ഡി എസ് പി കൊലപാതകം: രാജ ഭയ്യയുടെ അംഗരക്ഷകനടക്കം ഏഴ് പേര്‍ അറസ്റ്റില്‍

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 7:25 am

പ്രതാപ്ഗഢ്: കുണ്ഡ ഡി എസ് പി സിയാഉല്‍ ഹഖ് കൊല്ലപ്പെട്ട കേസില്‍ മുന്‍മന്ത്രി രഘുരാജ് പ്രതാപ് സിംഗെന്ന രാജ ഭയ്യയുടെ സുരക്ഷാ ജീവനക്കാരനടക്കം ഏഴ് പേരെ സി ബി ഐ അറസ്റ്റ് ചെയ്തു. ഡി എസ് പിയെ കൊല്ലാന്‍ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഇവരാണെന്നും ഗ്രാമത്തലവന്‍ നാനെ യാദവ് കൊല്ലപ്പെട്ടത് അറിഞ്ഞാണ് ഇവര്‍ സംഭവസ്ഥലത്ത് എത്തിയതെന്നും സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു.
രാജ ഭയ്യയുടെ സുരക്ഷാ ജീവനക്കാരന്‍ ഭുല്ലെ പാല്‍ ആണ് ഡി എസ് പിയെ കൊല്ലാന്‍ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഭുല്ലെ പാലിനെ കൂടാതെ, ഛോട്ടെ ലാല്‍ യാദവ്, ജ്ഞാന്‍ശ്യാം സരോജ്, റംലാഖാന്‍ ഗൗതം, രാമശ്രേയ്, ശിവരാം പാസി, മുന്ന പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ, ഗ്രാമത്തലവന്റെ മകന്‍, രണ്ട് സഹോദരങ്ങള്‍, വീട്ടുജോലിക്കാരന്‍ എന്നിവരെ കഴിഞ്ഞ 13ന് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. സംഭവദിവസം സിയാഉല്‍ ഹഖ് ഗ്രാമത്തലവന്റെ വീട്ടില്‍ പോയിരുന്നു. ഗ്രാമത്തലവന്‍ നാനെ യാദവിന്റെയും സിയാഉല്‍ ഹഖിന്റെയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ നടന്ന ഗൂഢാലോചന സംബന്ധിച്ചാണ് ഇനി അന്വേഷിക്കുകയെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.