അമേരിക്ക മോചിപ്പിച്ച ഇറാനിയന്‍ പ്രൊഫസര്‍ മസ്‌കത്തിലെത്തി

Posted on: April 28, 2013 9:55 am | Last updated: April 28, 2013 at 9:55 am

മസ്‌കത്ത് :അമേരിക്ക മോചിപ്പിച്ച ഇറാനിയന്‍ പ്രൊഫസര്‍ ഡോ.മുജ്തബ അത്‌റോദി മസ്‌കത്തിലെത്തി. ഇറാന്‍ വിദേശകാര്യ വക്താവ് റമിന്‍ മെഹ്മന്‍പറസ്താണ് മുജ്തബയെ മോചിപ്പിച്ച വിവരം അറിയിച്ചത്. മസ്‌കത്തിലെത്തിയ അദ്ദേഹം ഇന്ന് തെഹ്‌റാനിലേക്ക് പോകും.

ഷാരിഫ് സര്‍വകലാശാലയിലെ സയിന്റിഫിക് സൊസൈറ്റി അംഗമാണ് ഇദ്ദേഹം. സുല്‍ത്താന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം യു എസില്‍ നിന്ന് മസ്‌കത്തിലെത്തിയതെന്ന് ഒമാന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 2011 മുതലാണ് അദ്ദേഹത്തെ യു എസ് തടവിലാക്കിയത്. മസ്‌കത്തിലെ ഇറാന്‍ എംബസി ഉദ്യോഗസ്ഥന്‍ റേസാ മിഹാനി ഹസാന്‍സാദ്, സുല്‍ത്താന്റെ ഉപദേഷ്ടാവ് നാസിര്‍ ഇസ്മാഈലി എന്നിവരാണ് വിമാനത്താവളത്തില്‍ ആദ്ദേഹത്തെ സ്വീകരിച്ചത്.
അമേരിക്കന്‍ ലബോറട്ടറി ഉപകരണം വാങ്ങിയതുമായി ബന്ധപ്പെട്ട് എക്‌സ്‌പോര്‍ട് നിയമം ലംഘിച്ചുവെന്നാരോപിച്ച് 2011 ഡിസംബര്‍ ഏഴിനാണ് ലോസ് ആഞ്ചല്‍സില്‍ അദ്ദേഹത്തെ പിടികൂടുന്നത്. ഇന്റഗറേറ്റഡ് സര്‍ക്യൂട്ട്, സ്മാര്‍ട് കാര്‍ഡ്, സെന്‍ട്രല്‍ ഓഫീസ് ലൈന്‍ കാര്‍ഡ്, ഡിജിറ്റല്‍ ടി വി സെറ്റ് അപ്പ് ബോക്‌സ് എന്നിവയെ കുറിച്ചാണ് അദ്ദേഹം പഠനം നടത്തുന്നതെന്ന് അദ്ദേഹത്തിന്റെ സര്‍വകലാശാല അറിയിച്ചിരുന്നു.
അദ്ദേഹം സൈനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട ഒരു ഗവേഷണത്തിലും പങ്കാളിയായിരുന്നില്ലെന്നും പ്രസ്താവന പറയുന്നു. സൈനികര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി തന്നെ ബന്ധപ്പെടുത്തിയുള്ള ആരോപണം ഡോ.അത്‌റോദി അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നിഷേധിച്ചിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗമാണ് തന്റെ പ്രവര്‍ത്തന മേഖലയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഭാര്യയും നിഷേധിച്ചിരുന്നു. പരീക്ഷണത്തിന്റെ ഭാഗമായി സ്വന്തം ലബോറട്ടറിയുണ്ടെന്നും ഇവിടേക്കുള്ള ഉപകരണമാണ് വാങ്ങിയതെന്നും അത് സൈനിക ഉപയോഗത്തിനുള്ളതല്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. രണ്ട് വര്‍ഷമായി തടവില്‍ കഴിയുന്ന ഡോക്ടറുടെ ആരോഗ്യ നിലയിലും കുടുംബം ആശങ്ക രേഖപ്പെടുത്തിയിരുന്നു.
കസ്റ്റഡിയിലിരിക്കെ പക്ഷാഘാതവുമുണ്ടായി. ഹൃദ്രോഗവും പ്രമേഹവും ജയില്‍ ജീവിതത്തില്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. 2011 ല്‍ ഇറാന്‍ ആദരിച്ച 23 ശാസ്ത്രഞ്ജരിലൊരാളായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ ഫോട്ടോകള്‍ക്ക് മൈക്രോ റസീവര്‍ കണ്ടെത്തിയതിനായിരുന്നു ഇറാന്‍ സര്‍ക്കാറിന്റെ പുരസ്‌കാരം. ഇറാന്‍ പ്രസിഡന്റ്, ശാസ്ത്രകാര്യ മന്ത്രി, പ്രതിരോധമന്ത്രി എന്നിവരാണ് പുരസ്‌കാരം നല്‍കിയത്. മൈക്രോചിപ്പ് വിദഗ്ധനാണ് 54 കാരനായ പ്രൊഫസര്‍.

ALSO READ  "എന്റെ മകൻ പോയി"; യു എസിൽ പാർട്ടിക്കിടെ വെടിവെപ്പ് ,ഒരു മരണം; 20 പേർക്ക് പരുക്ക്