കക്കാട് പുഴ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍

Posted on: April 30, 2013 1:00 am | Last updated: April 30, 2013 at 1:00 am

കണ്ണൂര്‍: ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയ കക്കാട് പുഴ സന്ദര്‍ശിച്ചു. പുഴയെ അതിന്റെ പ്രതാപകാലത്തേക്കു തിരിച്ചു കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു കലക്ടര്‍ പറഞ്ഞു. ഇന്നലെ കക്കാട് പുഴ സന്ദര്‍ശിച്ച ശേഷം പുഴസംരക്ഷണ സമരസമിതി പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്. പുഴ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി സര്‍വേ നടത്തും. പുഴയുടെ അതിരുകള്‍ കണ്ടെത്തി അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടാഴ്ചയ്ക്കകം ആരംഭിക്കും.
കാട്ടാമ്പള്ളി പദ്ധതി വന്നതോടെയാണ് കക്കാട് പുഴ നശിച്ചതെന്നു പരിസ്ഥിതി പ്രവര്‍ത്തകരും പുഴസംരക്ഷണസമിതി പ്രവര്‍ത്തകരും കലക്ടറെ അറിയിച്ചു. കാട്ടാമ്പള്ളി പദ്ധതിയുടെ ഷട്ടറുകള്‍ അടച്ചിട്ടതോടെ സ്വാഭാവിക വേലിയേറ്റവും വേലിയിറക്കവും നിലച്ചതോടെ പുഴയിലെ നീരൊഴുക്ക് ഇല്ലാതായി. ഇതോടെ പുഴ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയും അനധികൃത കൈയേറ്റം വ്യാപകമാവുകയുമായിരുന്നു. കക്കാട് പുഴ സംരക്ഷിക്കണമെന്നാവാശ്യപ്പെട്ടു നേരത്തെ പരിസ്ഥിതി പ്രവര്‍ത്തകരും പുഴസംരക്ഷണസമിതിയും സംയുക്തമായി നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നു 2008ല്‍ അന്നത്തെ കലക്ടറായിരുന്ന ഇഷിതാ റോയ് പുഴയുടെ സര്‍വേ നടത്താനും കൈയേറ്റങ്ങള്‍ കണ്ടെത്താനും നിര്‍ദേശം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ താലൂക്ക് സര്‍വെയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കലക്ടറെ അറിയിച്ചു. എന്നാല്‍ കക്കാട് പുഴയെ സംരക്ഷിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടപ്പാക്കുമെന്നു കലക്ടര്‍ ഉറപ്പു നല്‍കി. ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുമോ എന്നുള്ള കലക്ടറുടെ ചോദ്യത്തിനു നടപടികള്‍ ആരംഭിച്ച ശേഷമേ പ്രക്ഷോഭം വസാനിപ്പിക്കുകയുള്ളൂ എന്നു സമരക്കാര്‍ കലക്ടറെ അറിയിച്ചു.