തിരുനെല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 12:24 am

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമായി. പകലില്‍ പോലും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുകയാണ്.
കാട്ടിക്കുളത്തിനടുത്തുള്ള വെള്ളാഞ്ചേരി ലത്വീഫ് ഹാജിയുടെ തോട്ടത്തില്‍ സ്പ്രിഗ്ലര്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന മണി എന്ന ആദിവാസി യുവാവിനെ ഇന്നലെ കാലത്ത് ആന ആക്രമിച്ചിരുന്നു. കാട്ടാന വരുന്നത് കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരുക്കേല്‍ക്കുകയായിരുന്നു. കൂടെയുള്ളവര്‍ ബഹളം കൂട്ടിയതിനാല്‍ ആന പിന്തിരിഞ്ഞ് പോവുകയായിരുന്നു. വരള്‍ച്ച രൂക്ഷമായതോടെ കാട്ടാനകള്‍ കൂട്ടമായി കൃഷി സ്ഥലത്തേക്ക് പകല്‍ പോലും ഇറങ്ങി നാശം വിതക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കാറും ഓട്ടോ റിക്ഷയും ആന തകര്‍ത്തിരുന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പകല്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. 30 വര്‍ഷത്തിനിടെ 70 ആളുകള്‍ കൊല്ലപ്പെടുകയും കോടിക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിക്കുകയും ചെയ്ത സ്ഥലമാണ് തിരുനെല്ലി പഞ്ചായത്ത്. വന്യമൃഗ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ആന ഇറങ്ങുന്ന സ്ഥലത്ത് രണ്ട് ആളുകളെ വീതം കാവല്‍ ഏര്‍പ്പെടുത്താനും ട്രഞ്ച് ഇടിഞ്ഞ് ആന സ്ഥിരമായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ കല്‍പ്പിച്ചിറങ്ങി നടത്താനും ധാരണയായി. നിരന്തരമായ ആവശ്യങ്ങളെ തുടര്‍ന്ന് നടപ്പാക്കിയ ട്രഞ്ചുകള്‍ ഇടിഞ്ഞ സ്ഥലങ്ങളിലൂടെയും ചതുപ്പ് നിലങ്ങളിലൂടെയും ഇടയിലൂടെയുമാണ് ആനകള്‍ കൂട്ടത്തോടെ കടന്ന് വരുന്നത്. കെ എഫ് ഡി സി നടപ്പിലാക്കിയ ഷോക്ക് ഫെന്‍സിംഗും പൂര്‍ണമായും വിജയിച്ചില്ല. ശക്തി കുറഞ്ഞ എനര്‍ജൈസര്‍ കാര്യക്ഷമമല്ലാത്തതിനാല്‍ ആന തകര്‍ത്ത് കഴിഞ്ഞു.