Connect with us

Gulf

സൂപ്പര്‍മാര്‍കറ്റ് ജീവനക്കാരനെ കബളിപ്പിച്ച് യുവാവ് പണവുമായി കടന്നു

Published

|

Last Updated

അജ്മാന്‍: സൂപ്പര്‍മാര്‍കറ്റില്‍ സാധനം ആവശ്യപ്പെട്ടെത്തിയ യുവാവ് ജീവനക്കാരനെ കബളിപ്പിച്ച് പണവുമായി കടന്നു. അജ്മാന്‍ നുഅയിമിയിലാണ് സംഭവം. നുഅയിമിയ ടവറിലെ ഹിലാല്‍ അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് കബളിപ്പിക്കപ്പെട്ടത്. സംഭവത്തെ കുറിച്ച് ഉടമ കാസര്‍കോട് പൂച്ചക്കാട് സ്വദേശി മുഹമ്മദ് കുഞ്ഞി പറയുന്നതിങ്ങനെ.

രാവിലെ 10 മണിയോടെ പാന്റസും ടിഷര്‍ട്ടും ധരിച്ച 30 വയസ്സിനു താഴെയുള്ള അറബ് പൗരനാണെന്ന് തോന്നിക്കുന്ന യുവാവ് കടയിലെത്തി കോണ്‍ ഫഌക്‌സും അഞ്ച് ദിര്‍ഹം വിലയുള്ള വലിയ ബോട്ടില്‍ വെള്ളവും വാങ്ങി. ഇവ കടയുടെ തൊട്ടടുത്തുള്ള തന്റെ താമസ സ്ഥലത്തേക്ക് എത്തിച്ചു തരണമെന്നു ആവശ്യപ്പെട്ടു. ഒപ്പം ആയിരം ദിര്‍ഹത്തിന്റെ ചില്ലറയും കൊടുത്തു വിടണമെന്ന് നിര്‍ദ്ദേശിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു സാധനം എത്തിച്ചത്. മുറി തുറക്കാതിരുന്നതിനാല്‍ പുറത്താണ് സാധനം വെച്ചത്. ചില്ലറ വാങ്ങിയ യുവാവ് ജീവനക്കാരനോട് പെപ്‌സിയും വെള്ളവും കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആയിരം ദിര്‍ഹത്തിനു നോട്ട് ആവശ്യപ്പെട്ടപ്പോള്‍ താഴെ നിര്‍ത്തിയിട്ടുള്ള കാറിലാണ് പണമെന്ന് ജീവനക്കാരനെ അറിയിച്ചു. തുടര്‍ന്നു ഇരുവരും താഴെ എത്തി. ഇതിനിടെ ജീവനക്കാരന്‍ തന്നെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് തടഞ്ഞു. ഇതേ തുടര്‍ന്നു പെപ്‌സി എടുക്കാനായി ജീവനക്കാരന്‍ കടയിലേക്ക് തിരിച്ച തക്കം നോക്കി യുവാവ് രക്ഷപ്പെടുകയായിരുന്നു. കടയില്‍ തിരക്കുള്ളപ്പോഴാണ് യുവാവ് എത്തിയത് എന്ന് മുഹമ്മദ് കുഞ്ഞി പറഞ്ഞു.

ഇയാളുടെ ചിത്രം കടയില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരിക്കുന്നു. ഈ ദൃശ്യം പോലീസിനു കൈമാറിയിട്ടുണ്ടെന്ന് മുഹമ്മദ് കുഞ്ഞി അറിയിച്ചു. അടുത്തിടെ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ സാധനം ആവശ്യപ്പെട്ടു എത്തിയ സംഘം കടകളിലെ മേശ വലിപ്പുകളില്‍ നിന്നു പണം കവര്‍ന്ന് രക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

ചെറുകിട വ്യാപാര കേന്ദ്രങ്ങളിലായിരുന്നു ഇത്തരം സംഭവം നടത്തിയിരുന്നത് . ഇതു സംഭവിച്ച് സിറാജ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

 

 

Latest