മുഖ്യമന്ത്രി സ്ഥാനത്തിന് ചരടുവലി മുറുകി

Posted on: May 9, 2013 8:18 am | Last updated: May 9, 2013 at 8:21 am
SHARE
CM_THDVR_1451641f
സിദ്ധരാമയ്യ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്‌ലി എന്നിവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (ഫയല്‍ ചിത്രം)

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കും എന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായേക്കും.
ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ട കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി പരമേശ്വര തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യ, കേന്ദ്ര മന്ത്രിമാരായ വീരപ്പ മൊയ്‌ലി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
മുഖ്യമന്ത്രി പദത്തിലെത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, താന്‍ അതിന് അനുയോജ്യനാണെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും പറഞ്ഞ് ഖാര്‍ഗെ തന്റെ ‘ആഗ്രഹം’ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
സിദ്ധരാമയ്യ കാര്യങ്ങള്‍ തുറന്നു തന്നെ പറഞ്ഞു. ‘മുഖ്യമന്ത്രി പദത്തിലേക്ക് താന്‍ ശക്തനായ മത്സരാര്‍ഥി’യാണെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞ അദ്ദേഹം, ഇക്കാര്യത്തില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് കൂട്ടിച്ചേര്‍ത്തു. ആറ് വര്‍ഷം മുമ്പ് ജനതാദള്‍ എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പിന്നാക്ക സമുദായക്കാരനായ സിദ്ധരാമയ്യക്കും ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.