റോയല്‍ മലയാളി

Posted on: April 29, 2013 11:00 pm | Last updated: April 30, 2013 at 12:48 am

ipl ജയ്പുര്‍: മലയാളികളുടെ അഭിമാനമായി സഞ്ജു സാംസണ്‍ ഐ പി എല്ലില്‍ തകര്‍ത്താടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റിന്റെ ആവേശ ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 41 പന്തുകളില്‍ 63 റണ്‍സടിച്ച സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് വിജയത്തിന് അടിത്തറയായത്. അര്‍ഹിക്കുന്ന വിധം സഞ്ജു സാംസണ്‍ മാന്‍ ഓഫ് ദ മാച്ചാവുകയും ചെയ്തു. ഐ പി എല്ലില്‍ അര്‍ധശതകം തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമായി കേരളത്തിന്റെ ഈ പതിനെട്ടുകാരന്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഇരുപതോവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സടിച്ചു. ഒരു പന്ത് ശേഷിക്കെ രാഹുല്‍ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യം കടന്നത് ആവേശത്തിന്റെ അതിര്‍വരമ്പിലേക്ക് ഫോര്‍ പായിച്ചാണ്. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു വിജയലക്ഷ്യം. വിനയ് കുമാറിനെ സ്റ്റുവര്‍ട് ബിന്നി ബൗണ്ടറി കടത്തി. ഒമ്പത് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റോടെ രാജസ്ഥാന്‍ റോയല്‍സ് ടേബിളില്‍ മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു. പത്ത് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുള്ള ബാംഗ്ലൂരാണ് രണ്ടാം സ്ഥാനത്ത്. ഒമ്പത് മത്സരങ്ങളില്‍ 14 പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഒന്നാം സ്ഥാനത്ത്.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് സഞ്ജുവിന് ആദ്യം കളിക്കാന്‍ അവസരം ലഭിച്ചത്. 23 പന്തില്‍ 27 റണ്‍സെടുത്ത് ടീമിന് വിജയമൊരുക്കിയ മലയാളി വിക്കറ്റ് കീപ്പര്‍ വരവറിയിച്ചു. പക്ഷേ, അടുത്ത രണ്ട് മത്സരങ്ങളിലും പുറത്തിരിക്കാനായിരുന്നു വിധി. വീണ്ടും അവസരം ലഭിച്ചപ്പോള്‍ ഇതാ മാന്‍ ഓഫ് ദ മാച്ച് പ്രകടനം. ടീമിന്റെ നിര്‍ണായക താരമായി സഞ്ജു സാംസണ്‍ മാറിയിരിക്കുന്നു. ഫോമിലേക്കുയര്‍ന്ന ഹെന്റികസിനെ റണ്ണൗട്ടാക്കിയും സഞ്ജു തിളങ്ങി. ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷണം നടത്തിയ രാഹുല്‍ദ്രാവിഡ് ഷെയിന്‍ വാട്‌സനെ പിറകോട്ടിട്ട് അജിങ്ക്യരഹാനെക്കൊപ്പം ഓപണ്‍ ചെയ്യാനെത്തി. വലിയൊരു ലക്ഷ്യം മുന്നിലുള്ളപ്പോള്‍ ക്യാപ്റ്റന്റെ ഉത്തരവാദിത്വം നേരത്തെ തന്നെ ഏറ്റെടുക്കുകയായിരുന്നു ദ്രാവിഡ്. ടീം സ്‌കോര്‍ 21ലെത്തിയപ്പോള്‍ രഹാനെ (2) പുറത്തായി. രാംപോളിനായിരുന്നു വിക്കറ്റ്. ദ്രാവിഡ് നടത്തിയ വലിയൊരു പരീക്ഷണം അതാ ക്രീസിലേക്ക് വരുന്നു.
മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി സഞ്ജു സാംസണ്‍. കൂറ്റനടികള്‍ക്ക് സഞ്ജുവിനെയാണ് ദ്രാവിഡ് തിരഞ്ഞെടുത്തിരിക്കുന്നത്. രാംപോള്‍ എറിഞ്ഞ മൂന്നാം ഓവര്‍ വിക്കറ്റ്-മെയ്ഡനായതിന്റെ സമ്മര്‍ദത്തിലായിരുന്നു രാഹുല്‍ദ്രാവിഡ്. വിനയ് കുമാര്‍ എറിഞ്ഞ നാലാം ഓവര്‍ നേരിട്ടു കൊണ്ടാണ് സഞ്ജു ഇന്നിംഗ്‌സ് ആരംഭിച്ചത്. മിഡ് ഓണിലൂടെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക്. മികച്ച ടൈമിംഗ് ഷോട്ട്. രണ്ടാമത്തെ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ പുള്‍ ഷോട്ട്-ബൗണ്ടറി.
തുടരെ രണ്ട് ബൗണ്ടറി നേടിയ സാംസണ്‍ പിന്നീടുള്ള മൂന്ന് പന്തുകള്‍ വിദഗ്ധമായി പ്രതിരോധിച്ചു. അവസാന പന്തില്‍ മൂന്ന് റണ്‍സ്. നേരിട്ട ആദ്യ ഓവറില്‍ തന്നെ സഞ്ജു നേടിയത് പതിനൊന്ന് റണ്‍സ്. അഞ്ചാം ഓവറില്‍ ഹെന്റികസിനെ ആക്രമിക്കാന്‍ സാധിച്ചില്ല.
അഞ്ചാം പന്തില്‍ സാംസണിന്റെ ക്യാച്ച് സ്ലിപ്പില്‍ ക്രിസ് ഗെയില്‍ വിട്ടത് രാജസ്ഥാന്‍ റോയല്‍സിന് ഭാഗ്യമായി. ആറാം ഓവറില്‍ വിനയ് കുമാറിനെ സഞ്ജു വീണ്ടും തുടരെ ബൗണ്ടറി കടത്തി. ഏഴാം ഓവറില്‍ നാലാം പന്തില്‍ ദ്രാവിഡ് പുറത്തായി. 17 പന്തില്‍ 22 റണ്‍സെടുത്ത ദ്രാവിഡിനെ ഹെന്റികസ് ക്ലീന്‍ ബൗള്‍ഡാക്കി. നാല് ഫോറുകള്‍ ദ്രാവിഡ് നേടി. ഷെയിന്‍ വാട്‌സനാണ് ക്രീസിലെത്തിയത്. എട്ടാം ഓവര്‍ എറിഞ്ഞത് സ്പിന്നര്‍ മുരളി കാര്‍ത്തിക്ക്. രംഗപ്രവേശം അത്ര ശരിയായില്ല. സഞ്ജു സാംസണ്‍ കാര്‍ത്തിക്കിന്റെ ആദ്യ രണ്ട് പന്തും സിക്‌സറിലേക്ക് പറത്തി.
എക്‌സ്ട്രാ കവറിലൂടെ ലോഫ്റ്റഡ് സിക്‌സായിരുന്നു ആദ്യം. രണ്ടാമത്തേത്, ആദ്യത്തേതൊന്ന് പോളിഷ് ചെയ്‌തെടുത്തതു പോലെ-ഡീപ് എക്‌സ്ട്രാ കവറിലൂടെ. ഈ സിക്‌സറുകള്‍ ബാംഗ്ലൂരിന്റെ ആത്മവിശ്വാസത്തിനേറ്റ അടിയായിരുന്നു. വാട്‌സനും സാംസണും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് ചലനാത്മകമാക്കി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 68 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 14.2 ഓവറില്‍ ടീം സ്‌കോര്‍ 116ല്‍ നില്‍ക്കുമ്പോള്‍ സാംസണ്‍ പുറത്തായി. രാംപോളിനെ കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ മുരളി കാര്‍ത്തിക്കിന് ക്യാച്ചാവുകയായിരുന്നു. ഏഴ് ഫോറും രണ്ട് സിക്‌സറുകളുമായി തിളങ്ങിയ മലയാളി താരത്തെ കൈയ്യടിയോടെയാണ് ടീം അംഗങ്ങള്‍ സ്വീകരിച്ചത്.
