ബീമാപള്ളി: അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തണം

Posted on: May 19, 2013 6:37 am | Last updated: May 19, 2013 at 6:37 am
SHARE

siraj copy2009 മെയ് 17നായിരുന്നു ആറ് പേരുടെ മരണത്തിനും അമ്പതില്‍ പരം പേര്‍ക്ക് മാരകമായ പരുക്കേല്‍ക്കാനുമിടയാക്കിയ ബീമാ പള്ളിയിലെ പോലീസ് നരനായാട്ട്. മുസ്‌ലിംകളാണ് വെടിവെപ്പില്‍ മരിച്ചവരും പരുക്കേറ്റവരുമെല്ലാം. യാതൊരു പ്രകോപനവുമില്ലാതെ നടന്ന അന്നത്തെ പോലീസ് വെടിവെപ്പിന്റെ കാരണം ഇന്നും ദൂരൂഹമാണ്. നാല് വര്‍ഷം പിന്നിട്ടിട്ടും സംഭവത്തെക്കുറിച്ച് നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം എവിടെയുമെത്തിയിട്ടുമില്ല.
സംഭവം നടന്ന ഉടനെ ചേര്‍ന്ന മന്ത്രിസഭാ യോഗം ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതനുസരിച്ച് തിരുവനന്തപുരം ജില്ലാ ജഡ്ജി കെ രാമകൃഷ്ണന്‍ അന്വേഷണം നടത്തി ഒരു വര്‍ഷം മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ മറച്ചു വെക്കുകയുമാണ്. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതാണ് റിപ്പോര്‍ട്ടിലെ വിവിരങ്ങള്‍ പുറത്തു വിടുന്നതിന് തടസ്സമെന്നാണ് സര്‍ക്കാര്‍ ഭാഷ്യമെങ്കിലും വെടിവെപ്പിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെതിരായ ശക്തമായ പരാമര്‍ശമാണ് റിപ്പോര്‍ട്ട് തമസ്‌കരിക്കാനുള്ള ശ്രമത്തിന് പിന്നിലെന്നാണറിയുന്നത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചാല്‍ ആറ് മാസത്തിനകം തുടര്‍നടപടി റിപ്പോര്‍ട്ട് സഹിതം നിയമസഭയുടെ മേശപ്പുറത്ത് വെക്കണമെന്ന ചട്ടം സര്‍ക്കാര്‍ ഇവിടെ ലംഘിച്ചിരിക്കുന്നു. ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വെച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെ ആഭ്യന്തര മന്ത്രി പറഞ്ഞത്. എങ്കില്‍ എന്തുകൊണ്ടാണ് അതിലെ വിവരങ്ങള്‍ പുറത്തുവിടാന്‍ ഭയം? വെടിവെപ്പിന് രണ്ട് ദിവസം മുമ്പേ ഉടലെടുത്തതാണ് അതിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍. പോലീസിന് ഈ വിവരം അന്നേ ലഭിച്ചിരുന്നുവെന്നും തക്ക സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ വെടിവെപ്പ് ഒഴിവാക്കാമായിരുന്നു എന്നും ആരോപണമുണ്ട്.
അസി. പോലീസ് കമ്മീഷണര്‍ സി ജി സുരേഷ് കുമാര്‍, ഡി വൈ എസ് പി. ഇ ശറഫുദ്ദീന്‍ എന്നിവരാണ് വെടിവെപ്പിന് നേതൃത്വം നല്‍കിയത്. ബീമാ പള്ളി വെടിവെപ്പില്‍ ശാരീരികമായെന്ന പോലെ മാനസികമായും ആഘാതമേറ്റ ഒരു ജനതയുടെ മുറിവില്‍ മുളക് പുരട്ടുന്ന നിലപാടാണ് സംഭവത്തിന് നേതൃത്വം നല്‍കിയ ഈ പോലീസുദ്യോഗസ്ഥരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നീട് അനുവര്‍ത്തിച്ചത്. മേലധികാരികളുടെ ഉത്തരവില്ലാതെയായിരുന്നു വെടിവെപ്പെന്ന പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്ത ഇവരെ നാല് മാസത്തിന് ശേഷം സ്ഥാനക്കയറ്റത്തോടെ ജോലിയില്‍ സര്‍ക്കാര്‍ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.
കേസന്വേഷണത്തിലെ ശാസ്ത്രീയ, സാങ്കേതിക സംവിധാനങ്ങള്‍ കേരള പോലീസിന്റെ മികവ് വര്‍ധിപ്പിക്കുകയും ,അടുത്ത കാലത്തായി പ്രമാദമായ പല കേസുകളും റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും ബീമാ പള്ളി കേസന്വേഷണം എന്തുകൊണ്ടിങ്ങനെ ഇഴഞ്ഞുനീങ്ങുന്നുവെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് വ്യക്തമായ ഉത്തരമില്ല. മാത്രമല്ല, നിഷ്പക്ഷമായ അന്വേഷണത്തിലൂടെ വസ്തുത പുറത്തു കൊണ്ടുവരികയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്നതിന് പകരം നിരപരാധരായ ആറ് പേരെ കൊന്നൊടുക്കിയ സംഭവത്തിനുത്തരവാദികളായ പോലീസ് മേധാവികളെ രക്ഷിക്കാനുള്ള കള്ളക്കളികളാണോ െ്രെകം ബ്രാഞ്ച് നടത്തുന്നതെന്ന് സംശയം ജനിപ്പിക്കുന്നതാണ് അവരുടെ നീക്കങ്ങള്‍. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ പോലീസുകാര്‍ക്കെതിരായ കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. 2011 ഏപ്രിലില്‍ നല്‍കിയ ഈ ഹരജി കോടതി നിരാകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യവുമായി അവര്‍ വീണ്ടും കോടതിയിലെത്തുകയുണ്ടായി. ക്രൈം ബ്രാഞ്ചിന്റെ ഈ നീക്കത്തിന് ആഭ്യന്തര വകുപ്പിന്റെ പിന്തുണയുണ്ടാകാതെ തരമില്ല. എന്താണ് കൊലക്കുറ്റത്തിന് പ്രതിചേര്‍ക്കപ്പെട്ട പോലീസുദ്യോഗസ്ഥരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാറിന് ഇത്ര താത്പര്യം? വെടിവെപ്പില്‍ പരുക്കേറ്റ പലരും അവയവങ്ങള്‍ നഷ്ടപ്പെട്ടും മാരകമായ മറ്റ് അസുഖങ്ങളാലും ജീവച്ഛവങ്ങളായി കഴിയുകയാണ്. എന്തേ ഇവര്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ സര്‍ക്കാറിന് താത്പര്യമില്ലാതെ പോയി?
ബീമാ പള്ളി സംഭവത്തിന് വര്‍ഗീയച്ഛായ ഇല്ലെന്നും അങ്ങനെ വരുത്താനുള്ള ശ്രമം നടക്കുന്നതായും അധികൃതരുടെ ഭാഗത്തു നിന്ന് പരാമര്‍ശമുണ്ടായിരുന്നു. അതെന്തായാലും സംഭവത്തിനിരയായവര്‍ അന്ന് പാലിച്ച സംയമനം അഭിനന്ദനാര്‍ഹമായിരുന്നു. സമാനമായ സംഭവങ്ങളില്‍ നാട് കത്തിയെരിഞ്ഞ അനുഭവം മുമ്പിലുണ്ട്. എന്നിട്ടും തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നതിലാണ് അവര്‍ക്കിന്ന് ദുഃഖം.