Connect with us

Articles

സമരമാണ് ജീവിതം

Published

|

Last Updated

ആര്‍ജവമുള്ള സമരങ്ങളാണ് സമൂഹത്തില്‍ അഭിപ്രായ രൂപവത്കരണത്തിന് അവസരമൊരുക്കുക. ഒരു നിശ്ചിത ഉന്നത്തെ കീഴടക്കുക എന്നതിനപ്പുറം അവയുടെ പാര്‍ശ്വഫലങ്ങള്‍ പോലും വ്യാപ്തി ഉള്ളതായിരിക്കും. തിന്‍മക്കും അനീതിക്കുമെതിരെ സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തുന്നതിനും അരാജകവാദികളില്‍ അപകര്‍ഷത നിറക്കുന്നതിനും ആത്മാര്‍ഥവും ലക്ഷ്യാധിഷ്ഠിതവുമായ സമരങ്ങള്‍ വഴിയൊരുക്കും. അത്തരം സമരങ്ങള്‍ തന്നെ സ്വാര്‍ഥമോ ധനപരമോ ആയ താത്പര്യങ്ങള്‍ക്ക് വേണ്ടിയാകുമ്പോള്‍ അവ പരാജയപ്പെടുന്നു.
നമ്മുടെ സമൂഹം അതിവേഗം അരാഷ്ട്രീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രതികരണമോ പ്രതിഷേധമോ ഇല്ലാത്ത, ഷണ്ഡീകരിക്കപ്പെട്ട യുവത്വം ഇവിടെ വളര്‍ന്നു വരുന്നു. രാഷ്ട്രീയത്തിന്റ അപചയവും ആരും നല്ലവരല്ലെന്ന തിരിച്ചറിവും സ്വന്തത്തിലേക്ക് ഉള്‍വലിയുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നു. അതില്‍ തനിക്കെന്ത് കാര്യം എന്നായിരിക്കും ഇവര്‍ ചോദിക്കുക. തെരുവില്‍ അപകടത്തില്‍ പെട്ട് ജീവനു വേണ്ടി പിടയുന്ന സഹജീവിയെ അറപ്പൊന്നും കൂടാതെ അവര്‍ അവഗണിക്കും. അയല്‍പക്കത്തെ പട്ടിണിയോ സഹപാഠിയുടെ വിശപ്പോ പീഡിതന്റെ വേദനയോ വേദനിക്കുന്നവന്റെ നിലവിളിയോ അവരെ തെല്ലും അലട്ടുന്നില്ല. സഹജീവിക്ക് ചികിത്സ ലഭ്യമാക്കി അവന്റെ ജീവന്‍ രക്ഷിക്കുന്നത് ഒരു സമരമാണ്. പക്ഷേ, സമരം ആര്‍ജവമുള്ള ധീരമായ കൃത്യമാണ്. പട്ടിണിക്കും ദാരിദ്ര്യത്തിനും പീഡനങ്ങള്‍ക്കുമെതിരെ നിലപാട് സ്വീകരിക്കുക എന്നത് ആര്‍ജവമുള്ള പോരാളിക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. ഈ ആര്‍ജവം ഇന്ന് നഷ്ടപ്പെടുകയാണ്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നമുക്ക് പൊട്ടിത്തെറിക്കുന്ന ക്യാമ്പസ് ഉണ്ടായിരുന്നു. ആഭാസകരമോ അര്‍ഥശൂന്യമോ ആയ പ്രതികരണങ്ങള്‍കൊണ്ട് മുഖരിതമായിരുന്നു കലാലയങ്ങള്‍. കലാലയ രാഷ്ട്രീയമായിരുന്നു പിന്നിലെ വില്ലന്‍. കുട്ടികളുടെ രാഷ്ട്രീയം മുതിര്‍ന്നവര്‍ കൈകാര്യം ചെയ്തു തുടങ്ങിയതോടെ ക്യാമ്പസ് അന്തരീക്ഷം കലുഷമായി. 1973ല്‍ ആണ് കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പിറവിയെടുക്കുന്നത്. രക്ഷിതാക്കള്‍ നെടുവീര്‍പ്പുതിര്‍ത്തു. ഇനി എന്തെല്ലാം കാണേണ്ടിവരുമെന്ന ചിന്ത അന്ന് പ്രസക്തമായിരുന്നു. വിദ്യാര്‍ഥിത്വം കളിയല്ലെന്നും ക്യാമ്പസില്‍ നിന്ന് നമുക്ക് ചിലത് പ്രതീക്ഷിക്കാമെന്നും ഈ സംഘടന സമൂഹത്തെ ബോധ്യപ്പെടുത്തി. അന്ന് മുതല്‍ ആരും വിളിക്കാന്‍ ധൈര്യപ്പെടാത്ത ഒരു മുദ്രാവാക്യവുമായാണ് എസ് എസ് എഫ് മുന്നേറിയത്. ധാര്‍മിക വിപ്ലവം സിന്ദാബാദ്.
