ടി പി വധക്കേസ് സി ബി ഐ ​അന്വേഷിക്കണം: കേന്ദ്രമന്ത്രി മുല്ലപ്പള്ളി

Posted on: May 4, 2013 3:45 pm | Last updated: May 4, 2013 at 3:46 pm

mullappallyന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരന്‍ വധക്കേസ് സ്വതന്ത്ര എജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടേണ്ടതുണ്ട്. കേസിന്റെ ഒന്നാം ഘട്ടത്തില്‍ അന്വേഷണം വിജയകരമായിരുന്നതുകൊണ്ടാണ് നേരത്തെ സി ബി ഐ അന്വേഷണം വേണ്ടെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികള്‍ നിരന്തരം കൂറുമാറുന്ന സാഹചര്യത്തില്‍ കേസ് സി ബി ഐ തന്നെ അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ടി പിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരെയും യഥാര്‍ഥ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സംഭവവുമായി ഒരു ബന്ധവുമില്ലെന്നാണ് സി പി എം പറയുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ 19 അറിയപ്പെട്ട സി പി എമ്മുകാര്‍ കേസില്‍ പ്രതികളാണ്. ഈ സാഹചര്യത്തില്‍ സി പി എമ്മിന് എങ്ങനെ ഒഴിഞ്ഞുമാറാന്‍ കഴിയുമെന്ന് മന്ത്രി ചോദിച്ചു.

സാക്ഷികളുടെ കൂറുമാറ്റം കൊണ്ട് ഇതിന് മുമ്പ് അറിയപ്പെട്ടത് ബെസ്റ്റ്‌ബേക്കറി കേസാണ്. ആ കേസില്‍ ഒടുവില്‍ സുപ്രീം കോടതി ഇടപെടുകയാണ് ചെയ്തത്. സമാനമായ സാഹചര്യം തന്നെയാണ് ടി പി വധക്കേസിലും നിലവിലുള്ളത്. സംഭവത്തെക്കുറിച്ചുള്ള സി പി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.