Connect with us

Editorial

സിറിയയിലെ ഇടപെടല്‍

Published

|

Last Updated

സിറിയയില്‍ സ്ഥിതി അങ്ങേയറ്റം സങ്കീര്‍ണമാണ്. പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ താഴെയിറക്കാനായി നടക്കുന്ന പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറിയിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ദമസ്‌കസിന്റെ പടിഞ്ഞാറന്‍ മേഖലയായ അല്‍ മാസീഹ് ജില്ലയിലുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ നിന്ന് പ്രധാനമന്ത്രി നാദിര്‍ അല്‍ ഹല്‍ഖി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. സിറിയന്‍ സംഘര്‍ഷം പുതിയ പ്രവണതകളിലേക്ക് കൂപ്പ് കുത്തുന്നതിന്റെ സൂചനയായി വേണം ഈ ആക്രമണത്തെ കാണാന്‍. പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കാന്‍ സൈന്യവും വിമതരും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകളില്‍ നിന്ന് അത് വ്യക്തികളെ തിരഞ്ഞുപിടിച്ച് വകവരുത്തുന്നതിലേക്ക് വഴി മാറിയിരിക്കുന്നു. കഴിഞ്ഞ മാസം പ്രമുഖ സുന്നീ പണ്ഡിതന്‍ മുഹമ്മദ് സഈദി റമദാന്‍ പള്ളിയില്‍ വെച്ച് കൊല്ലപ്പെട്ടപ്പോള്‍ തന്നെ ഈ പ്രവണതക്ക് തുടക്കം കുറിച്ചതാണ്. സര്‍വരും അംഗീകരിക്കുന്ന സമാധാനകാംക്ഷിയായ സാത്വികനായിരുന്നു റമദാന്‍. അറബ് ഇസ്‌ലാമിക ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച, മദ്ഹബുകളുടെ ആവശ്യകത ഉയര്‍ത്തിപ്പിടിച്ച വിശ്വപ്രസിദ്ധനായ പണ്ഡിതനായിരുന്നു അദ്ദേഹം. റമദാന്‍ നടത്തിവന്ന ടെലിവിഷന്‍ പ്രഭാഷണത്തില്‍ സര്‍ക്കാറിനെ പിന്തുണച്ചുവെന്നതാണ് വിമതര്‍ കണ്ട കുറ്റം. ഭരണക്രമം നിലനില്‍ക്കണമെന്നും അരാജക്ത്വം അപകടകരമാണെന്നുമുള്ള തത്വാധിഷ്ഠിത നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
ഇപ്പോള്‍ സിറിയയില്‍ നടക്കുന്നതിനെ ആഭ്യന്തര യുദ്ധമെന്ന് പോലും വിളിക്കാനാകാത്ത സ്ഥിതിയാണ്. വിമത ഗ്രൂപ്പുകള്‍ക്ക് നാറ്റോയുടെയും ചില അറബ് രാജ്യങ്ങളുടെയും തുര്‍ക്കിയുടെയും സഹായമുണ്ട്. ഇസ്‌റാഈല്‍ പോലും ആയുധങ്ങള്‍ എത്തിക്കുന്നുണ്ടെന്നാണ് ചില സമാധാന സംഘടനകള്‍ വ്യക്തമാക്കുന്നത്. അപ്പോള്‍ ഒരു വശത്ത് ബന്ധുബലം കൊണ്ട് അതിശക്തരും അപകടകാരികളുമായി തീര്‍ന്ന വിമതര്‍. മറുവശത്ത് സര്‍ക്കാര്‍ സൈന്യം. ഏകപക്ഷീയമായ ആക്രമണത്തിന്റെ സ്വഭാവത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ബശര്‍ ഭരണകൂടമാകട്ടെ വിമതരെ സായുധമായി നേരിടുമെന്ന ഉറച്ച നിലപാടിലാണ്. ഇദ്‌ലിബ്, ഹംസ്, അലപ്പോ തുടങ്ങിയ പ്രവിശ്യകളില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. വിമതരോ സൈനികരോ അല്ലാത്ത സിവിലിയന്‍മാരാണ് കൊല്ലപ്പെടുന്നവരില്‍ നല്ലൊരു പങ്ക്. അഭയാര്‍ഥികളായി തുര്‍ക്കിയിലേക്കും മറ്റ് അയല്‍ രാജ്യങ്ങളിലേക്കും പലായനം ചെയ്യുന്നവര്‍ ആയിരങ്ങളാണ്. വലിയ മാനുഷിക പ്രതിസന്ധിയിലാണ് രാജ്യം. സമ്പദ്‌വ്യവസ്ഥ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. മനുഷ്യരുടെ സൈ്വര ജീവിതം അസാധ്യമായിരിക്കുന്നു. കൊള്ളയും പിടിച്ചുപറിയും പെരുകുന്നു. ഭരണകൂടത്തിന് നിയന്ത്രണം നഷ്ടപ്പെടുന്ന ഏത് രാഷ്ട്രീയക്രമത്തിന്റെയും ഉപോത്പന്നങ്ങളാണ് ഇവയെല്ലാം. മഹത്തായ ചരിത്രമുള്ള ഒരു രാഷ്ട്രത്തിന്റെ പതനമാണ് അതിവേഗം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യം സംജാതമായതില്‍ നിലവിലുള്ള ഭരണകൂടത്തിന്റെ പങ്ക് ഒട്ടും കുറച്ചുകാണാനാകില്ല. പുറത്തു നിന്നുള്ളവര്‍ക്ക് വന്ന് ഇടപെടാനുള്ള സാധ്യതയൊരുക്കിയതിന്റെ ഉത്തരവാദിത്വം തീര്‍ച്ചയായും ബശര്‍ ഭരണകൂടത്തിന്റെതുകൂടിയാണ്. പക്ഷേ ഇന്നത്തെ ഈ വിഷമവൃത്തത്തില്‍ നിന്ന് രാജ്യത്തെ പുറത്തു കടത്താന്‍ വിമത നേതൃത്വം കൂടി വിചാരിക്കണം. പക്ഷേ, യോജിച്ച നിലയില്‍ ഒരു നേതാവിനെ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ബശര്‍ സ്ഥാനമൊഴിയുന്ന സ്ഥിതിയുണ്ടായാല്‍ സംജാതമാകുന്ന അധികാരശൂന്യത നിറക്കപ്പെടാനുള്ള സാധ്യതയില്ലെന്ന് ചുരുക്കം.
സിറിയയില്‍ നേരിട്ട് ഇടപെടുമെന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മുന്നറിയിപ്പ് പ്രസക്തമാകുന്നത് ഇവിടെയാണ്. സിറിയന്‍ സേന രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തിന്റെ വെളിച്ചത്തിലാണ് ഒബാമയുടെ പ്രതികരണം. “ഇനി കളി മാറു”മെന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞത്. രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ആണയിടുന്നു. യു എന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യക്ഷമായ ഇടപെടലിന് കളമൊരുങ്ങുകയാണ്. ഇനി ഇറാഖിന്റെയും അഫ്ഗാന്റെയും ലിബിയയുടെയും ആവര്‍ത്തനമായിരിക്കും ഉണ്ടാകുക. വംശീയപ്രേരിതമായ പ്രചാരണം നടത്തുന്നവരും ബശറിനെ തകര്‍ക്കാന്‍ ആളും അര്‍ഥവും ഇറക്കുന്നവരും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബ്രദര്‍ഹുഡ് പോലുളളവരും പരോക്ഷമായി ഇസ്‌റാഈല്‍ അടക്കമുള്ള സാമ്രാജ്യത്വ ശക്തികളുടെ സ്വപ്‌നങ്ങള്‍ക്കാണ് സഫലീകരണം നല്‍കുന്നതെന്ന് മനസ്സിലാക്കണം. സിറിയക്ക് ആവശ്യം ആഭ്യന്തരമായ പരിഹാരമാണ്. കൂടിയാലോചനകളിലൂടെ സംഭവിക്കുന്ന ഭരണമാറ്റങ്ങളാണ് അഭികാമ്യം. അതിന് കളമൊരുക്കാന്‍ ഈ ഇടപെടലുകാര്‍ക്ക് സാധിക്കുമോ എന്നതാണ് ചോദ്യം.

 

Latest