സഞ്ജു പുറത്താകുമ്പോള്‍ രാജസ്ഥാന്റെ വിജയലക്ഷ്യം 34 പന്തില്‍ 58. ഐ പി എല്‍ ആറാം സീസണിലെ രണ്ട് മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ കാഴ്ചവെച്ച വാട്‌സന്‍ ക്രീസിലുള്ളപ്പോള്‍ രാജസ്ഥാന് പേടിക്കാനില്ലായിരുന്നു. 31 പന്തുകളില്‍ ഒരു സിക്‌സും മൂന്ന് ഫോറും നേടിയ വാട്‌സന്‍ സിംഗിളും ഡബിളുമെടുത്ത് ബ്രാഡ് ഹോഗിന്റെ വെടിക്കെട്ട് ബാറ്റിംഗിന് പിന്തുണയേകി.
ടീം സ്‌കോര്‍ 18.3 ഓവറില്‍ 162ല്‍ നില്‍ക്കുമ്പോള്‍ വാട്‌സന്‍ പുറത്തായി. ആര്‍ പി സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിവില്ലേഴ്‌സിന് ക്യാച്ച്. രാജസ്ഥാന്റെ വിജയലക്ഷ്യം ഒമ്പത് പന്തില്‍ പന്ത്രണ്ട് റണ്‍സ്. മത്സരം രാജസ്ഥാന്റെ കൈയ്യില്‍ തന്നെ. കാരണം പതിനെട്ട് പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 32 റണ്‍സെടുത്ത ബ്രാഡ് ഹോഗ് ക്രീസിലുണ്ട്.
അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്. വിനയ് കുമാറിന്റെ ആദ്യ പന്ത് സ്റ്റുവര്‍ട് ബിന്നി സിംഗിളെടുത്തു. അഞ്ച് പന്തില്‍ അഞ്ച് റണ്‍സ്. ബ്രാഡ് ഹോഗിനെ വിനയ് കുമാര്‍ ബൗള്‍ഡാക്കിയതോടെ ബാംഗ്ലൂര്‍ കളിക്കാരില്‍ പുത്തനാത്മവിശ്വാസം.
അടുത്ത പന്തില്‍ ഉവൈസ് ഷാ രണ്ടാം റണ്ണിന് ശ്രമിക്കുമ്പോള്‍ റണ്ണൗട്ട്. രാജസ്ഥാന്‍ റോയല്‍സ് പരാജയഭീതിയില്‍. മൂന്ന് പന്തില്‍ നാല് റണ്‍സ് ജയിക്കാന്‍. നാലാം പന്തില്‍ ഫോക്‌നര്‍ സിംഗിളെടുത്തതോടെ രണ്ട് പന്തില്‍ മൂന്ന് റണ്‍സായി ലക്ഷ്യം.
അഞ്ചാം പന്ത് സ്റ്റുവര്‍ട് ബിന്നി ബൗണ്ടറി കടത്തിയതോടെ അനിശ്ചിതത്വത്തിന് വിരാമം. വിജയാഘോഷം ദ്രാവിഡിനും സംഘത്തിനും അവകാശപ്പെട്ടതായി.
ബാംഗ്ലൂര്‍ ബാറ്റിംഗില്‍ ആര്‍ക്കും തന്നെ അര്‍ധസെഞ്ച്വറി നേടാനായില്ല. പതിനാറ് പന്തില്‍ 34 റണ്‍സടിച്ച ക്രിസ് ഗെയിലാണ് ടോപ്‌സ്‌കോറര്‍. രണ്ടാമത്തെ ടോപ്‌സ്‌കോറര്‍ വിരാട് കോഹ്‌ലി 32 റണ്‍സെടുത്തത് 35 പന്തില്‍.
അഭിനവ് മുകുന്ദ് (19), ഡിവില്ലേഴ്‌സ് (21) ഹെന്റികസ് (22), രാംപോള്‍ (3) പുറത്തായപ്പോള്‍ തിവാരി(8), വിനയ്കുമാര്‍ (22) നോട്ടൗട്ട്. ആറ് പന്തില്‍ മൂന്ന് സിക്‌സറുകള്‍ ഉള്‍പ്പെടെ 22 റണ്‍സടിച്ച വിനയ് കുമാറാണ് ബാംഗ്ലൂരിന് മികച്ച ടോട്ടലൊരുക്കിയത്. പത്ത് റണ്‍സ് എക്‌സ്ട്രാസായും ലഭിച്ചു.