Connect with us

Editorial

വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്ക് വേഗം കൂട്ടണം

Published

|

Last Updated

കാലഘട്ടത്തിനനുസൃതമായി മാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയിലും പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തില്‍ രൂപം നല്‍കിയ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം കേരളത്തില്‍ നടപ്പാക്കുന്നതിന് ചര്‍ച്ചകളും കൂടിയാലോചനകളും പലതവണ നടന്നെങ്കിലും പുതിയ അധ്യയന വര്‍ഷാരംഭത്തിലും ഇതുസംബന്ധമായ അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമായില്ല. നിയമം രാജ്യത്തുടനീളം നടപ്പാക്കേണ്ടതാണെങ്കിലും സംസ്ഥാനങ്ങള്‍ക്ക് നിയമത്തിന്റെ അന്തഃസത്ത ചോരാത്തവിധം അവിടങ്ങളില്‍ ചില്ലറ മാറ്റം വരുത്താവുന്നതാണ്. അധ്യാപകരുള്‍പ്പെടെ വിദ്യാഭ്യാസ വിചക്ഷണരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതിനാല്‍ ഘട്ടം ഘട്ടമായേ നടപ്പാക്കാനാകൂവെന്നതാണ് സര്‍ക്കാരിന്റെ പക്ഷം. കുട്ടികളുടെ വീട്ടിലെ പഠന മുറി മുതല്‍ സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങളില്‍ വരെ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ നിയമം ഈ വര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും കേരളീയ സാഹചര്യങ്ങളില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിലെ അപ്രായോഗികതകളാണ് സ്‌കൂള്‍ മാനേജ്‌മെന്റുകളും അധ്യാപക സംഘടനകളും ചൂണ്ടിക്കാട്ടുന്നത്. നിയമത്തിന്റെ ഭാഗമായുള്ള വിദ്യാര്‍ഥി- അധ്യാപക അനുപാതം പുതുക്കി നിശ്ചയിച്ച നടപടി തന്നെ സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കയാണ്. ഇത് പുനഃപരിശോധിക്കുമെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്കും അധ്യാപക സംഘടനാ നേതാക്കള്‍ക്കും സര്‍ക്കാര്‍ ഉറപ്പ് കൊടുത്തിട്ടുള്ളത്.
മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ചില സ്‌കൂളുകളില്‍ ഉയര്‍ന്ന ക്ലാസുകളില്‍ അത്യാവശ്യമായ ഭൗതികസൗകര്യങ്ങള്‍ ഒരുക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയനുസരിച്ച് പ്രഖ്യാപിച്ച പരിപാടികള്‍ വരെ നടപ്പാക്കിയിട്ടില്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ സ്‌കൂളുകളില്‍ പലേടത്തും പ്രാഥമികാവശ്യങ്ങള്‍ നടത്തുന്നതിനു സൗകര്യം പോലുമില്ല. ഉള്ളിടത്താകട്ടെ പരിമിതവുമാണ്.
നാല്‍പ്പത് വിദ്യാര്‍ഥികള്‍ക്ക് ഒരു മൂത്രപ്പുരയും 120 പേര്‍ക്ക് ഒരു കക്കൂസും വേണമെന്നതാണ് മാനദണ്ഡം. എന്നാല്‍ സംസ്ഥാനത്ത് 7809 മൂത്രപ്പുരകളുടെയും 539 കക്കൂസുകളുടെയും കുറവുണ്ടെന്നാണ് വിവരം. ആദിവാസി മേഖലകളിലുള്ള വിദ്യാലയങ്ങളില്‍ സ്ഥിതി ഇതിലും ദയനീയമാണ്. സര്‍വശിക്ഷാ അഭിയാന്‍ പോലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനായി ഒഴുക്കിയത്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു കിട്ടുന്നതുപോലെയുള്ള സാമ്പത്തിക സഹായം എയ്ഡഡ് മേഖലയിലുള്ള സ്‌കൂളുകള്‍ക്ക് കിട്ടുന്നില്ലെങ്കിലും അതത് സ്‌കൂള്‍ മാനേജ്‌മെന്റുകളുടെയും അധ്യാപക, രക്ഷാകര്‍തൃ സമിതിയുടെയും ശ്രമഫലമായി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവയുടെ പ്രവര്‍ത്തനത്തെ ഏറെ സഹായിക്കുന്നുണ്ട്. നാമമാത്രമായ സര്‍ക്കാര്‍ ഗ്രാന്റ് മാത്രം ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുമുണ്ട്.
കേരള വിദ്യാഭ്യാസ ചട്ടം നിലവില്‍ വന്ന 1959ല്‍ നിശ്ചയിച്ച നിരക്കിലാണ് അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഗ്രാന്റ് ലഭിക്കുന്നത്. സ്‌കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി, പെയിന്റിംഗ്, പുതിയ ബ്ലോക്കുകളുടെ നിര്‍മാണം എന്നിവക്ക് ഇത് തികച്ചും അപര്യാപ്തമാണ്. ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഫണ്ട് സ്‌കൂള്‍ വികസനത്തിനായി ലഭ്യമാകുന്നതിനാല്‍ ചില സ്ഥലങ്ങളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ട്.
മൂന്ന് വര്‍ഷം മുമ്പാണ് കേരളത്തിലെ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ച് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചത്. 2010 ജൂണില്‍ ഹൈക്കോടതി നല്‍കിയ ഉത്തരവില്‍ ഒരു വര്‍ഷം കഴിഞ്ഞാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. അപ്പോഴേക്കും ഒരു അധ്യയന വര്‍ഷം കടന്നുപോയിരുന്നു. മതിയായ സമയം അനുവദിച്ചിട്ടും പകുതി സ്‌കൂളുകളില്‍ പോലും പൂര്‍ണമായ സൗകര്യം ഒരുക്കാന്‍ ഇനിയും സര്‍ക്കാറിനു കഴിഞ്ഞിട്ടില്ല.
വിജയ ശതമാനം ഉയര്‍ത്തിക്കാട്ടി മാത്രം വിദ്യാഭ്യാസ മേഖലയിലെ മികവ് തെളിയിക്കാനാകില്ല. വിജ്ഞാന സമ്പാദനത്തിനും വ്യക്തിത്വ രൂപവത്കരണത്തിനും സാഹചര്യമില്ലാതെ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍ക്കു മാത്രമല്ല, അവര്‍ ജീവിക്കുന്ന സമൂഹത്തിനും യാതൊരു പ്രയോജനവുമുണ്ടാകാന്‍ പോകുന്നില്ല. മറ്റു കാര്യങ്ങളില്‍ നാം കാട്ടുന്ന ശുഷ്‌കാന്തിയും കാര്യബോധവും നാളത്തെ പൗരനെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ മേഖലക്ക് നല്‍കുന്നുണ്ടോയെന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഭരണ-പ്രതിപക്ഷ സങ്കുചിതത്വങ്ങള്‍ മാറ്റിവെച്ച് വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മക്ക് യോജിച്ചുള്ള നീക്കമാണാവശ്യം. ഒപ്പം, സ്‌കൂളുകളുടെ പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തീവ്രയത്‌ന പരിപാടിക്കും തുടക്കമിടണം.

Latest