈന്‍ ഏക സഹോദരിയാണ്.

നത ഇപ്പോള്‍ ഹാപ്പിയാണ്. മെഡിക്കല്‍ പഠനത്തോടൊപ്പം തന്നെ സോഷ്യല്‍ മീഡിയകളിലും തന്റെ സാന്നിധ്യവും സാമീപ്യവും അവള്‍ അറിയിക്കുന്നുണ്ട്. പഠനത്തോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനവും. സ്ത്രീകളെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കൂടുതലായി ഓണ്‍ ലൈനുകളില്‍ പ്രത്യക്ഷപ്പെടണം. സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. എഴുത്തിലൂടെയും വായനയിലൂടെയുമുള്ള ഇ- വിപ്ലവത്തിലെ സ്ത്രീ മുന്നേറ്റമാണവള്‍ സ്വപ്നം കാണുന്നത്. സ്ത്രീകള്‍ കൂടുതലായി കരുത്തരാകുകയും എഴുത്തിന്റേയും വായനയുടെയും ലോകത്ത് സ്ഥിരപ്രതിഷ്ഠരാകുകയും ചെയ്യുന്ന ആ കാലം വിദൂരമാകാതിരിക്കട്ടെ എന്ന് നമുക്കും പ്രാര്‍ഥിക്കാം നെത ഹുസൈനോടൊപ്പം.

Latest