Connect with us

Gulf

വേനല്‍ക്കാല അവധി ദിനങ്ങള്‍ കുറഞ്ഞു സ്‌കൂള്‍ ജീവനക്കാര്‍ക്ക് നിരാശ

Published

|

Last Updated

ഷാര്‍ജ:വേനല്‍ക്കാല അവധി ദിനങ്ങള്‍ കുറഞ്ഞത് സ്‌കൂള്‍ ജീവനക്കാരെ നിരാശരാക്കി. 55 ദിവസമാണ് ഇത്തവണ അവധി. മുന്‍ വര്‍ഷങ്ങളില്‍ 70 ദിവസം വരെ ലഭിച്ചിരുന്നു. ഇത്തവണ 15 ദിവസം കുറവ്. അതേസമയം വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാസമാണ് അവധി. ജൂലൈ ഏഴിനാണ് ഔദ്യോഗികമായി രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍ അടക്കുക. സെപ്തംബര്‍ എട്ടിനു തുറക്കും. എന്നാല്‍ ജീവനക്കാര്‍ സെപ്തംബര്‍ ഒന്നിനു ജോലിക്ക് ഹാജരാകണം. ജൂലൈ ഏഴിനാണ് അടക്കുന്നതെങ്കിലും ജീവനക്കാര്‍ക്ക് നാലിന് തന്നെ നാട്ടില്‍ പോകാം. അഞ്ച്, ആറ് തീയതികളില്‍ വാരാന്ത്യ അവധി ദിനങ്ങളായതിനാലാണിത്.
ഇത്തവണ ശൈത്യകാല അവധി ദിനങ്ങള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യത. ഏകദേശം മൂന്നാഴ്ചയോളം കിട്ടുമെന്നാണ് വിവരം. മുന്‍ വര്‍ഷങ്ങളില്‍ രണ്ടാഴ്ചയോളമായിരുന്നു അവധി. ഡിസംബര്‍ രണ്ടാം വാരത്തില്‍ അടക്കുന്ന സ്‌കൂളുകള്‍ ജനുവരി ആദ്യവാരത്തില്‍ തുറക്കും. പുതിയ അധ്യയന വര്‍ഷം ഈ മാസം ഒന്നിന് ആരംഭിച്ചിരുന്നു. ഒന്നാം പാദ പരീക്ഷ ജൂണിലാണ്. അവസാന വാരം ഓപ്പണ്‍ ഹൗസിനും ശേഷമാവും സ്‌കൂള്‍ അടക്കുക. വേനല്‍ക്കാല അവധി അടുത്തതോടെ മിക്ക കുടുംബങ്ങളും നാട്ടില്‍ പോകാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. പലരും സ്‌കൂളുകള്‍ അടക്കുന്നതിന് മുമ്പ് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലാണ്. അവധി ദിവസം കുറവുള്ള രക്ഷിതാക്കളാണ് മക്കളെയും കൂട്ടി നേരത്തെ പോകാന്‍ ഒരുങ്ങുന്നത്. ഇത്തരക്കാര്‍ വിമാന ടിക്കറ്റ് മാസങ്ങള്‍ക്ക് മുമ്പേ എടുത്തിരുന്നു. അതുകൊണ്ടു തന്നെ കുറഞ്ഞ നിരക്കില്‍ അവര്‍ക്ക് ടിക്കറ്റ് ലഭിച്ചു. ഇപ്പോഴാകട്ടെ അമിത തുക നല്‍കിയാലും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
കുറഞ്ഞ നിരക്കില്‍ വണ്‍ വേ ടിക്കറ്റെങ്കിലും ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് പല കുടുംബങ്ങളും. ചില സ്വകാര്യ വിമാനങ്ങളില്‍ കുറഞ്ഞ നിരക്കില്‍ വണ്‍വേ ടിക്കറ്റ് ലഭ്യമാവുന്നുണ്ടെന്നാണ് അറിയുന്നത്.

 

Latest