എന്‍ പി ആര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ സ്വകാര്യ കമ്പനി പീഡിപ്പിക്കുന്നു

Posted on: May 15, 2013 2:05 am | Last updated: May 15, 2013 at 2:05 am
SHARE

കാളികാവ്: എന്‍ പി ആര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ സ്വകാര്യ കമ്പനി പീഡിപ്പിക്കുന്നു. മതിയായ വേതനം നല്‍കാതെയും , അമിത ജോലി അടിച്ചേല്‍പ്പിച്ചുമാണ് ഇവരെ പീഡിപ്പിക്കുന്നത്. ല്‍കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ച എന്‍ പി ആര്‍ എന്റോള്‍മെന്റ് ആദ്യ മാസങ്ങളില്‍ കൃത്യമായി ശമ്പളം കവറില്‍ പേരെഴുതി നല്‍കിയിരുന്നു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും രണ്ട് തരം കൂലിയാണ് ഇപ്പോഴും നല്‍കുന്നത്.

പുരുഷന്‍മാര്‍ക്ക് 7500 രൂപയും, സ്ത്രീകള്‍ക്ക് 6000 രൂപയുമാണ് കൂലി നല്‍കുന്നത്. പാലക്കാട് ഐ ടി ഐ ക്ക് സര്‍ക്കാര്‍ നല്‍കിയ കരാറില്‍നിന്ന് സബ്‌കോണ്‍ട്രാക്ട് നല്‍കിയ സ്വകാര്യകമ്പനി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാറെ പീഡിപ്പിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
അപ്പോയിന്റ് മെന്റ് ഓര്‍ഡര്‍ പോലും നല്‍കാതെ, 12000 രൂപ നല്‍കുമെന്ന് പറഞ്ഞാണ് നിയമനം നടത്തിയതെന്നും എന്നാല്‍ പിന്നീട് അതിന്റെ പകുതി പോലും നല്‍കിയിട്ടില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. പരസ്യമായി പ്രതികരിച്ചാല്‍ പിരിച്ചുവിടുമെന്ന് ഭീഷണിയുള്ളതിനാല്‍ പലരും ഇത് തുറന്ന് പറയാന്‍ തയ്യാറല്ല. എല്ലാപ്രശ്‌നങ്ങളും മാറ്റിവെച്ച് എന്‍ പി ആറിന് എത്തിയ ജനങ്ങളുടെ വക ശകാരങ്ങളും, തൊഴിയും വേറെയും ഇക്കൂട്ടര്‍ക്ക് തന്നെ.
പ്രശ്‌നങ്ങളുണ്ടായാല്‍ ഇടപെടാന്‍ ചുമതലപ്പെട്ടവര്‍ ഒളിച്ചോടുന്നതായും ആരോപണമുണ്ട്. കൂടാതെ അവധി ദിവസത്തിന് അവധിക്ക് പുറമെ മാസത്തില്‍ പുറമെ ഒരു ദിവസത്തെ വേതനം കട്ട് ചെയ്യുന്നതായും ഇവര്‍ ആരോപിക്കുന്നു. നികുതി അടക്കാനാണ് ഈ ഒരു വേതനം പിടിച്ച് വെക്കുന്നതെന്നാണ് ഉന്നതര്‍ പറയുന്നത്.
ആദ്യമാസങ്ങളില്‍ കൃത്യമായി ശമ്പളം കിട്ടിയിരുന്നവര്‍ പിന്നീട് ദിവസങ്ങളോളം വൈകിത്തുടങ്ങിതിനാലാണ് സമരം ചെയ്യേണ്ടി വന്നത്. ആദ്യ മാസങ്ങളില്‍ 60 പേരെയാണ് എന്റോള്‍ ചെയ്തിരുന്നത്. എന്നാല്‍ അത് ഇപ്പോള്‍ 150 വരേ ആയിട്ടുണ്ട്. ഇരട്ടിയിലധികം അധ്വാന ഭാരവും സമയവും ജോലിചെയ്യാന്‍ നിര്‍ബന്ധിതമാകുമ്പോഴും കൂലി ലഭിക്കാന്‍ സമരം ചെയ്യേണ്ട ഗതികേടിലാണ് ഇവര്‍.