Connect with us

Wayanad

ഗ്രൂപ്പ് ഫാമിംഗിലൂടെ 3551 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി

Published

|

Last Updated

കല്‍പ്പറ്റ: 2012-13 വര്‍ഷം നെല്‍കൃഷി വികസനത്തിനുള്ള സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ക്കായി 227 ലക്ഷം രൂപയും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി 76 ലക്ഷം രൂപയും ചെലവഴിച്ചു. സുസ്ഥിര നെല്‍കൃഷി വികസന പദ്ധതി പ്രകാരം 76,25,000 രൂപ ചിലവഴിച്ചു.

ഈ പദ്ധതിയിലൂടെ 135 ഹെക്ടര്‍ തരിശു ഭൂമിയില്‍ കൃഷി ചെയ്യുന്നതിന് സാധിച്ചു. ഗ്രൂപ്പ് ഫാമിംഗിലൂടെ 3551 ഹെക്ടര്‍ സ്ഥലത്തും കൃഷിചെയ്തു.സര്‍ക്കാര്‍ നെല്ലു സംഭരണം ഏര്‍പ്പെടുത്തിയത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വയനാടന്‍ നെല്‍ കര്‍ഷകരുടെ ജീവിതത്തില്‍ സാരമായ മാറ്റമുണ്ടാക്കി.
നെല്ല് സംഭരണം തുടങ്ങിയതോടെ കുട്ടനാടന്‍ മേഖലയിലെ കര്‍ഷകരെപ്പോലെ വയനാടന്‍ കര്‍ഷകര്‍ക്കും പ്രതേ്യക പരിഗണന ലഭിച്ചു തുടങ്ങി. സ്വകാര്യ വിപണിയിലും നെല്ല് വിറ്റാല്‍ കിട്ടുന്ന തുകയില്‍ വര്‍ധനവുണ്ടായി. ഈ വര്‍ഷം കിലോക്ക് 17 രൂപ നിരക്കിലാണ് കര്‍ഷകരില്‍ നിന്ന് നേരിട്ട് സര്‍ക്കാര്‍ നെല്ല് സംഭരിച്ചത്. തരിശായി കിടന്ന ഒട്ടനവധി നെല്‍വയലുകളെ കാര്‍ഷിക രംഗത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇതിലൂടെ സാധിച്ചു. കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ പ്രകാരം ലഭ്യമായ തുകയും ജില്ലയില്‍ കാര്യക്ഷമമായി ചെലവഴിച്ചിരുന്നു. തെങ്ങ്കൃഷി വികസനം,സംയോജിത കീടനിയന്ത്രണം, സുഗന്ധവിള കൃഷി വികസനം, കാര്‍ഷിക വിജ്ഞാന വ്യാപനം, അഗ്രോ സര്‍വ്വീസ് സെന്റര്‍, പച്ചക്കറി വികസനം, രാഷ്ട്രീയ കൃഷി വികാസ് യോജന, വയനാട് പാക്കേജ്, വിലസ്ഥിരതാഫണ്ട് (ഇഞ്ചി കൃഷി ധനസഹായം), രാസവള/കീടനാശിനി ഗുണനിലവാര നിയന്ത്രണം എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ തുക വകയിരുത്തുകയും ചെലവഴിക്കുകയും ചെയ്തു.കാര്‍ഷിക യന്ത്രവല്‍ക്കരണത്തിനും നെല്‍കൃഷി വികസനത്തിനും ബയോഗ്യാസ് വികസനത്തിനുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ ഒരു കോടിയോളം രൂപ ചിലവഴിച്ചു.
കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സൗജന്യ വൈദ്യുതി, നെല്‍കൃഷി ഉല്‍പ്പാദന ബോണസ്, കര്‍ഷക പെന്‍ഷന്‍, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയ്ക്കായും തുക ചിലവഴിച്ചു.കൃഷി വ്യാപനത്തിനും കാര്‍ഷികമേഖലയെ ശാക്തീകരിക്കുന്നതിനുമായി ജില്ലാതല സെമിനാറുകളും കര്‍ഷക സംഗമങ്ങളും കൃഷിവകുപ്പ് ജില്ലയില്‍ സംഘടിപ്പിച്ചിരുന്നു. നാളികേര വികസനത്തിനായി അത്യുല്‍പ്പാദന ശേഷിയുള്ള 11,250 തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു. പച്ചക്കറി കൃഷി വികസനത്തിനായി 125 ഹെക്ടര്‍ സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്തു. വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിനായി 8,000 കിറ്റുകള്‍ വിതരണം ചെതു. മട്ടുപ്പാവില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കി.കാര്‍ഷിക യന്ത്രവല്‍ക്കരണത്തിനായി വിവിധയിനം കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി ജില്ലയിലെ കര്‍ഷക സംഘങ്ങള്‍ക്ക് ട്രാക്ടറുകളും കാര്‍ഷികോപകരണങ്ങളും വിതരണം ചെയ്തു. കാര്‍ഷിക യന്ത്രസാമഗ്രികളും വിത്തിനങ്ങളും ലഭ്യമാക്കുന്ന അഗ്രോബസാര്‍ കല്‍പ്പറ്റയില്‍ ആരംഭിച്ചു.കര്‍ഷകര്‍ക്ക് വേണ്ട പരിശീലനം, പഠനയാത്ര, പ്രദര്‍ശന തോട്ടങ്ങള്‍ തുടങ്ങിയവയ്ക്കായി ആത്മ വഴി 37 ലക്ഷം രൂപയുടെ പരിപാടികള്‍ നടപ്പാക്കി.