കലാലയ രാഷ്ട്രീയം നിരോധിക്കുക എന്ന എസ് എസ് എഫിന്റെ മുദ്രാവാക്യം ഒട്ടുവളരെ പേരില്‍ അമ്പരപ്പ് സൃഷ്ടിക്കുന്നതായിരുന്നു. നടക്കുമോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തി. എഴുപതുകളില്‍ അസാധ്യമെന്ന് തോന്നിച്ച കാര്യം നിരന്തര പോരാട്ടങ്ങളിലൂടെ എസ് എസ് എഫ് നേടിയെടുത്തു. ഉജ്ജ്വലമായ ആ സമരത്തിന്റെ ഗുണഫലങ്ങള്‍ ഇന്ന് സമൂഹം അനുഭവിക്കുന്നു. കലാലയ രാഷ്ട്രീയം പോയതോടെ മറ്റ് മാര്‍ഗങ്ങളിലൂടെ തിന്‍മകള്‍ കയറിവരുന്നതിനെതിരെ സംഘടന നിരന്തരം ജാഗ്രത പുലര്‍ത്തുന്നുണ്ട്. ക്യാമ്പസില്‍ അതിവേഗം വേരു പിടിക്കുന്ന അരാജകത്വവും അരാഷ്ട്രീയവും വിദ്യാര്‍ഥികളെ ഷണ്ഡീകരിക്കുമെന്ന് സംഘടന ഭയപ്പെടുന്നു. അരാഷ്ട്രീയത്തില്‍ നിന്ന് നിലപാടുകളിലേക്കും അരാജകത്വത്തില്‍ നിന്ന് ധാര്‍മികതയിലേക്കും ക്യാമ്പസ് തിരിച്ചുകയറണം. അതിന് സഹനപൂര്‍വമുള്ള സമരങ്ങള്‍ ആവശ്യമാണ്. ജീവിതത്തെ സമരത്തിന് അര്‍പ്പിക്കുന്ന വിദ്യാര്‍ഥിത്വം രൂപപ്പെടുമ്പോള്‍ മാത്രമേ ധാര്‍മിക വിപ്ലവം സാധ്യമാകൂ. ഭാവിയുടെ ദിശ നിര്‍ണയിക്കുന്ന സമരങ്ങളാണ് ഉയര്‍ന്നുവരേണ്ടത്. അപശബ്ദത്തിന്ന് പകരം ധാര്‍മിക രോഷത്തിന്റെ ചടുലമായ മുദ്രാവാക്യങ്ങള്‍ ക്യാമ്പസില്‍ രൂപപ്പെടണം.
സമരം എന്ത്? എന്തിന്? എങ്ങനെ? എന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് നമുക്ക് പ്രതീക്ഷ നല്‍കുന്നു. ഇത്തരം ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാത്ത അലക്ഷ്യമായ സമരങ്ങള്‍ ധാരാളം കണ്ടവരാണ് കേരള ജനത. അവയില്‍ ചിലത് ദത്തെടുക്കപ്പെടുന്ന സമരങ്ങളായിരുന്നു. തിന്മയുടെ സ്ഥാപകന്‍മാര്‍ തന്നെ തിന്മക്കെതിരെയുള്ള സമരങ്ങള്‍ ദത്തെടുക്കുന്നു. കുറച്ചുകാലം സമരവും തിന്മയും സമാന്തരമായി നീങ്ങിക്കഴിയുമ്പോള്‍ ദത്തുപുത്രന്‍മാര്‍ കൊടി മടക്കിവെച്ച് പിരിഞ്ഞുപോകുന്നു. ഇത് ചെലവേറിയ സമര രീതിയാണ്. തിന്മയുടെ ഉപാസകര്‍ പണമിറക്കി യഥാര്‍ഥ സമരങ്ങളെ അവ ആരംഭിക്കുന്നതിനു മുമ്പേ തകര്‍ത്തുകളയുന്നു. ഇരകള്‍ വഞ്ചിക്കപ്പെടുന്നു എന്നതാണ് ഫലം. തിന്മകളോടുള്ള ഒത്തുകളിയാണ് ഇത്തരം സമരങ്ങള്‍. ഇവര്‍ സമരം കൊണ്ട് ജീവിക്കുന്നു.
ഇടങ്ങള്‍ നിശ്ചയിച്ച് നല്‍കുന്നതാണ് ചില സമരങ്ങള്‍. സാമ്രാജ്യത്വത്തിന്റെ അധിനിവേശമോ തിന്മകളുടെ സ്ഥാപനമോ അരങ്ങേറുമ്പോള്‍ അവിടെ പ്രതിഷേധിക്കാനായി ഇടങ്ങള്‍ നിശ്ചയിക്കപ്പെടുന്നു. നിശ്ചയിച്ച ഇടങ്ങളില്‍ പോയി പ്രതിഷേധിച്ച് വരാം. ഇവിടെ സമരം പരിഹസിക്കപ്പെടുന്നു. അപഹാസ്യമാകുന്നു. സമരങ്ങള്‍ സ്വതന്ത്രമായിരിക്കണമെന്ന് എസ് എസ് എഫ് വിചാരിക്കുന്നു. അത് പീഡിതന്റെ പക്ഷം ചേര്‍ന്ന് അധര്‍മത്തിനെതിരെയുള്ള സമരമാകണം. നീതിയുടെ പക്ഷത്ത് നിന്ന് അനീതിക്കെതിരെയുള്ള സമരമാകണം. നന്മയുടെ പക്ഷത്ത് നിന്ന് തിന്‍മയെ വിപാടനം ചെയ്യുന്ന സമരമാകണം. വിശ്വാസപരവും ആദര്‍ശപരവുമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള ആദര്‍ശ പോരാട്ടങ്ങളാകണം. സര്‍വോപരി നാടിനും നാട്ടുകാര്‍ക്കും വേണ്ടിയുള്ള സമരങ്ങളാകണം.
