Connect with us

Malappuram

ആധാര്‍ രജിസ്‌ട്രേഷന് പണം വാങ്ങുന്നത് സംഘര്‍ഷത്തിനിടയാക്കുന്നു

Published

|

Last Updated

കാളികാവ്: ആധാര്‍ രജിസ്‌ട്രേഷനും ഫോട്ടോ എടുക്കലും പണം വാങ്ങുന്നത് സംഘര്‍ഷത്തിനിടയാക്കുന്നു. പൊരിവെയിലില്‍ മണിക്കൂറുകളോളം വരി നിന്നാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഒരാള്‍ക്ക് തന്നെ പതിനഞ്ച് മിനുട്ടിലധികം സമയം ചിലവഴിക്കേണ്ടി വരുന്നതിനാല്‍ വളരെ സാവധാനമാണ് രജിസ്‌ട്രേഷനും ഫോട്ടോ എടുക്കലും നടക്കുന്നത്. വിരലടയാളങ്ങള്‍ പതിയുന്നതിനും കൂടുതല്‍ സമയം എടുക്കുന്നു.
ശക്തമായ ചൂടില്‍ രാവിലെ മുതല്‍ വരിക്ക് നിന്ന പലരും തളര്‍ന്ന് വീഴുന്നതും പതിവാണ്. സൗജന്യമായി വിതരണം ചെയ്യേണ്ട രജിസ്‌ട്രേഷന്‍ ഫോറത്തിന് പത്ത് രൂപയില്‍ കുറയാത്ത സംഖ്യ ജനങ്ങളില്‍ നിന്ന് പിരിവ് എടുക്കുന്നത് ചിലയിടങ്ങളില്‍ സംഘര്‍ഷത്തിന് കാരണമായി. രജിസ്‌ട്രേഷന്‍ ഫോറം ഫോട്ടോ സ്റ്റാറ്റ് എടുത്ത് നല്‍കുകയാണെങ്കില്‍ പോലും രണ്ട് രൂപയില്‍ താഴെ മാത്രമാണ് ചിലവ് വരുന്നത്. എന്നാല്‍ ഇതിന് പത്ത് രൂപ ഈടാക്കി കച്ചവടം നടത്തുന്നത് പലയിടത്തും ജനങ്ങള്‍ ഇടപെട്ട് നിര്‍ത്തിവെച്ചു. ചോക്കാട് പഞ്ചായത്തിലെ ഉദിരംപൊയിലില്‍ ഗാന്ധിയൂത്ത് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ രജിസ്‌ട്രേഷന്‍ ഫോറം ഫോട്ടോസ്റ്റാറ്റ് എടുത്ത് സൗജന്യമായി വിതരണം ചെയ്യുകയും കച്ചവടം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു.
ആധാര്‍ രജിസ്ടര്‍ ചെയ്യാന്‍ എത്തുന്നവരില്‍ നിന്ന് ഫോറം നല്‍കി പത്ത് രൂപ ഈടാക്കുന്നതിന് പുറമെ പത്ത് രൂപ കൂടി വാങ്ങുന്നതും ചില പ്രദേശങ്ങളില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന ജോലിക്കാരുടെ പെരുമാറ്റവും, സ്വഭാവ ദൂഷ്യവും സംഘര്‍ഷത്തില്‍ കലാശിച്ചതിനാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ നിര്‍ത്തിവെച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പഞ്ചായത്തുകളാണ് ആധാര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നത്. വൈദ്യുതി കൃത്യമായി ഇല്ലാത്തത് കാരണം ജനറേറ്റര്‍ ഉപയോഗിച്ചാണ് പലയിടത്തും രജിസ്‌ട്രേഷന്‍ നടത്തുന്നത്.
ഇതിനുള്ള ചിലവും, രജിസ്‌ട്രേഷന്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഭക്ഷണവും മറ്റും ഒരുക്കുന്നതിന് കൂടിയാണ് പണം പിരിക്കുന്നതെന്നാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ സൗജന്യമായി ചെയ്ത്‌കൊടുക്കുന്ന ആധാര്‍ രജിസ്‌ട്രേഷന്റെ പേരില്‍ നടത്തുന്ന പണപിരിവും, വരിനിന്ന് രജിസ്‌ട്രേഷന് എത്തുന്നവരെ മറികടന്ന് സ്വന്തക്കാരെ തിരുകി കയറ്റുന്നതും ഉന്തും തള്ളിനുമിയാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest