Connect with us

Sports

യൂറോപ്പില്‍ റയലിന് ഇന്ന് മരണക്കളി

Published

|

Last Updated

മാഡ്രിഡ്: യൂറോപ്പില്‍ ഇന്ന് റയല്‍മാഡ്രിഡിന് വിധിനിര്‍ണായക മത്സരം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ സാധ്യമാകണമെങ്കില്‍ റയലിന് ഇന്ന് ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോട്മുണ്ടിനെ 4-0ന് തോല്‍പ്പിക്കണം. കഴിഞ്ഞാഴ്ച ഡോട്മുണ്ടില്‍ നടന്ന ആദ്യ പാദ സെമിയില്‍ 1-4നായിരുന്നു സ്പാനിഷ് കരുത്തരുടെ തോല്‍വി.

തിരിച്ചുവരവ് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് യുര്‍ഗന്‍ ക്ലോപിന്റെ ബൊറൂസിയ പവര്‍ ഗെയിം കാഴ്ചവെക്കുമ്പോള്‍. റയലിനെ നിഷ്പ്രഭമാക്കുന്നതായിരുന്നു ആദ്യ ലെഗില്‍ അവരുടെ പ്രകടനം. പരിക്കില്‍ നിന്ന് മുക്തനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരിച്ചെത്തുന്നതാണ് റയലിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസം ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരായ ഡെര്‍ബിയില്‍ ക്രിസ്റ്റ്യാനോ ഉള്‍പ്പെടെയുള്ള പ്രമുഖരില്ലാതെ റയല്‍ 1-2ന് ജയിച്ചിരുന്നു. രണ്ടാം നിരയുമായി നേടിയ ജയം ജോസ് മൗറിഞ്ഞോയുടെ വെള്ളപ്പടക്ക് ആത്മവിശ്വാസമേകുന്നു.യൂറോപ്പില്‍ റയല്‍ ആദ്യമായല്ല ഏറെ ഗോളുകളുടെ സമ്മര്‍ദവുമായി രണ്ടാം പാദം കളിക്കാനിറങ്ങുന്നത്. 1975 ല്‍ ഇംഗ്ലീഷ് ക്ലബ്ബ് ഡെര്‍ബി കൗണ്ടിക്കെതിരെ 4-1ന് റയല്‍ ആദ്യം പാദം തോറ്റിരുന്നു. ചാര്‍ലി ജോര്‍ജിന്റെ ഹാട്രിക്കായിരുന്നു അന്ന് റയലിന്റെ നില തെറ്റിച്ചത്. രണ്ടാം പാദത്തില്‍ റയല്‍ തിരിച്ചുവരവ് നടത്തി. 5-1ന് ജയിച്ച റയല്‍ ഇരുപാദത്തിലുമായി 6-5ന് മുന്നിലെത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറിയത് ചരിത്രം. അന്ന് റയലിന്റെ സമനില ഗോള്‍ നേടിയത് ഇന്ന് സ്‌പെയിന്‍ ദേശീയ ടീമിന്റെ കോച്ചായ വിസെന്റ് ഡെല്‍ ബൊസ്‌കാണ്. വിജയഗോള്‍ നൂറാം മിനുട്ടില്‍ സ്‌ട്രൈക്കര്‍ സാന്റിലാനയാണ് നേടിയത്. യുവേഫ കപ്പില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുസിയ മോഷെന്‍ഗ്ലാഡ്ബാചിനെതിരെയും റയല്‍ സമാനരീതിയില്‍ തിരിച്ചുവരവ് നടത്തിയിരുന്നു.ഇത്തരം മുന്‍കാല മത്സരങ്ങള്‍ പ്രചോദനമാണെങ്കിലും പോര്‍ച്ചുഗല്‍ സൂപ്പര്‍സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിനെ ആശ്രയിച്ചിരിക്കും റയലിന്റെ മുന്നേറ്റം. പന്ത്രണ്ട് ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗ് ടോപ്‌സ്‌കോറര്‍ സ്ഥാനത്താണ്. സീസണില്‍ 50 മത്സരങ്ങളില്‍ 51 ഗോളുകള്‍ ഇതിനകം റൊണാള്‍ഡോ നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ അപരാജിത കുതിപ്പ് നടത്തുന്ന ബൊറുസിയയെ വീഴ്ത്തണമെങ്കില്‍ ക്രിസ്റ്റ്യാനോ മാജിക് തന്നെ വേണം. ഗ്രൂപ്പ് റൗണ്ടില്‍ റയലിന്റെ തട്ടകത്തില്‍ ബൊറൂസിയ സമനില നേടിയിരുന്നു(2-2). മൗറിഞ്ഞോയുടെ നിരയുടെ പ്രതിരോധം കരുത്തുറ്റതല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഡോട്മുണ്ടിന്റെ പ്രകടനം. റോബര്‍ട് ലെവന്‍ഡോസ്‌കിയെന്ന സ്‌ട്രൈക്കറെ മാര്‍ക്ക് ചെയ്യുന്നതില്‍ തന്റെ പ്രതിരോധകളിക്കാര്‍ക്ക് വീഴ്ച പറ്റിയെന്ന് ആദ്യ ലെഗിന് ശേഷം മൗറിഞ്ഞോ തുറന്നു സമ്മതിച്ചിരുന്നു. ഇന്ന്, തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുവാന്‍ നിര്‍ബന്ധിതമായിരിക്കുന്ന റയലിന് പ്രതിരോധം മെച്ചപ്പെടുത്തുക അസാധ്യമായിരിക്കും. ഈയൊരു ദൗര്‍ബല്യം ജര്‍മന്‍ ടീം വീണ്ടും മുതലെടുത്താല്‍ റയല്‍ ചരിത്രത്തിലെ തന്നെ വലിയ തോല്‍വി വഴങ്ങും. 1997 ല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് ശേഷം ആദ്യമായി ഫൈനല്‍ കളിക്കുക എന്ന നേട്ടത്തിനരികെയാണ് ബൊറൂസിയ ഡോട്മുണ്ട്.
റയല്‍മാഡ്രിഡ്: ഡിയഗോ ലോപസ്(ഗോളി), സെര്‍ജിയോ റാമോസ്, പെപെ, റാഫേല്‍ വരാനെ, ഫാബിയോ കോയിന്‍ട്രാവോ, സമി ഖെദീറ, ഷാബി അലോണ്‍സൊ, ഏഞ്ചല്‍ ഡി മാരിയ, മെസുറ്റ് ഒസില്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗോണ്‍സാലോ ഹിഗ്വെയിന്‍.
ബൊറുസിയ ഡോട്മുണ്ട്: റോമന്‍ വീദെന്‍ഫെല്ലര്‍, ലുകാസ് പിസെക്, നെവെന്‍ സുബോടിച്, മാറ്റ്‌സ്ഹമ്മല്‍സ്, മാര്‍സല്‍ ഷ്‌മെല്‍സര്‍, ഇകെ ഗ്യുന്‍ഡോഗന്‍, നുറി സാഹിന്‍, യാകുബ് ബ്ലാസികോസ്‌കി, മരിയോ ഗോസെ, മാര്‍കോ റ്യൂസ്, റോബര്‍ട് ലെവന്‍ഡോസ്‌കി.

---- facebook comment plugin here -----

Latest