ഗേറ്റ്‌വേ സംവിധാനം ഇല്ലാത്തത് വിമാന നിരക്ക് വര്‍ധനവിനു കാരണമെന്ന് ശംസു പെരിയ

Posted on: April 30, 2013 12:59 pm | Last updated: April 30, 2013 at 12:59 pm

ഷാര്‍ജ:രാജ്യാന്തര തലത്തില്‍ വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന ഗേറ്റ് വേ സംവിധാനം കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇല്ലാത്തതാണ് അടിക്കടിയുണ്ടാകുന്ന യാത്രാ നിരക്ക് വര്‍ധനക്കു കാരണമെന്ന് സംവിധായകനും കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റുമായ പി ടി കുഞ്ഞിമുഹമ്മദ് അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ കല്‍ക്കത്ത, ഡല്‍ഹി, മുംബൈ, ചെന്നൈ എന്നീ രാജ്യാന്തര വിമാനത്താവളങ്ങളില്‍ മാത്രമാണ് നിലവില്‍ ഈ സംവിധാനമുള്ളത്. ഇതില്ലാത്തതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് കേരളത്തിലേക്കുമുള്ള നിരക്കും ചേര്‍ത്താണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്. സംവിധാനമുണ്ടായിരുന്നുവെങ്കില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള നിരക്ക് മാത്രമേ ഈടാക്കുമായിരുന്നുള്ളൂവെന്നും എന്നാല്‍ പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്കോ കേരളത്തിലെ ഭരണാധികാരികള്‍ക്കോ ഇത് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റിന്റെ പേരിലുള്ള തീവെട്ടിക്കൊള്ളക്കുള്ള പ്രധാന കാരണം ഇതാണെന്നും പി ടി കൂട്ടിച്ചേര്‍ത്തു.
മാസ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യാത്രക്കാരെ കൊള്ളയടിക്കാന്‍ വേണ്ടി മനഃപൂര്‍വമാണ് ഗേറ്റ് വേ സംവിധാനം നടപ്പിലാക്കാത്തത്. അടിയന്തിരമായി ഈ സംവിധാനം സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധപുലര്‍ത്തണമെന്നും പി ടി അഭ്യര്‍ഥിച്ചു.
പ്രവാസികളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാറുകളാണ് കേന്ദ്രവും കേരളവും ഭരിക്കുന്നത്. ഇതര രാജ്യങ്ങള്‍ അവിടങ്ങളിലെ പ്രവാസികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരെ സഹായിക്കാനും ശ്രമിക്കുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ പ്രവാസികള്‍ക്കു നേരെ മുഖം തിരിക്കുകയാണ്. പ്രവാസിയായ ഒരാളുടെ മൃതദേഹം കഴിഞ്ഞ 20 വര്‍ഷമായി സഊദിയിലെ മോര്‍ച്ചറിയില്‍ കിടക്കുന്നു. കേരളത്തിന്റെ ഇന്നത്തെ വികസനത്തിനും പുരോഗതിക്കും കാരണം പ്രവാസികളാണെന്ന കാര്യം വിസ്മരിക്കരുതെന്നും പി ടി കുഞ്ഞിമുഹമ്മദ് ഓര്‍മിപ്പിച്ചു.
ഒറ്റക്കെട്ടായി നിന്നാലേ പ്രവാസികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂവെന്ന് തുടര്‍ന്ന് സംസാരിച്ച എ സമ്പത്ത് എം പി പറഞ്ഞു. ഇതിനകം നല്‍കിയ നിവേദനങ്ങളില്‍ എന്തെങ്കിലും പരിഹാരമുണ്ടായോ എന്ന് അദ്ദേഹം ആരാഞ്ഞു. പ്രവാസലോകത്ത് നിരവധി സംഘടനകളുണ്ട്. ഈ സംഘടനകളെല്ലാം ഒന്നിച്ചു നിന്നാല്‍ പ്രവാസികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. എന്നാല്‍ ഇതിനു രാഷ്ട്രീയ നിറമോ മറ്റോ പാടില്ല. രാജ്യത്തിന്റെ സാമ്പത്തിക രംഗം താങ്ങി നിര്‍ത്തുന്നത് പ്രവാസികളാണ്. അതുകൊണ്ടു തന്നെ അവരെ നയിക്കേണ്ടതും ഭരണാധികാരികളുടെ ബാധ്യതയാണ്. കേരളത്തില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ ജലക്ഷാമത്തിനുണ്ടായ കാരണങ്ങള്‍ സമ്പത്ത് വിശദീകരിച്ചു. പരിസ്ഥിതി മങ്ങലേല്‍പ്പിച്ചതാണ് ഇതില്‍ പ്രധാന കാരണം. മാസ് പ്രസിഡന്റ് പ്രകാശ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം, അനില്‍ അമ്പാട്ട്, രാജേഷ് സംസാരിച്ചു.