അവകാശികളില്ലാതെ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ അബുദാബി മോര്‍ച്ചറിയില്‍

Posted on: May 9, 2013 6:58 pm | Last updated: May 9, 2013 at 6:58 pm
SHARE

അബൂദാബി: അവകാശികളില്ലാതെ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ മാസങ്ങളായി മോര്‍ച്ചറിയില്‍. അബൂദാബിയിലെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. ബഹ്‌റ കുമാര്‍ (38), അര്‍വീന്ദര്‍ സിംഗ് ധുര്‍മിംഗ് സിംഗ് (27) എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് ഇന്ത്യന്‍ സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു. മരിച്ചവരുടെ മേല്‍ വിലാസമോ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകളോ ലഭ്യമല്ല. ഇവരുടെ മൃതദേഹങ്ങള്‍ ആവശ്യപ്പെട്ട് സുഹൃത്തുക്കളോ ബന്ധുക്കളോ എത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഹൃദയാഘാതം മൂലമാണ് ഇരുവരും മരിച്ചത്. കുമാര്‍ 2012 ജൂണ്‍ 12നും സിംഗ് 2012 ഡിസംബര്‍ 25നുമാണ് മരണപ്പെട്ടത്. ഇതുവരേയും അവകാശികള്‍ എത്താത്തതിനാല്‍ മൃതദേഹം മറവ് ചെയ്യാനായി കോടതിയുടെ അനുമതി തേടിയിരിക്കുകയാണ് ആശുപത്രി അധികൃതര്‍. കോടതി അനുമതി ലഭിച്ചാലുടനെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.