സമരങ്ങള്‍ അവകാശങ്ങളെ ഹനിച്ചുകൊണ്ടോ സ്വാതന്ത്ര്യത്തെ നിഷേധിച്ചുകൊണ്ടോ ആകരുത്. അത് സ്വാര്‍ഥമോ ധനപരമോ ആയ താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതാകരുത്. ഇന്ത്യന്‍ ഭരണഘടനയും പൊതുസമൂഹവും അംഗീകരിക്കുന്ന മാര്‍ഗത്തില്‍ ഉദാത്തമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആവിഷ്‌കരിക്കപ്പെടുന്നതാണ് എസ് എസ് എഫിന്റെ സമരങ്ങള്‍. സമരം എന്തായിരിക്കണമെന്നും എങ്ങനെ ആയിരിക്കണമെന്നും എന്തിന് വേണ്ടിയായിരിക്കണമെന്നും എസ് എസ് എഫിന് ബോധ്യമുണ്ട്. ഇത്തരം സമരങ്ങള്‍ക്ക് ഇടങ്ങള്‍ നിശ്ചയിക്കുന്നതോ പരിധികള്‍ നിര്‍ണയിക്കുന്നതോ ഈ വിദ്യാര്‍ഥി പ്രസ്ഥാനം അംഗീകരിക്കുന്നില്ല. സംഘടനയുടെ കഴിഞ്ഞ നാല്‍പ്പതാണ്ട് സമരധന്യമാണ്. എസ് എസ് എഫിന് സമരങ്ങളില്‍ തോല്‍ക്കേണ്ടി വന്നിട്ടില്ല. സമരം സംഘടനക്ക് ഒരിക്കലും വരുമാന മാര്‍ഗമായിരുന്നില്ല. തിന്മയുമായി ഒത്തുകളിക്കാന്‍ ഈ വിദ്യാര്‍ഥി പ്രസ്ഥാനം ഒരുക്കമല്ലായിരുന്നു. കലാലയ രാഷട്രീയം, മദ്യം, പാന്‍മസാല, കരിക്കുലത്തിന്റെ ധാര്‍മികവത്കരണം, പാഠപുസ്തകങ്ങളുടെ വര്‍ഗീയവത്കരണം, എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക വിഷങ്ങള്‍, സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ സ്ഖലിതങ്ങള്‍, അറബി പുസ്തകങ്ങളില്‍ കടന്നുകൂടിയ മാലിന്യങ്ങള്‍, ഹയര്‍ സെക്കന്‍ഡറി അറബിസിലബസിന്റെ ശുദ്ധീകരണം, ആരാധനാലയങ്ങളിലെ അധിനിവേശങ്ങള്‍, ഇങ്ങനെ സമരം കൊണ്ട് എസ് എസ് എഫ് ഇടപെട്ട വിഷയങ്ങള്‍ എത്രയെങ്കിലുമുണ്ട്. അവയില്‍ ഒന്നില്‍ പോലും തോറ്റതായി എസ് എസ് എഫ് കരുതുന്നില്ല. താത്കാലികമായ തിരിച്ചടികള്‍ തോല്‍വിയല്ല. അത് സമരങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുകയേ ഉള്ളൂ. കലാലയ രാഷ്ട്രീയം വിപാടനം ചെയ്യപ്പെട്ടു. പാന്‍മസാലകള്‍ നിരോധിക്കപ്പെട്ടു. മദ്യം വെല്ലുവിളിയായി തുടരുന്നു. മറ്റനേകം തിന്മകളും തുടച്ചുനീക്കപ്പെടേണ്ടതായി നിലവിലുണ്ട്. ഹൈടെക് തിന്മകളുടെ അരങ്ങേറ്റം വേറെയും. സമരമാണ് ജീവിതം എന്ന എസ് എസ് എഫിന്റെ പ്രമേയം ഈ സന്ദര്‍ഭത്തിലാണ് പ്രസക്തമാകുന്നത്. ജീവിതത്തെ സമരത്തിന് വേണ്ടി അര്‍പ്പിക്കണമെന്ന ആഹ്വാനമാണ് ഈ പ്രമേയത്തിന്റെ അകപ്പൊരുള്‍. ജീവിതം തന്നെ സമരമാക്കുക എന്ന സന്ദേശം നല്‍കാന്‍ കഴിയുന്നിടത്താണ് എസ് എസ് എഫ് വ്യതിരിക്തമാകുന്നത്.

 

---- facebook comment plugin here -----

Latest