Connect with us

Malappuram

മഞ്ചേരി സ്റ്റേഡിയത്തിന് പ്രതീക്ഷയുടെ ചിറക് മുളക്കുന്നു

Published

|

Last Updated

മഞ്ചേരി: കായിക പ്രേമികളുടെ ചിരകാലാഭിലാഷമായ മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ അക്കാഡമി ആന്റ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പ്രതീക്ഷയുടെ ചിറകില്‍. അടുത്തവര്‍ഷം ജനുവരിയില്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ഈ മാസം 11ന് സ്‌പോര്‍ട് വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കായിക സമുച്ചയം സന്ദര്‍ശിക്കാനെത്തും. ഇഴഞ്ഞു നീങ്ങുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതോടെ അതിവേഗ ട്രാക്കില്‍ ഓടുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കായിക പ്രേമികള്‍.
തലനാരിഴക്കാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ ഈ കായിക സമുച്ചയത്തിന് നഷ്ടമായത്. സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് സ്റ്റേഡിയം പര്യാപ്തമാണോയെന്ന് പരിശോധിക്കുന്നതിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ മഞ്ചേരി പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. മത്സരങ്ങള്‍ ക്രോഡീകരിക്കുന്ന എ ഐ എഫ് എഫ് പ്രതിനിധി സഞ്ജയ് കുമാര്‍, കെ എഫ് എ സെന്‍ട്രല്‍ കമ്മറ്റി അംഗം അഡ്വ. പി കെ അബ്ദുര്‍റഹ്മാന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് എസ് കെ ഉണ്ണി, ഡി എഫ് എ പ്രസിഡന്റ് എം മുഹമ്മദ് സലീം എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. എന്നാല്‍ ഉദ്ദേശിച്ച വേഗതയില്‍ പണി പൂര്‍ത്തിയാക്കാനാവില്ലെന്ന് കണ്ടെത്തിയാണ് മത്സരം കായിക സമുച്ചയത്തിന് നഷ്ടമായത്.
എന്നാല്‍ ഏറെ വൈകാതെ ദേശീയ പ്രാധാന്യമുള്ള മത്സരങ്ങള്‍ക്ക് ഈ സ്റ്റേഡിയം ആതിഥ്യമരുളുമെന്നാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നല്‍കുന്ന സൂചന. കഴിഞ്ഞ മൂന്നിന് മുഖ്യമന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത സ്‌പോര്‍ട് അക്കാഡമി ഭാരവാഹികളുടെ യോഗത്തില്‍ സ്റ്റേഡിയത്തിന്റെ മിനുക്കു പണികള്‍ക്കായി നാല് കോടി രൂപ അനുവദിച്ചതായി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. സ്റ്റേഡിയത്തിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പ് ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗ്രൗണ്ടില്‍ പുല്ല് വെച്ചു പിടിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. ഗ്യാലറി, പവലിയന്‍, ഡ്രസ്സിംഗ് റൂം എന്നിവയുടെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ടൈല്‍സ് വിരിക്കുക, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങി അവസാന മിനുക്ക് പണികളാണ് പൂര്‍ത്തിയാവാനുള്ളത്.
സ്റ്റേഡിയത്തിന്റെ ത്വരിത ഗതിയിലുള്ള നിര്‍മാണ പുരോഗതിക്ക് വിഘാതമായിട്ടുള്ളത് ഫണ്ടിന്റെ അപര്യാപത്തയാണ്. കരാറുകാരന്റെ ഭീമമായ കുടിശ്ശിക തീര്‍ക്കാനാണ് ഇപ്പോള്‍ നാലു കോടി രൂപ അനുവദിച്ചിട്ടുള്ളത്. രണ്ട് കോടി രൂപയാണ് കരാറുകാരന് നല്‍കാനുള്ളത്. മഞ്ചേരി നഗരസഭയടക്കം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്റ്റേഡിയത്തിന് വാഗ്ദാനം ചെയ്ത തുക ലഭ്യമായാല്‍ പ്രവര്‍ത്തനം ത്വരിതഗതിയിലാകും. ബജറ്റ് വിഹിതമായ ഒരു കോടി രൂപക്കു പുറമെ എം പി, എം എല്‍ എ, ത്രിതല പഞ്ചായത്തുകള്‍ എന്നിവയില്‍ നിന്നും തുക സമാഹരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരായ എ പി അനില്‍കുമാര്‍, വി കെ ഇബ്‌റാഹിം കുഞ്ഞ് എന്നിവര്‍ വാഗ്ദാനം നല്‍കിയിരുന്നു. ഉദ്ഘാടനത്തിന് മുമ്പായി വൈദ്യുതിയും കുടിവെള്ളവും എത്തിക്കും. താല്‍ക്കാലിക വൈദ്യുതി കണക്ഷനും ജല വിതരണവുമാണ് ഇപ്പോള്‍ സ്റ്റേഡിയത്തില്‍ നിലവിലുള്ളത്. വൈദ്യുതിക്കായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കേണ്ടതുണ്ട്. നഗരസഭാ ചെയര്‍മാനായിരുന്ന അസൈന്‍കാരാട്ടാണ് സ്റ്റേഡിയത്തിനുവേണ്ടി പയ്യനാട് 25.2492 ഏക്കര്‍ സ്ഥലം വിലക്കെടുത്തത്. 2009 ഫെബ്രുവരി 28ന് അന്നത്തെ നഗരസഭാധ്യക്ഷ സഫര്‍ ശാന്ത സ്ഥലത്തിന്റെ രേഖ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിക്ക് കൈമാറി. മന്ത്രിയില്‍നിന്നും രേഖ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് തങ്കപ്പന്‍ ഏറ്റുവാങ്ങുകയായിരുന്നു.