മാനന്തവാടി പഞ്ചായത്തിലെ ഭരണമാറ്റം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Posted on: April 25, 2013 6:00 am | Last updated: April 25, 2013 at 12:23 am

മാനന്തവാടി: മാനന്തവാടി പഞ്ചായത്തിലെ ഭരണമാറ്റത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ പഞ്ചായത്ത് ഭരണം കയ്യാളിയ കോണ്‍ഗ്രസ് സ്ഥാനമാനങ്ങല്‍ പങ്ക് വെക്കുന്നതിനെ ചൊല്ലി തമ്മില്‍ തല്ലുന്നു. ഐ ഗ്രൂപ്പിന് അനുകൂലമായ തീരുമാനമെടുക്കാന്‍ ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് എ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷമായി. ഏപ്രില്‍ ആദ്യം ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസിന്റെ സാന്നിധ്യത്തില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഐഗ്രൂപ്പുകാരിയായ പ്രസിഡന്റ് അഡ്വ. ഗ്ലാഡിസ് ചെറിയാനും എ ഗ്രൂപ്പുകാരനായ വൈസ് പ്രസിഡന്റ് പി വി ജോര്‍ജും കഴിഞ്ഞ ദിവസം രാജിവെക്കാന്‍ ധാരണയായിരുന്നു. പകരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് നല്‍കാനാണ് തീരുമാനിച്ചത്. ഇതിനെതിരെയാണ് എ ഗ്രൂപ്പില്‍ ഭിന്നത ഉടലെടുത്തത്. ബേങ്കിലെ നിയമന അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്ന് വരികയാണ്. ഇത് തടയിടാന്‍ എ ഗ്രൂപ്പുകാരനായ ബേങ്ക് പ്രസിഡന്റ് അഡ്വ. എന്‍ കെ വര്‍ഗീസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഐഗ്രൂപ്പിന് ദാനം ചെയ്ത് ഐഗ്രൂപ്പുകാരനായ സഹകരണ മന്ത്രിയെ കൊണ്ട് നടപടി ഇല്ലാതാക്കാനാണ് നീക്കമെന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി ഒരു വിഭാഗം എ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്ന് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അതെ സമയം പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ഗ്ലാഡിസ് ചെറിയാനും തയ്യാറല്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മാനന്തവാടിയില്‍ അവിശ്വാസം കൊണ്ട് വരേണ്ടി വരും. അവിശ്വാസ പ്രമേയത്തില്‍ നിന്നും സി പി എം, കോണ്‍ഗ്രസിലെ ഒരു വിഭാഗം, ലീഗ് എന്നിവര്‍ വിട്ട് നില്‍ക്കാനാണ് സാധ്യത. അങ്ങനെയായാല്‍ അവിശ്വാസ പ്രമേയം പരാജപ്പെടാനും കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്ക് രൂക്ഷമാകാനും സാധ്യതയേറെയാണ്.