ചരിത്രത്തെ പുനര്‍നിര്‍മിച്ച ഡോ. എം എസ് ജയപ്രകാശ്‌

Posted on: May 14, 2013 6:00 am | Last updated: May 13, 2013 at 11:02 pm

jayaprakashഡോ. എം എസ് ജയപ്രകാശ് ഒരു ചരിത്രകാരന്‍ മാത്രമായിരുന്നില്ല. പ്രചരിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്ത ചരിത്രം വ്യാജ ചരിതമാണെന്നും യഥാര്‍ഥ ചരിത്രം ബോധപൂര്‍വം തമസ്‌കരിക്കപ്പെട്ടുവെന്നും അദ്ദേഹം സധൈര്യം പറയുക മാത്രമല്ല, യഥാര്‍ഥ ചരിത്ര വസ്തുതകള്‍ വ്യക്തികളേയും സംഭവങ്ങളേയും ആസ്പദമാക്കി പുനര്‍രചിക്കുക കൂടി ചെയ്തു.

ബഹുഭൂരിപക്ഷം വരുന്ന കീഴാളരുടെയും താഴ്ത്തപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടേയും ചരിത്രത്തില്‍ പ്രകാശിതമാകാത്ത പങ്കും അവരുടെ ശബ്ദവും അദ്ദേഹം പുനര്‍നിര്‍മിച്ചു. മഹത്തായ ഈ ദൗത്യം വീറോടും വാശിയോടും ഒരു നിയോഗം പോലെ അദ്ദേഹം അവസാന ശ്വാസം വരെ തുടര്‍ന്നു. തന്റെ നിലപാടുകളിലും വിശ്വാസങ്ങളിലും ഒരു ഒത്തുതീര്‍പ്പിനും അദ്ദേഹം തയ്യാറായില്ല. വ്യക്തിപരമായി സൗമ്യനും ശാന്തപ്രകൃതിയുമായിരുന്ന അദ്ദേഹം എഴുത്തിലും പ്രസംഗ വേദിയിലും അതികര്‍ക്കശനും ജ്വലിക്കുന്ന കലാപകാരിയുമായിരുന്നു.
അദ്ദേഹത്തിന്റെ ഓരോ ലേഖനവും പുതിയ അറിവുകള്‍ നിറഞ്ഞ സര്‍ഗാത്മക രചനകളായിരുന്നു. ചൂരും ചൂടുമുള്ള വാദമുഖങ്ങള്‍ നിറഞ്ഞ അവക്ക് ചാട്ടവാറിന്റെ പ്രഹരശേഷിയുണ്ടായിരുന്നു.
ചരിത്രത്തേയും സംഭവങ്ങളേയും വ്യക്തികളെയും പുനര്‍നിര്‍മിക്കാന്‍ അദ്ദേഹം ആധാരമാക്കിയത് തന്റെ ഗവേഷണത്തില്‍ നിന്ന് കിട്ടിയ പുതിയ പുതിയ കണ്ടെത്തലുകളായിരുന്നു.
അദ്ദേഹത്തിന്റെ രചനാ രീതിയും ഭാഷയും അതിതീക്ഷ്ണമായിരുന്നു. ആ തീക്ഷ്ണതയുടെ ചൂടില്‍ ചരിത്രത്തിലെ ഏടുപ്പുകള്‍ കരിഞ്ഞമരുന്നതു കാണാം. ഇത്രയേറെ പ്രതിബദ്ധതയുള്ള ചരിത്രകാരന്മാര്‍ അധികമുണ്ടാവില്ല.
ഒരു പ്രസാധകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആകസ്മികമായ വേര്‍പാട് എനിക്ക് ഒരു തീരാനഷ്ടം തന്നെയാണ്. ശ്രദ്ധേയങ്ങളായ അദ്ദേഹത്തിന്റെ ഒട്ടേറെ രചനകള്‍ക്ക് ഇടം നല്‍കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. ഞങ്ങളുടെ ഈ പ്രിയപ്പെട്ട സുഹൃത്തിന്റെ ഓര്‍മക്ക് മുന്നില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു.