Connect with us

Kerala

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസന ക്യാമ്പ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ പാഴ്‌സി തുടങ്ങിയ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥിപകള്‍ക്ക്് ദ്വിദിന വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പഠിക്കുന്ന 150 വിദ്യാര്‍ഥികള്‍ക്കും, ബിരുദ തലത്തിലെ 150 വിദ്യാര്‍ഥികള്‍ക്കും ഓരോ ജില്ലയിലും വ്യത്യസ്ത തീയതികളില്‍ രണ്ട് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്.
ക്യാമ്പ് രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച് രണ്ടാം ദിനം വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഒന്നാം ദിവസം രാത്രി ക്യാമ്പില്‍ താമസിക്കേണ്ടതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നവരായിരിക്കണം. അവസാന വര്‍ഷ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ്, അല്ലെങ്കില്‍ 80% മാര്‍ക്ക് കൈവരിച്ചവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്് എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ മാര്‍ക്കും ബിരുദ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു മാര്‍ക്കുമാണ് മാനദണ്ഡം. മുന്‍കൂട്ടി നിശ്ചയിച്ച എണ്ണത്തില്‍ കൂടുതല്‍ അപേക്ഷകര്‍ ഉണ്ടെങ്കില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 150 വിദ്യാര്‍ഥികളെ ഓരോ ക്യാമ്പിലേക്കും കണ്ടെത്തും.
ക്യാമ്പില്‍ മോട്ടിവേഷന്‍, വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ് നേതൃത്വ പാടവം, ടൈം മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഗെയിംസ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ നേതൃത്വം നല്‍കും. ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും.
രണ്ടാം ദിനം രണ്ട് മണിക്ക് ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും” കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കളുടെ പങ്ക് “എന്ന വിഷയത്തില്‍ പ്രത്യേകം ക്ലാസ് ഉണ്ടായിരിക്കും.
അപേക്ഷയോടൊപ്പം മാര്‍ക്ക് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും , റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും (ബി പി എല്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രം) സമര്‍പ്പിക്കണം. ന്യൂനപക്ഷക്ഷേമ വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറത്തിലൂടെ മാത്രമേ അപേക്ഷിക്കാവൂ. പൂരിപ്പിച്ച അപേക്ഷ ” ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ സെക്ഷന്‍”എന്ന വിലാസത്തില്‍ അതാത് ജില്ലാ കലക്ടറേറ്റിലേക്കാണ് സമര്‍പ്പിക്കേണ്ടത്.
കവറിനു മുകളില്‍ ” ദ്വിദിന വ്യക്തിത്വ വികസന ക്യാമ്പ് ” എന്ന് പ്രത്യേകം എഴുതിയിരിക്കണം, പൂര്‍ണമായും പൂരിപ്പിക്കാത്തതും, വൈകി വരുന്നതുമായ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷകള്‍ ജില്ലാ ന്യൂനപക്ഷ സെക്ഷനില്‍ നിന്ന് നേരിട്ടും വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 6 വൈകിട്ട് 5 മണിവരെ നീട്ടിയിരിക്കുന്നു.