Connect with us

Wayanad

പരിസ്ഥിതിലോല മേഖല: ഭൂരിഭാഗം പഞ്ചായത്തുകളും നിര്‍ദേശം പാലിച്ചില്ല

Published

|

Last Updated

മാനന്തവാടി: പരിസ്ഥിത ലോല മേഖല പ്രഖ്യാപിക്കുന്നതു സംബന്ധിച്ച ഗ്രാമപ്പഞ്ചായത്തുകളുടെ അഭിപ്രായം അറിയക്കാനാവശ്യപ്പെട്ട് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശം ഭൂരിഭാഗം പഞ്ചായത്തുകളും പാലിച്ചില്ല.
മൂന്നുമാസം മുമ്പാണ് അടിയന്തിര ഭരണസമിതി വിളിച്ചു ചേര്‍ത്ത് അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഗ്രമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. പഞ്ചായത്ത് ഡയറക്ടറുടെ ജനുവരി 22 ലെ കത്തു പ്രകാരമാണ് ജില്ലാ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഫെബ്രുവരി 11ന് ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കത്തയച്ചത്. വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റും പാരിസ്ഥിതിക സംവേദക മേഖലകള്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് അടിയന്തിര ഭരണസമിതി വിളിച്ചു ചേര്‍ത്ത് അഭിപ്രായങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഇക്കോ സെന്‍സിറ്റീവിനെകുറിച്ചുള്ള ചീഫ് വൈല്‍ഡ് വാര്‍ഡന്റെ വിശദീകരണ കുറിപ്പും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ട മാര്‍ഗ രേഖയും കത്തിനൊപ്പം അയച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാറിന് കൈമാറുകയായിരുന്നു ലക്ഷ്യം. എന്നാല്‍, മൂന്നുമാസം കഴിഞ്ഞിട്ടും മറുപടി നല്‍കിയത് 10 പഞ്ചായത്തുകള്‍ മാത്രമാണ്. വെള്ളമുണ്ട, മുട്ടില്‍, കണിയാമ്പറ്റ, തരിയോട്, വൈത്തിരി,പടിഞ്ഞാറത്തറ, മേപ്പാടി,തിരുനെല്ലി, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളാണ് മറുപടി നല്‍കിയത്. പടിഞ്ഞാറത്തറ പഞ്ചായത്ത് ഈ വിഷയത്തില്‍ ഗ്രാമസഭ വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്തശേഷം അഭിപ്രായം അറിയിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതു പ്രകാരം ഗ്രാമസഭകള്‍ പൂര്‍ത്തിയായിട്ടു 20 ദിവസമായെങ്കിലും നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഭരണസമിതി തയ്യാറായിട്ടില്ല.
ഗഡ്ഗില്‍ സമിതി റിപോര്‍ട്ട് അടക്കം ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്തത് പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് മാത്രമാണ്. ഏതാനു ചില നിര്‍ദേശങ്ങള്‍ മാറ്റിനിര്‍ത്തി ശിപാര്‍ശ നടപ്പിലാക്കണമെന്നാണ് ഗ്രാമസഭകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ രീതിയില്‍ എല്ലാ ഗ്രാമപ്പഞ്ചായത്തുകളും ഗ്രാമസഭകളില്‍ വിഷയം ചര്‍ച്ച ചെയ്ത് ക്രോഡീകരിക്കുന്ന പക്ഷം ജനങ്ങളുടെ ആശങ്ക അകറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍, ഡപ്യൂട്ടി ഡയറക്ടറുടെ കത്തിന് മറുപടി നല്‍കാന്‍ പോലും മിക്ക പഞ്ചായത്തുകളും തയ്യാറായിട്ടില്ല. പാരിസ്ഥിതിക മേഖലയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം പറയാനുള്ള വേദിയാണ് ഇതിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്.

 

Latest