Connect with us

Editorial

ജെ പി സിയും ഇടക്കാല റിപ്പോര്‍ട്ടും

Published

|

Last Updated

ഏറെ കോളിളക്കം സൃഷ്ടിച്ച 2 ജി സ്‌പെക്ട്രം അഴിമതിക്കേസ് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ(ജെ പി സി) കരട് റിപ്പോര്‍ട്ടിന്റെ ഭാവി ചോദ്യം ചെയ്തും അധ്യക്ഷന്‍ പി സി ചാക്കോയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടും യോജിക്കാവുന്ന പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്ത് വന്നിരിക്കയാണ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ കരട് അംഗീകരിക്കുന്നതിന് സമിതി യോഗം ചേരാനിരിക്കെ, പി സി ചാക്കോയെ നീക്കണമെന്നാവശ്യപ്പെട്ട് മുപ്പതംഗ ജെ പി സിയിലെ 15 പ്രതിപക്ഷ എം പിമാര്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറിനു കത്ത് നല്‍കിയതോടെയാണ് റിപ്പോര്‍ട്ടിന്റെ മാത്രമല്ല, ജെ പി സിയുടെ ഭാവിയും പരുങ്ങലിലായത്. ജെ പി സിയില്‍ ഭരണ പ്രതിപക്ഷ ബലാബലം രൂപപ്പെട്ടിരിക്കെ സര്‍ക്കാരിനാണ് മുഖം രക്ഷിക്കാന്‍ പാടുപെടേണ്ടി വന്നിരിക്കുന്നത്. കാസ്റ്റിംഗ് വോട്ടിന്റെ ബലത്തില്‍ സാങ്കേതികമായി സര്‍ക്കാരിന് രക്ഷപ്പെടാമെങ്കിലും രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ ഒരു പോര്‍മുഖം കൂടി തുറക്കപ്പെടുകയാകും ഫലമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെട്ടതുകൊണ്ട് തന്നെ ചാക്കോയെ രക്ഷപ്പെടുത്താനും കരട് റിപ്പോര്‍ട്ട് പാസാക്കിയെടുക്കാനും കോണ്‍ഗ്രസും കരുനീക്കം ശക്തമാക്കിയിട്ടുണ്ട്. ചാക്കോയെ മാറ്റരുതെന്നും സ്‌പെക്ട്രം അനുവദിച്ച തീരുമാനങ്ങളില്‍ നേരിട്ടു പങ്കാളികളായിരുന്ന ബി ജെ പിയിലെ ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, രവിശങ്കര്‍ പ്രസാദ് എന്നിവരെ ജെ പി സിയില്‍ നിന്നു നീക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളും സ്പീക്കര്‍ക്കു കത്ത് നല്‍കിയിട്ടുണ്ട്. ജെ പി സി അന്വേഷിക്കുന്ന 1998 മുതലുള്ള സ്‌പെക്ട്രം ഇടപാടുകളിലെ പല പ്രധാന തീരുമാനങ്ങളിലും മൂവര്‍ക്കും പങ്കുണ്ടെന്നും ഇവര്‍ ജെ പി സിയില്‍ അംഗങ്ങളായത് “കോണ്‍ഫഌക്ട് ഓഫ് ഇന്ററസ്റ്റ്” ആണെന്നും കോണ്‍ഗ്രസ് പറയുന്നു.
ബി ജെ പി, ജെ ഡി-യു, ബി ജെ ഡി, ഇടത്, തൃണമൂല്‍, ഡി എം കെ അംഗങ്ങളാണ് ചാക്കോയെ മാറ്റണമെന്നാവശ്യപ്പെടുന്ന കത്തില്‍ ഒപ്പിട്ടത്. കോണ്‍ഗ്രസ്, എന്‍ സി പി, ബി എസ് പി, എസ് പി പാര്‍ട്ടികളിലെ ശേഷിച്ച 15 പേര്‍ ചാക്കോയോടൊപ്പമാണ്. ജെ പി സി റിപ്പോര്‍ട്ടിന്മേല്‍ യോഗത്തില്‍ വോട്ടെടുപ്പുണ്ടായാല്‍ ഇരുപക്ഷത്തും തുല്യത വരുമ്പോള്‍ ചെയര്‍മാനു കാസ്റ്റിംഗ് വോട്ടുണ്ട്. ചെയര്‍മാന്റെ കാസ്റ്റിംഗ് വോട്ടോടെ അന്തിമ റിപ്പോര്‍ട്ട് ജെ പി സി അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. വിവിധ കക്ഷികളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റിക്ക് രൂപം നല്‍കുന്നത്.
