കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യക്കെതിരെ അഴിമതിയാരോപണം

Posted on: April 25, 2013 11:50 am | Last updated: April 25, 2013 at 12:30 pm

കെല്‍ക്കത്ത: കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യക്കെതിരെ ബംഗാളില്‍ അറസ്റ്റിലായ ചിട്ടിക്കമ്പനി ഉടമയുടെ ആരോപണം.അസം കേന്ദ്രീകരിച്ച് ചാനല്‍ തുടങ്ങുന്നതിന് വേണ്ടി നളിനി ചിദംബരം 42 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. കോടികളുടെ ചിട്ടിതട്ടിപ്പ് നടത്തിയ ശാരദാ ഗ്രൂപ്പ് സിഎംഡി സുദീപ്‌തോ സെന്നിന്റെതാണ് പുതിയ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും നേതാക്കള്‍ തന്നെ വഞ്ചിച്ചുവെന്ന് സിബിഐക്ക് അയച്ച ആത്മഹത്യാ ഭീഷണിക്കത്തില്‍ സുദീപ്‌തോ ആരോപിക്കുന്നു.തനിക്ക് എവിടെനിന്നും സഹായം ലഭിക്കുന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കത്തില്‍ വ്യക്തതമാക്കുന്നു. ഇന്നലെ കാശ്മീരില്‍നിന്നു പിടിയിലാകും മുന്‍പാണ് ഇയാള്‍ കത്തയച്ചിരുന്നത്. സിബിഐയുടെ ഡല്‍ഹി ഓഫീസില്‍ ലഭിച്ച കത്ത് പിന്നീട് കൊല്‍ക്കത്തയിലേക്ക് കൈമാറുകയായിരുന്നു.പശ്ചിമബംഗാളിലെ ചിട്ടിഫണ്ട് വ്യവസായത്തില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുകച്ചവടം തുറന്നു കാട്ടുന്നതാണ് 18 പേജുള്ള കത്ത്. ബംഗാള്‍, അസം, ഒഡീഷ, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാര്‍ തന്നെ വഞ്ചിച്ചതായാണ് സുദീപ്‌തോ ആരോപിക്കുന്നത്. പലരും കോടിക്കണക്കിന് രൂപയാണ് തന്നില്‍ നിന്നും വാങ്ങിയിട്ടുള്ളത്.നഷ്ടത്തിലുള്ള മോട്ടോര്‍ സൈക്കിള്‍ നിര്‍മാണക്കമ്പനിയടക്കം പല സ്ഥാപനങ്ങളും വാങ്ങാന്‍ തൃണമൂലുമായി അടുത്ത ബന്ധമുള്ള ബിസിനസ് ലോബി തന്നില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്നാണ് സുദീപ്‌തോയുടെ ആരോപണം. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളില്‍നിന്ന് ഇടപെടലൊന്നും ഉണ്ടാകില്ലെന്ന ഉറപ്പാണ് ഇവര്‍ നല്‍കിയത്. വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ പണം മുടക്കാന്‍ താന്‍ തയാറായതും ഇത്തരം ഇടപെടലുണ്ടാകില്ലെന്ന ഉറപ്പിലാണെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു.