Connect with us

Sports

ധോണിയെ ഇന്ന് ലോക മാധ്യമങ്ങള്‍ പിടിക്കും

Published

|

Last Updated

മുംബൈ:ഐ പി എല്‍ വാതുവെപ്പ് വിവാദമുണ്ടായതിന് ശേഷം ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ “വിജയകരമായി” മുങ്ങിനടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ന് ലോക മാധ്യമങ്ങളുടെ നടുവിലേക്ക്. ബി ബി സി ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ ധോണിയുടെ നിശബ്ദതയെ വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ മാധ്യമങ്ങളും ധോണിയും എലിയും പൂച്ചയും കളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിദേശമാധ്യമങ്ങള്‍ പരിഹസിച്ചത്. ഹിന്ദു ദിനപത്രത്തിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എന്‍ റാം അടക്കമുള്ളവര്‍ ധോണിക്കെതിരേ ഇതിനകം വിമര്‍ശനവുമായി രംഗത്തുവന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ അടിമുടി സമ്മര്‍ദത്തിലാക്കിയിരിക്കുന്ന ഐ പി എല്‍ വിവാദം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിദേശ മാധ്യമ പ്രതിനിധികള്‍ ഇരുതല മൂര്‍ച്ചയോടെ തയ്യാറായി നില്‍ക്കുകയാണ്.
വാതുവെപ്പ് ബന്ധമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയെ ചോദ്യം ചെയ്ത് പൊരിക്കാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമങ്ങളും ശ്രമിച്ചേക്കും. ലണ്ടനില്‍ ജൂണ്‍ ആറിന് ആരംഭിക്കുന്ന ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇന്നലെ ദുബൈ വഴി യാത്ര തിരിച്ചു. യാത്ര പുറപ്പെടും മുമ്പ് മുംബൈയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ മീഡിയ മാനേജര്‍ എസ് എന്‍ ബാബ വാതുവെപ്പ് സംബന്ധമായ ചോദ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ധോണിയെ രക്ഷിച്ചിരുന്നു.
എന്നാല്‍, ഒരു റിപ്പോര്‍ട്ടര്‍ ഇന്ത്യന്‍ ഓപണര്‍മാരെ കുറിച്ച് ചോദിച്ച ശേഷം വിന്ദു രണ്‍ധാവയെ എത്രകാലമായി അറിയാമെന്ന ചോദ്യമുന്നയിച്ചു. ധോണി ചിരിച്ചു കൊണ്ട് ഒഴിഞ്ഞുമാറി. വിദേശ മാധ്യമങ്ങളെയും വിദഗ്ധമായി ഒഴിവാക്കണമെന്ന നിര്‍ദേശം ധോണിക്ക് ബി സി സി ഐ നല്‍കിയതായി സൂചനയുണ്ട്.
അതേ സമയം, ലണ്ടനില്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കുക എന്ന ഔപചാരികതയില്‍ നിന്ന് ധോണി വിട്ടുനിന്നേക്കുമെന്ന സൂചനയുണ്ട്. ജൂണ്‍ ഒന്നിനും നാലിനും ഇന്ത്യ പരിശീലന മത്സരങ്ങള്‍ കളിക്കും.
ആറിന് കാര്‍ഡിഫില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളി.
സ്‌ക്വാഡ്: മഹേന്ദ്ര സിംഗ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, ദിനേശ് കാര്‍ത്തിക്ക്, മുരളി വിജയ്, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഇര്‍ഫാന്‍ പത്താന്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത്ശര്‍മ, അമിത് മിശ്ര, ആര്‍ വിനയ് കുമാര്‍.