രാജ്യം വികസനത്തിന്റ പാതയില്‍; ‘വിഷന്‍ 2020’ പദ്ധതികള്‍ക്ക് വേഗത

Posted on: April 25, 2013 7:48 pm | Last updated: April 25, 2013 at 7:48 pm

മസ്‌കത്ത്: രാജ്യത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ശക്തി പകരുന്നതിന് നടപ്പിലാക്കുന്ന ഒമാന്‍ വിഷന്‍ 2020 പദ്ധതികള്‍ സര്‍ക്കാര്‍ വേഗത്താലാക്കുന്നു. വിവിധ മേഖലകലില്‍ നടപ്പില്‍ വരുത്തുന്ന വികസനങ്ങളിലൂടെയാണ് രാജ്യം വികസന ഭൂപടത്തില്‍ മാറ്റം സൃഷിടിക്കുന്നത്. സര്‍ക്കാര്‍ തലത്തിലെ മുഴുവന്‍ മേഖലകളുടെയും സഹകരണത്തോടെ മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ മേല്‍നോട്ടത്തിലാണ് വിഷന്‍ 2020 നടപ്പിലാക്കുന്നത്. തുടങ്ങിവെച്ചതും തുടങ്ങാനിരിക്കുന്നതുമായ പുതിയ വികസന പ്രവൃത്തനങ്ങള്‍ക്ക് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ മുഖഛായ മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുപ്രീം കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രാവര്‍ത്തികമാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തികള്‍ വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ തുടക്കമാകും. വിത്യസ്ത വികസന മേഖലകള്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകളും അനുബന്ധ പ്രവൃത്തികളും നടക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തില്‍ സുപ്രീം കൗണ്‍സിലുമായി കഴിഞ്ഞ ദിവസം മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി മന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സുനൈദി നടപ്പിലാക്കുനുദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തി.
വിദേശി ടൂറിസ്റ്റുകള്‍ക്കടക്കം സഞ്ചാരത്തിന് കൂടുതല്‍ സൗകര്യമൊരുക്കന്നതിനായി നിലവില്‍ പ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുന്ന റോഡുകളുടെ പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുന്നതിനും വിഷന്‍ 2020ല്‍ ഉള്‍പ്പെടുത്തി പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ആരോഗ്യ മേഖലയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് അടക്കമുള്ള വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്തും. സ്വദേശികള്‍ക്ക് പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള വായ്പകള്‍, സര്‍ക്കാറുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ലാഭകരവും സുതാര്യവുമാക്കുന്നതിനുള്ള നടപടികളും നടപ്പില്‍ വരുത്തും. രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ എണ്ണ ഉത്പാദന വിതരണ മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തി വരുമാനം വര്‍ധിപ്പിക്കും. കൂടുതല്‍ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി നടത്തുന്നതിനും നിലവില്‍ ഒമാനില്‍ നിന്നും എണ്ണ സ്വീകരിക്കുന്ന രാജ്യങ്ങളിലേക്കുള്ള എണ്ണയുടെ കയറ്റുമതി അളവ് ഉയര്‍ത്തുന്നതിനുമുള്ള ചര്‍ച്ചകള്‍ നടത്തും. എണ്ണയിതര ഉത്പന്നങ്ങളുടെ ഉത്പാദവും കയറ്റുമതിയും വര്‍ധിപ്പിക്കും. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നിന്നുള്ള എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിച്ചിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കാണ് കൂടുതല്‍ എണ്ണയിതര ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തത്.
2016-2020 വര്‍ഷക്കാലങ്ങളിലേക്കുള്ള പ്രത്യേക പദ്ധതികള്‍ രൂപകല്‍പന ചെയ്യും. പൗരന്‍മാരുടെ ഉന്നമനം ലക്ഷ്യം വെച്ച് തെഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിനാണ് സര്‍ക്കാര്‍ വിഷന്‍ 2020 പദ്ധതിയില്‍ പ്രാധാന്യം കൊടുക്കുന്നതിന്. തൊഴില്‍ രഹിതരായ യുവാക്കള്‍ക്കും മറ്റും തൊഴില്‍ തിരഞ്ഞെടുക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ അവസരമൊരുക്കും. പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ സ്വീകരിക്കാവുന്ന വെബ് പോര്‍ട്ടലുകളായിരിക്കും സര്‍ക്കാര്‍ ഇതിനായി തുറക്കുക. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ നിര്‍മിച്ചും സ്വദേശികെള അതിലേക്ക് ആകര്‍ഷിപ്പിച്ചുമാണ് വികസനം നടപ്പില്‍ വരുത്തുന്നത്.