Connect with us

Palakkad

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: നാലാം ഗ്രൂപ്പിന്റെ പങ്ക് നിര്‍ണായകം

Published

|

Last Updated

വടക്കഞ്ചേരി : യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കി രൂപപ്പെട്ട നാലാം ഗ്രൂപ്പിന്റെ പിന്തുണ നിര്‍ണായകമാകുന്നു. കേരളയാത്രയുടെ ജില്ലയിലെ പര്യടനസമാപനത്തിലാണ് നാലാം ഗ്രൂപ്പിന്റെ ശക്തി പ്രകടിപ്പിച്ച് നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നത്. ഐ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ജില്ലയിലെ നാലാംഗ്രൂപ്പ് ഊര്‍ജ്ജിതമായത്. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനാലും ലോക്‌സഭ തിരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നും സജീവരാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയ മുന്‍ ഡി സി സി അധ്യക്ഷന്‍ എ വി ഗോപിനാഥന്‍ നാലാം ഗ്രൂപ്പിലൂടെ വീണ്ടും സജീവമായിരിക്കുകയാണ്. എ ഗ്രൂപ്പിലുണ്ടായിരുന്ന വി സി കബീറും വിവിധ ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും നാലാം ഗ്രൂപ്പില്‍ എത്തിക്കഴിഞ്ഞു.
ഐ ഗ്രൂപ്പ് വടക്കഞ്ചേരി പഞ്ചായത്തംഗവും കെ അച്യുതന്റെ വലം കൈയുമായ പാളയം പ്രദീപിനെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ നിര്‍ത്തിക്കൊണ്ടുതന്നെ നാലാം ഗ്രൂപ്പിന് പിന്തുണ നല്‍കുന്നു.
ഗ്രൂപ്പിസം മുറുകി പല നിയോജകമണ്ഡലങ്ങളിലും സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. അയിലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ഐ ഗ്രൂപ്പുകാരനായ വിനോദിനെ എ ഗ്രൂപ്പ് നേതാവും നെന്മാറ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ കുഞ്ഞുമോന്‍ വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചതായും വാഹനം അടിച്ച് തകര്‍ത്തതായും ആക്ഷേപമുണ്ട്.
പാളയം പ്രദീപിന് നേരെയും ആക്രമണമുണ്ടായി. ഇരു കൂട്ടരും പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.