ബി ജെ പി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതബോധമുണ്ടാക്കി: പ്രധാനമന്ത്രി

Posted on: April 30, 2013 6:00 am | Last updated: April 30, 2013 at 12:32 am

MANMOHANഹൂബ്ലി: കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സംസ്ഥാനത്തെ വികസനമെത്താത്ത പ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതബോധം വളര്‍ത്തിയെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ഹൂബ്ലിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരാണ് സംസ്ഥാനത്തുണ്ടായത്. ഭരണകക്ഷിയായ ബി ജെ പിയുടെ നേതാക്കളിലധികവും അഴിമതി ആരോപണങ്ങള്‍ നേരിടുന്നവരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കുടിവെള്ളം, ജലവിതരണം, കാര്‍ഷിക മേഖല തുടങ്ങിയ മേഖലകളിലെല്ലാം സര്‍ക്കാര്‍ പരാജയമായിരുന്നു. സാധാരണ ജനങ്ങള്‍ ജലം, വൈദ്യുതി പ്രതിസന്ധി അനുഭവിക്കുകയാണ്. കേന്ദ്ര ഫണ്ടുകള്‍ വേണ്ടപോലെ ഉപയോഗപ്പെടുത്തുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തെ വികസിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു കര്‍ണാടക. ഇന്ന് ബി ജെ പിയുടെ നേതൃത്വത്തില്‍ മോശം ഭരണമാണ് നടക്കുന്നത്. എല്ലായിടത്തും അഴിമതി മാത്രം. അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ബെല്ലാരി, റെയ്ച്ചൂര്‍, ഗുല്‍ബര്‍ഗ, ബിദാര്‍ എന്നിവിടങ്ങളില്‍ വികസനം എത്തിനോക്കിയിട്ടു പോലുമില്ല. പ്രത്യേകിച്ച് ഈ മേഖലകളിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതബോധം കൂടിവരികയാണ്. മുന്‍ മുഖ്യമന്ത്രിമാരായ എസ് എം കൃഷ്ണ, വീരപ്പ മൊയ്‌ലി, ധരം സിംഗ് എന്നിവരുടെ പ്രവര്‍ത്തനങ്ങളെ മന്‍മോഹന്‍ സിംഗ് പുകഴ്ത്തുകയും ചെയ്തു.