Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളജ് എം സി ഐ സംഘം പരിശോധന നടത്തി

Published

|

Last Updated

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിന് സംവിധാനിച്ചിരിക്കുന്ന സൗകര്യങ്ങള്‍ പര്യാപ്തമാണോ എന്ന് പരിശോധന നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം സി ഐ) പ്രതിനിധികള്‍ ആശുപത്രി സന്ദര്‍ശിച്ചു.

ബീഹാര്‍ പാറ്റ്‌ന ഇന്ദിരാഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡിപാര്‍ട്‌മെന്റ് ഓഫ് കമ്യൂണിറ്റി വിഭാഗം മേധാവി ഡോ. അശോക് ശരണ്‍, ഡല്‍ഹി ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ അക്കാഡമി മേധാവി ഡോ. എസ് കെ റസാനിയ, കര്‍ണാടക ഹാസന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മേധാവി ഡോ. ആര്‍ എം സുരേഷ് എന്നിവരാണ് പരിശോധനക്കെത്തിയത്. ഇന്നലെ രാവിലെ 11 മണിക്ക് എത്തിയ മെഡിക്കല്‍ കൗണ്‍സില്‍ അംഗങ്ങളെ എം ഉമ്മര്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ എം സി മോഹന്‍ദാസ്, പ്രിന്‍സിപ്പല്‍ ഡോ. പി വി നാരായണന്‍, മെഡിക്കല്‍ കോളജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. പി ജി ആര്‍ പിള്ള തുടങ്ങിയവര്‍ സ്വീകരിച്ചു. ആശുപത്രി കെട്ടിടങ്ങള്‍, ലക്ചറര്‍ ഹാളുകള്‍, ലബോറട്ടറി, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, വകുപ്പു മേധാവികളുടെ ഓഫീസുകള്‍, ഹോസ്റ്റല്‍ തുടങ്ങിയവ സംഘം പരിശോധിച്ചു. എന്നാല്‍ പരിശോധനയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സംഘം തയ്യാറായില്ല. കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ എം ബി ബി എസ് പ്രവേശനം ഇക്കൊല്ലം തന്നെ ആരംഭിക്കും. അനുമതി ലഭിക്കുന്നതോടെ സീറ്റുകളുടെ എണ്ണവും മറ്റു സൗകര്യങ്ങളും തീരുമാനിക്കും.
കൗണ്‍സില്‍ പരിശോധനക്ക് മുന്നോടിയായി അധികൃതര്‍ ഏറെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഞായറാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജിന്റെ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നായി നിരവധി ഫാക്കല്‍റ്റികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തിയിരുന്നു. ഒന്നാം വര്‍ഷത്തേക്കുള്ള പാഠ പുസ്തകങ്ങള്‍, ലബോറട്ടറി ഉപകരണങ്ങള്‍, ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങള്‍ എന്നിവയും എത്തിയിട്ടുണ്ട്. ക്ലാസ് മുറികള്‍ അവസാന മിനുക്കുപണിയിലാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പലായിരുന്ന ഡോ. പി വി നാരായണന്‍ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലായി ചുമതലയേറ്റു. വൈസ് പ്രിന്‍സിപ്പല്‍, അഞ്ച് പ്രൊഫസര്‍മാര്‍, 14 അസോസിയേറ്റ് പ്രൊഫസര്‍മാര്‍, 17 അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ തുടങ്ങിയവരുടെ നിയമനങ്ങള്‍ ഉടന്‍ നടക്കും. അനാട്ടമി, ഫിസിയോളജി, ബയോ കെമിസ്ട്രി, ഫാര്‍മക്കോളജി, കമ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, പിഡിയാട്രിക്‌സ്, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ഗൈനക്കോളജി, അനസ്‌തേഷ്യ, ഇ എന്‍ ടി, ഫോറന്‍സിക്, ഡന്റല്‍ തുടങ്ങിയ വിഷയങ്ങളില്‍ 108 തസ്തികകളിലാണ് നിയമനം. ഈമാസം 19ന് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിയമിക്കപ്പെട്ടവരില്‍ പലരും വിടുതല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്നലെ പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തി.

---- facebook comment plugin here -----

Latest