ഡ്രൈവറെ ആക്രമിച്ച് കെ എസ് ആര്‍ ടി സി ബസിന്റെ താക്കോലുമായി കടന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Posted on: April 29, 2013 2:19 pm | Last updated: April 29, 2013 at 2:19 pm

വടക്കഞ്ചേരി: ഡ്രൈവറെ ആക്രമിച്ച് കെഎസ്ആര്‍ടിസി ബസിന്റെ താക്കോല്‍ ഊരിയെടുത്ത് യാത്രക്കാരെ ഭീതിയിലാക്കിയ സംഭവത്തില്‍ രണ്ട് പേരെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പരുവാശ്ശേരി സ്വദേശികളായ കുഞ്ചയേടത്ത് റെജി എന്ന തോമസ്(40),കൊളക്കോട് സതീഷ്(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടരക്ക് ദേശീയപാത തേനിടുക്കില്‍വച്ചായിരുന്നു സംഭവം.
പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് ബൈക്കിലെത്തിയവര്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദിക്കുകയും ബസിന്റെ താക്കോല്‍ തട്ടിയെടുക്കുകയും ചെയ്തത്. ബൈക്കിന് പോകാന്‍ സ്ഥലംകൊടുക്കാതെ ബസ് ഓടിച്ചുപോയപ്പോഴാണ് തടഞ്ഞതെന്ന് പറയുന്നു. താക്കോല്‍ ഊരിയെടുത്തതോടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരുമായി ബസ് രാത്രി റോഡില്‍ കിടന്നു.
സംഭവത്തെക്കുറിച്ച് ബസ് ഡ്രൈവര്‍ ബൈക്കിന്റെ നമ്പര്‍ സഹിതം സമീപത്തെ വടക്കഞ്ചേരി പോലീസിലും കെഎസ്ആര്‍ടിസിയുടെ വടക്കഞ്ചേരി ഡിപ്പോയിലും വിവരമറിയിച്ചു. പിന്നീട് പോലീസും ഡിപ്പോയില്‍നിന്ന് മെക്കാനിക്കും സ്ഥലത്തെത്തി ലോക്ക് അഴിച്ചുമാറ്റിയാണ് ഏറെ വൈകി ബസ് പുറപ്പെട്ടത്. ഡ്രൈവര്‍ കൊല്ലം കടവൂര്‍ സ്വദേശി അജയകുമാറിന്റെ പരാതിയിലാണ് പോലീസ് നടപടി ഉണ്ടായത്.

ALSO READ  കെ എസ് ആർ ടി സി ശമ്പളം: 65.50 കോടി രൂപ അനുവദിച്ചു