Connect with us

Malappuram

പള്ളി പുനരുദ്ധരിക്കാനെത്തിയ വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയേറ്റ ശ്രമം

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടി 17ല്‍ വെണ്ണേങ്കോട്ടു പള്ളിയാളി മസ്ജിദുര്‍റഹ്മ പുനരുദ്ധരിക്കാനെത്തിയ വഖ്ഫ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയേറ്റ ശ്രമം. ഇതെ തുടര്‍ന്ന് പള്ളി പുനരുദ്ധരിക്കാനാകാതെ ഉദേ്യാഗസ്ഥര്‍ മടങ്ങി. ആന്തിയൂര്‍ക്കുന്ന് മുട്ടയൂര്‍ അറക്കല്‍ കുഞ്ഞിപ്പാത്തോമ ഹജ്ജുമ്മ 1919ല്‍ വഖഫ് ചെയ്ത ഭൂമി സ്വകാര്യ വ്യക്തികള്‍ വ്യാജ രേഖയുണ്ടാക്കി സ്വന്തമാക്കുകയായിരുന്നു. ഭൂമിയിലെ ഏതാനും സെന്റ് സ്ഥലം ഇതിനിടെ മറിച്ചു വില്‍ക്കുകയും ചെയ്തു.ഇതോടെ പള്ളിയിലേക്കുള്ള വഴിയും മുടങ്ങി.
പള്ളിയും വഖഫ് ഭൂമിയും സംരക്ഷിക്കുന്നതിനും പള്ളി പുനരുദ്ധരിക്കുന്നതിനുമുള്ള മസ്ജിദുര്‍റഹ്മ കമ്മിറ്റിയുടെ ശ്രമങ്ങളെ സ്വകാര്യ വ്യക്തികള്‍ കോടതിയില്‍ ചോദ്യം ചെയ്തു.
കേസ് വര്‍ഷങ്ങളായി നീണ്ടു പോയതോടെ പള്ളി പുനരുദ്ധരിക്കുന്നതിനു കഴിയാതാവുകയും ചെയ്തു. പള്ളിക്കെതിരെയുള്ള കേസ് ഹൈക്കോടതി വഖഫ് ബോര്‍ഡിലേക്കു തന്നെ റഫര്‍ ചെയ്തു. ഇതിനിടെ കഴിഞ്ഞ നവമ്പറില്‍ പള്ളി പുനരുദ്ധരിക്കുന്നതിന് വഖഫ് ബോര്‍ഡ് യോഗം തീരുമാനമെടുത്തു. ഈ തീരുമാനപ്രകാരമാണ് ഇന്നലെ വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥനായ നാലകത്ത് റഹ്മത്തുല്ലയും സഹായിയും എത്തിയത്. ഓടു മേഞ്ഞ പള്ളിയുടെ മേല്‍ക്കൂര മാറ്റിത്തുടങ്ങിയതോടെ സ്വകാര്യ വ്യക്തികള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയേറ്റത്തിനു ശ്രമിച്ചു. ഇതോടെ പോലീസെത്തി പുനരുദ്ധാരണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനാവശ്യപ്പെട്ടു. പ്രവൃത്തികള്‍ തടഞ്ഞതിനെതിരെ ഉദ്യോഗസ്ഥര്‍ വഖഫ് ബോര്‍ഡിനു റിപ്പോര്‍ട്ട് നല്‍കും. ഈ മാസം 30 നു ചേരുന്ന വഖഫ് ബോര്‍ഡ് യോഗം പള്ളി പുനരുദ്ധരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. പ്രവൃത്തി തടഞ്ഞ നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. 200 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്ത് നിസ് കാരത്തിനുള്ള ഏക പള്ളിയാണ് മസ്ജിദുര്‍റഹ് മ. പള്ളി സംരക്ഷിക്കുന്നതിനു എന്തു വില നല്‍കുമെന്നും പള്ളിക്കമ്മിറ്റിക്കു പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. പള്ളി പുനരുദ്ധരിക്കാനാകാതെ നശിക്കുന്ന വാര്‍ത്ത “സിറാജ് ” പ്രസിദ്ധീകരിച്ചിരുന്നു.

Latest