മലിനജലം: കര്‍ശന നടപടികളുമായി പെരിന്തല്‍മണ്ണ നഗരസഭ ആരോഗ്യ വിഭാഗം

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 2:17 am

പെരിന്തല്‍മണ്ണ: ഓടകളിലേക്ക് പൈപ്പുകള്‍ സ്ഥാപിച്ച് മലിനജലം കടത്തിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി നഗരസഭ ആരോഗ്യ വിഭാഗം രംഗത്ത്.
നഗരത്തിലെ പ്രധാന കാനകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒട്ടേറെ സ്ഥാപനങ്ങളില്‍ നിന്നും മലിന ജലം ഒഴുകുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് നഗരസഭ ഹെല്‍ത്ത് വിഭാഗം ഇവര്‍ക്കെതിരെ നടപടികളാരംഭിച്ചത്. കോഴിക്കോട് റോഡിലെ മാനത്ത്മംഗലം ബൈപാസ് റോഡിലെ ഹോട്ടല്‍ അന്നപൂര്‍ണയുടെ പ്രവര്‍ത്തനം താത്കാലികമായി 48 മണിക്കൂര്‍ നിര്‍ത്തിവെക്കുന്നതിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനും നോട്ടീസ് നല്‍കി.
ഹോട്ടലിന്റെ പരിസരം വൃത്തിയാക്കാനും മെയിന്‍ റോഡില്‍ നിന്നും ഡ്രെയിന്‍ തുടങ്ങുന്ന സ്ഥലം വരെയുള്ള പ്രദേശം സ്വന്തം ചെലവില്‍ പൂര്‍ണമായും മാലിന്യമുക്തമാക്കുന്നതിനും ബയോഗ്യാസ്പ്ലാന്റ് 30 ദിവസത്തിനകം എഫഌവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് 45 ദിവസത്തിനകവും നിര്‍മിക്കുന്നതിന് നിര്‍ദേശിച്ച് നോട്ടീസ് നല്‍കി. അല്ലാത്ത പക്ഷം ലൈസന്‍സ് എന്നന്നേക്കുമായി റദ്ദ് ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.
ഊട്ടി റോഡില്‍ ഡ്രൈനേജിലേക്ക് മലിനജലവും മാലിന്യങ്ങളും ഓടയില്‍ കെട്ടികിടക്കുന്നത് സ്വകാര്യ ആശുപത്രി അധികൃതരുടെ സ്വന്തം ചെലവില്‍ 15 ദിവസത്തിനകം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചു. അല്ലാത്ത പക്ഷം നഗരസഭ പ്രവൃത്തി ചെയ്ത് അതിന്റെ ചെലവുകള്‍ പിഴ സഹിതം ഈടാക്കാന്‍ ഉത്തരവായി. കൂടാതെ ആശുപത്രിയില്‍ ലിക്വിഡ് വെയ്സ്റ്റ് ട്രീറ്റ്‌മെന്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് പര്യാപ്തമാണോ എന്നറിയാന്‍ സംസ്ഥാന പൊലുഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സാങ്കേതിക സഹായം തേടാന്‍ ഹെല്‍ത്ത്‌വിഭാഗം അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
നഗരസഭയിലെ പൊതുഡ്രൈനേജിലെയും മറ്റും പൈപ്പുകള്‍ സ്ഥാപിച്ച് മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങള്‍ 15 ദിവസത്തിനകം നീക്കം ചെയ്തില്ലെങ്കില്‍ നഗരസഭ നേരിട്ട് അവ അടക്കുന്നതും ആ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുമാണ്. നഗരത്തിലെ ഹോട്ടലുകള്‍, ആശുപത്രി കാന്റീനുകള്‍, ടീസ്റ്റാള്‍ എന്നിവിടങ്ങളിലും ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന നടത്തി.