എസ് ഐയെ അക്രമിച്ച പ്രതികള്‍ ഒളിവില്‍

Posted on: May 18, 2013 6:00 am | Last updated: May 17, 2013 at 10:18 pm

s.iനീലേശ്വരം: എസ് ഐയെ ക്രൂരമായി മര്‍ദിക്കുകയും പണവും മൊബൈലും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റുചെയ്യാന്‍ പോലീസിനു കഴിഞ്ഞില്ല. പയ്യന്നൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പട്ടേനയിലെ ബാലകൃഷ്ണനെയാണ് കഴിഞ്ഞ ശനിയാഴ്ച തലയടുക്കം-വേളൂരില്‍ വെച്ച് ആറംഗസംഘം ആക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആദ്യം കേസ് ചാര്‍ജ് ചെയ്യാന്‍ പോലും പോലീസ് തയ്യാറായിരുന്നില്ല. പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് ദിനേശന്‍, നാന്ദിയടുക്കത്തെ സജേഷ്, ഓമച്ചേരിയിലെ രാജേഷ്, വാളൂരിലെ പത്മേഷ്, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
കാഞ്ഞങ്ങാട്ടുനിന്ന് ചിറ്റാരിക്കാല്‍ ബസില്‍ കയറിയ ബാലകൃഷ്ണന്‍ ബസിലുറങ്ങിപ്പോയതുകൊണ്ട് തലയടുക്കം വേളൂരില്‍ ഇറങ്ങുകയായിരുന്നു. അവിടെനിന്ന് നീലേശ്വരത്തേക്ക് ബസുണ്ടോയെന്ന് ചോദിച്ചതിനെതുടര്‍ന്നാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ക്ക് വേണ്ടി കരിന്തളം വാളൂരില്‍ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ആരോപണമുണ്ട്.