Connect with us

Kerala

കെട്ടിട നിര്‍മാണ അനുമതി അപേക്ഷ ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി

Published

|

Last Updated

തിരുവനന്തപുരം:നഗരങ്ങളില്‍ കെട്ടിട നിര്‍മാണ അനുമതിക്കുള്ള അപേക്ഷകളും ടെന്‍ഡറുകളും ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി. മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ എന്‍ജിനീയര്‍മാരുടെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷകള്‍ വര്‍ഷങ്ങളോളം കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അകാരണമായിപ്പോലും ഇങ്ങനെ വൈകിപ്പിക്കുന്നത് നഗരസഭകളെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടാക്കാന്‍ ഇടയാക്കുന്നുണ്ട്. ഇതൊഴിവാക്കാനും സുതാര്യമാക്കാനുമാണ് ജൂണില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നഗരസഭകളിലെ പ്രവൃത്തികള്‍ക്ക് ജൂണ്‍ മുതല്‍ ഇ ടെന്‍ഡറിംഗ്് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഐ കെ എം, എന്‍ െഎ സി, ഐ ടി മിഷന്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയുള്ള ഇ ഫയലിംഗ്് അവസാന ഘട്ടത്തിലാണ്. നഗരങ്ങളിലെ ചേരികളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം നഗരസഭകള്‍ക്കുണ്ട്. ചേരി നിര്‍മാര്‍ജന പദ്ധതി വിജയിപ്പിക്കാന്‍ നടപടി വേണം. കേന്ദ്ര സര്‍ക്കാറിന്റെ 2800 കോടി രൂപ നടപ്പുവര്‍ഷം ഈ മേഖലയില്‍ വിനിയോഗിക്കാനാകും. സംസ്ഥാന സര്‍ക്കാറും 2800 കോടി രൂപ ഈ പദ്ധതിക്കായി നല്‍കും. 5600 കോടി രൂപയുടെ പദ്ധതികള്‍ യാഥാര്‍ഥ്യമായാല്‍ ചേരികളിലെ കുടിലുകള്‍ ഇല്ലാതാക്കാനും താമസക്കാരെ പുനരധിവസിപ്പിക്കാനും ഏറെക്കുറെ സാധിക്കും. വര്‍ഷങ്ങളായി നിലച്ചിരുന്ന നിര്‍മാണ പ്രവൃത്തികള്‍ പുതിയ മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ വീണ്ടും സജീവമായിട്ടുണ്ട്.
അനധികൃത കെട്ടിടങ്ങള്‍ നിയന്ത്രിക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കിയതായി മന്ത്രി പറഞ്ഞു. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എറണാകുളത്തു മാത്രം 12,000 അനധികൃത കെട്ടിടങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇത്തരം കെട്ടിടങ്ങള്‍ സുരക്ഷക്ക് ഭീഷണിയില്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുക പിഴ ഈടാക്കി ക്രമവത്കരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
വീട് കുടുംബത്തിന്റെ സ്വപ്‌നമാണ്. ചെറിയ വീടുകള്‍ക്ക് പലപ്പോഴും ചെറിയ കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമായി വരും. അനുമതിയില്ലാതെ നിര്‍മാണം നടത്തിയതിന്റെ പേരില്‍ ഇവരെ നിത്യവും വേട്ടയാടുന്നത് ശരിയല്ല. അതുകൊണ്ടാണ് പിഴ ഈടാക്കി ക്രമവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തദ്ദേശ സ്വയം ഭരണ സെക്രട്ടറി രാജന്‍ കൊബ്രഗഡെ അധ്യക്ഷത വഹിച്ചു.

Latest