Connect with us

Kozhikode

ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

Published

|

Last Updated

ഫറോക്ക്: ചെങ്ങോട്ട്കാവ് മേല്‍ പാലം അറ്റകുറ്റപണിക്കായി അടച്ചിട്ടത് കാരണം ടാങ്കര്‍ ലോറികള്‍ വഴി തിരിച്ചു വിടുന്നതില്‍ പ്രതിഷേധിച്ച് ഐ ഒ സി ഫറോക്ക് ഡിപ്പോയിലെ ടാങ്കര്‍ ലോറി തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. കലക്ടറുടെ ചുമതലയുള്ള എ ഡി എം. കെ പി രമാദേവിയുടെ സാന്നിധ്യത്തില്‍ ഡിപ്പോ അധികൃതരും യൂണിയന്‍ നേതാക്കളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
വടകര, കണ്ണൂര്‍ ഭാഗത്തേക്കുള്ള ലോറികള്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ അത്തോളി, ഉള്ള്യേരി, കൊയിലാണ്ടി വഴി ദേശീയ പാതയിലൂടെ പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇതിലൂടെ പോകുന്ന ടാങ്കര്‍ ലോറികളുടെ വിവരം ട്രാഫിക് പോലീസിന് നല്കാനും നിര്‍ദ്ദേശമുണ്ട്. തിങ്കളാഴ്ച മുതല്‍ ലോറികള്‍ സമരത്തിലായിരുന്നു. അതോടെ മലബാര്‍ മേഖലയില്‍ ഇന്ധന ക്ഷാമം നേരിടുകയും പല പെട്രോള്‍ പമ്പുകളും അടച്ചിടുകയും ചെയ്തിരുന്നു.
ചര്‍ച്ചയില്‍ ഐ ഒ സി ഡിപ്പോ മാനേജര്‍ സി പി നായര്‍, അസി. മാനേജര്‍ ശോഭിത്, യൂണിയന്‍ നേതാക്കളായ എ പത്മനാഭന്‍, പി നിനേഷ് കുമാര്‍, എം പ്രകാശ് കുമാര്‍, പരമേശ്വരന്‍, ദേവരാജന്‍, ഷാലി, സുകുമാരന്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ട് മുതല്‍ ലോറികള്‍ സര്‍വീസ് ആരംഭിച്ചു.

Latest