അക്കാദമിക് രംഗത്തെ രാഷ്ട്രീയവത്കരണം തടയണം: എസ് എസ് എഫ്‌

  Posted on: April 29, 2013 1:24 am | Last updated: April 29, 2013 at 1:24 am

  രിസാല സ്‌ക്വയര്‍: വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ചു എന്നവകാശപ്പെടുന്ന നേട്ടങ്ങള്‍ ഇവിടുത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുന്നില്ലെന്നും കേരളത്തിലെ സര്‍വകലാശാലകളുടെ അക്കാദമിക് നിലവാരം പരിതാപകരമാം വിധം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.
  രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ ഒന്നുപോലും കേരളത്തിലില്ല. അക്കാദമിക് രംഗത്തെ കക്ഷിരാഷ്ട്രീയവത്കരണമാണ് ഇതിനു പ്രധാന കാരണം. അക്കാദമിക് രംഗത്ത് മികവും കാര്യശേഷിയുമുള്ളവര്‍ സംസ്ഥാനം വിട്ടുപോകുകയാണ്. ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തിന്റെ നില ശോചനീയമാകും. അക്കാദമിക് രംഗത്തെ രാഷ്ട്രീയവത്കരണം തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുകയും വേണം-പ്രമേയം ആവശ്യപ്പെട്ടു.
  ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഇരുപത്തിയേഴ് ശതമാനം പിന്നാക്ക സംവരണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്‍ട്രന്‍സ് പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും മാര്‍ക്കിന്റെ പരിധി നിശ്ചയിച്ചു യോഗ്യരായ വിദ്യാര്‍ഥികളെ കിട്ടുന്നില്ലെന്ന് പറഞ്ഞാണ് രാജ്യത്തെ വിവിധ പഠന വിഭാഗങ്ങള്‍ ഒ ബി സി വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ തടസ്സപ്പെടുത്തുന്നത്. സംവരണം ചെയ്ത സീറ്റുകളില്‍ പകുതിയോളം ഒഴിഞ്ഞു കിടക്കുകയാണെന്നും ഇവയില്‍ പലതും സര്‍വകലാശാലകളുടെ ഉദാസീനത കാരണം സംഭവിച്ചതാണെന്നും വിവിധ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തെക്കുറിച്ചു ധവളപത്രമിറക്കണമെന്നും നഷ്ടപ്പെട്ട സീറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചു നല്‍കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
  രാജ്യത്തെ വിവിധ സര്‍വകാലശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. മാറിമാറി വരുന്ന സര്‍ക്കാറുകളും ഏജന്‍സികളും അക്കാദമിക് രംഗത്തു പിന്തുടര്‍ന്നുവരുന്ന തെറ്റായ നടപടിക്രമങ്ങളും നയനിലപാടുകളും വിദ്യാര്‍ഥികളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നുണ്ടെന്ന പരാതി ബന്ധപ്പെട്ടവര്‍ ഗൗരവത്തോടെ കാണണം. ഇതേക്കുറിച്ച് കൂടുതല്‍ വിശദമായ അന്വേഷണം നടത്താനും തുടര്‍നടപടികള്‍ സ്വീകരിക്കാനും യു ജി സിയും സര്‍ക്കാറും തയ്യാറാകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാര്‍ഥിസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റാനും പിന്നോക്ക പ്രദേശങ്ങളില്‍ നിന്നും സമുദായങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അവഗണനകള്‍ അവസാനിപ്പിക്കാനും ആവശ്യമായ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഇന്നലെ നടന്ന ദേശീയ വിദ്യാര്‍ഥി സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
  ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എത്തുന്ന പിന്നാക്ക സമുദായ വിദ്യാര്‍ഥികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും അവര്‍ക്ക് പഠനം തുടരാനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഇല്ലാത്തതു കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട സ്ഥിതിവിശേഷമാണുള്ളത്. ഉന്നത ഗവേഷണം നടത്തുന്ന ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ആയിരത്തില്‍ താഴെ സ്‌കോളര്‍ഷിപ്പുകളേ ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ളൂ. കേരളത്തില്‍ നിന്നുള്ള അപേക്ഷകരെ പോലും ഉള്‍ക്കൊള്ളാന്‍ ഇത് മതിയാകുന്നില്ല. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് പ്രമേയം കേന്ദ്ര, കേരള സര്‍ക്കാറുകളോട് ആവശ്യപ്പെടുന്നു.