മുതിര്‍ന്ന സ്ത്രീകള്‍ക്ക് ബസില്‍ സീറ്റ് റിസര്‍വേഷന്‍ ഇനിയും പ്രാവര്‍ത്തികമായില്ല

Posted on: May 4, 2013 6:00 am | Last updated: May 4, 2013 at 12:23 am

odhisa_women_bus_295കോഴിക്കോട്:ബസുകളില്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമായ സ്ത്രീകള്‍ക്കുള്ള സീറ്റ് റിസര്‍വേഷന്‍ അനുവദിച്ചുള്ള സര്‍ക്കാര്‍ പദ്ധതി ഇനിയും നടപ്പായില്ല. സ്വകാര്യ ബസുകളിലും കെ എസ് ആര്‍ ടി സി ബസുകളിലും 60 വയസ്സിന് മുകളില്‍ പ്രായമായ സ്ത്രീകള്‍ക്ക് പ്രത്യേകം സീറ്റ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍, പല സ്വകാര്യ ബസുകളും ഈ തീരുമാനത്തെ അവഗണിക്കുകയാണ്. ബസിന്റെ മുമ്പിലുള്ള വാതിലിന്റെ തൊട്ടുപിറകിലുള്ള സീറ്റാണ് ഇവര്‍ക്ക് വേണ്ടി അനുവദിച്ചത്. ആ സീറ്റിന്റെ മുകളില്‍ മുതിര്‍ന്ന സ്ത്രീകള്‍ എന്ന് പ്രത്യേകം എഴുതണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍, ഭൂരിഭാഗം സ്വകാര്യ ബസുകളിലും ഇങ്ങനെ എഴുതിയിട്ടില്ല. എഴുതിയ സീറ്റില്‍ പ്രായമായവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ചെയ്തുകൊടുക്കുന്നുമില്ല.
ബസിലെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യം ചെയ്തുകൊടുക്കേണ്ട ചുമതല കണ്ടക്ടര്‍ക്കാണ്. കണ്ടക്ടര്‍മാര്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊടുക്കാന്‍ താത്പര്യം കാണിക്കാറില്ല. അവകാശപ്പെട്ട സീറ്റ് ലഭിച്ചില്ലെന്ന് കാണിച്ച് പ്രായമായ സ്ത്രീകള്‍ പരാതി നല്‍കിയാല്‍ കണ്ടക്ടര്‍ക്കും സീറ്റില്‍ ഇരുന്നവര്‍ക്കും എതിരെ പിഴ ശിക്ഷ ലഭിക്കുമെന്നാണ് നിയമം.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബസ്സുകളില്‍ നേരത്തെ റിസര്‍വേഷന്‍ അനുവദിച്ചിട്ടുണ്ട്. അതിന് പുറമേയാണ് മുതിര്‍ന്ന സ്ത്രീകള്‍ക്കായി പ്രത്യേക റിസര്‍വേഷന്‍ വന്നത്. നേരത്തെ പത്ത് ശതമാനം സീറ്റാണ് ഇവര്‍ക്കായി നീക്കിവെച്ചിരുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് പ്രത്യേക റിസര്‍വേഷന്‍ അനുവദിച്ചതിലൂടെ അത് ഇരുപത് ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
പ്രായമായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം സീറ്റ് റിസര്‍വ് ചെയ്യുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും സ്ത്രീകള്‍ക്ക് ഇപ്പോള്‍ത്തന്നെ റിസര്‍വേഷന്‍ ഉണ്ടെന്നുമാണ് ബസ് തൊഴിലാളികള്‍ പറയുന്നത്.
സീനിയര്‍ സിറ്റിസണ്‍ ലേഡീസ് എന്ന് ഒരു സീറ്റിനും തങ്ങള്‍ പ്രത്യേകം നാമകരണം ചെയ്യില്ലെന്നാണ് പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഭാരവാഹികളും പറയുന്നത്.