കരട് റിപ്പോര്‍ട്ട് ചോര്‍ന്നത്, പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കുറ്റവിമുക്തരാക്കുന്നത്, സി എ ജിയെ നിശിതമായി വിമര്‍ശിക്കുന്നത് തുടങ്ങിയവയുടെ പേരിലാണു ജെ പി സിയില്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയമായി ഏറ്റുമുട്ടുന്നത്. ജെ പി സിയുടെ കരട് റിപ്പോര്‍ട്ട് ചോര്‍ന്നുവെന്നും ചാക്കോയില്‍ വിശ്വാസമില്ലാത്തതിനാല്‍ അദ്ദേഹത്തെ നീക്കി മറ്റൊരാളെ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കണമെന്നുമാണ് പ്രതിപക്ഷ എം പിമാര്‍ സ്പീക്കര്‍ക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്. നേരത്തെ ചാക്കോക്കെതിരേ ബി ജെ പിയും ഡി എം കെയും അവകാശലംഘനത്തിനു നോട്ടീസ് നല്‍കിയിരുന്നു.
സര്‍ക്കാരിനെ രക്ഷിക്കാന്‍ ജെ പി സി തലവന്‍ പക്ഷപാതപരമായാണു റിപ്പോര്‍ട്ട് തയാറാക്കിയതെന്നു പ്രതിപക്ഷം ആരോപിക്കുന്നു. കരട് റിപ്പോര്‍ട്ട് സത്യസന്ധമല്ലെന്നും ചാക്കോയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ബി ജെ പി ആരോപിക്കുമ്പോള്‍ ജെ പി സി റിപ്പോര്‍ട്ടിന്മേല്‍ ബദല്‍ റിപ്പോര്‍ട്ടിന് സമാനമായ വിയോജനക്കുറിപ്പ് നല്‍കാനാണ് സി പി എം തീരുമാനം. എന്നാല്‍, വോട്ടെടുപ്പിന്റെ ആവശ്യമില്ലെന്നും വിയോജിപ്പുള്ളവര്‍ അക്കാര്യം രേഖപ്പെടുത്തി റിപ്പോര്‍ട്ട് പാസാക്കണമെന്നുമാണ് ചാക്കോയുടെ ആവശ്യം.
രാജ്യത്തിനും ജനങ്ങള്‍ക്കുമവകാശപ്പെട്ട കോടികളാണ് കമ്മീഷന്‍ ഇനത്തിലും കോഴ വകയിലും കൊള്ളയടിക്കപ്പെടുന്നത്. വെളിച്ചത്തായാല്‍ കൈ കഴുകാനും മുഖം മിനുക്കാനും പിടിയിലൊതുക്കാവുന്ന അന്വേഷണ കമ്മീഷനെ പ്രഖ്യാപിക്കും. റിപ്പോര്‍ട്ട് ആരെയും കാര്യമായി നോവിക്കാതെ സമ്പ്രദായങ്ങളെയും രീതികളെയും കുറ്റപ്പെടുത്തി കുറ്റവാളികള്‍ക്ക് പഴുതുകള്‍ സമ്മാനിക്കുന്നതാകും.
വിപുലമായ അധികാര പരിധിയുള്ള സമിതിയാണ് സംയുക്ത പാര്‍ലിമെന്ററി സമിതി. ആവശ്യമെങ്കില്‍ ഭരണത്തലവനെ വരെ വിളിച്ചു വരുത്തി മൊഴിയെടുക്കാന്‍ അധികാരമുള്ള ഏജന്‍സി. പാര്‍ലിമെന്റേറിയനെന്ന നിലയില്‍ പാടവം തെളിയിച്ച പി സി ചാക്കോയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കളാണ് അംഗങ്ങള്‍. എന്നാല്‍ സമിതി സ്‌പെക്ട്രം കേസിലെ പ്രധാന കുറ്റാരോപിതനായ എ രാജയെ വിളിപ്പിച്ച് അദ്ദേഹത്തിന്റെ മൊഴിയെടുക്കാതിരുന്നത് റിപ്പോര്‍ട്ട് സമ്പൂര്‍ണമല്ലെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. രാജ തന്നെ ഈ ആവശ്യമുന്നയിച്ച് സമിതിക്ക് കത്തയിച്ചിട്ടുമുണ്ട്. അന്വേഷണത്തില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും മുമ്പ് ജെ പി സിക്ക് ഇനിയും സമയമുണ്ട്. എന്നാല്‍ രാഷ്ട്രീയ സങ്കുചിതത്വത്തിന്റെ പേരില്‍ അന്വേഷണം അട്ടിമറിക്കപ്പെടുകയോ കുററവാളികള്‍ രക്ഷപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകരുത്.

Latest