Connect with us

Editorial

എസ് എസ് എല്‍ സി പരീക്ഷാഫലം

Published

|

Last Updated

എസ് എസ് എല്‍ സി പരീക്ഷയുടെ വിജയശതമാനത്തില്‍ പുതിയ റെക്കാര്‍ഡ്. 2012-13 വിദ്യഭ്യാസ വര്‍ഷത്തില്‍ 4,79,075 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 94.17 ശതമാതനവും വിജയിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി 90 ശതമാനത്തിന് മുകളില്‍ തുടരുന്ന വിജയ ശതമാനം ഓരോ വര്‍ഷവും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കയാണ്. 91-92 വര്‍ഷത്തെ വിജയ ശതമാനം 93.64 ആയിരുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 10,073 പേര്‍ ഈ ഗണത്തില്‍ വരും. 97,556 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും ബി ഗ്രേഡും ലഭിച്ചു. ഫലപ്രഖ്യാപന വേഗത്തിലും ഇത്തവണ റിക്കാര്‍ഡുണ്ട്. മൂല്യനിര്‍ണയം തുടങ്ങി 24 ദിവസങ്ങള്‍ക്കകം ഫലപ്രഖ്യാപനം നടത്തുകയുണ്ടായി. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് അഭിനന്ദനമര്‍ഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നായിരുന്നു ഫലപ്രഖ്യാപനം.
വിജയികളുടെ മുമ്പില്‍ ഇനി പ്ലസ് വണ്‍ പവേശനമെന്ന കടമ്പയുണ്ട്. 4,79,075 വരുന്ന എസ് എസ് എല്‍ സി വിജയികള്‍ക്ക് 3,35,400 പ്ലസ് വണ്‍ സീറ്റുകളാണ് സംസ്ഥാനത്താകെയുള്ളത്. ഇതില്‍ കൂടുതല്‍ സീറ്റുകളും തിരുകൊച്ചി മേഖലയിലായതിനാല്‍ ആ ഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ ഉപരിപഠനം പ്രശ്‌നമല്ല. മലബാര്‍ മേഖലയില്‍ സീറ്റുകള്‍ പരിമിതമായതിനാല്‍ നല്ലൊരു വിഭാഗവും പാരലല്‍ കോളജുകളെ ആശ്രയിക്കേണ്ടി വരും. പ്ലസ്‌വണ്‍ പഠനത്തിന് പ്രവേശനം ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിക്കും അതിനുളള അവസരം നഷ്ടമാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനമെങ്കിലും അതെത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന് കണ്ടറിയണം. വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തില്‍ മലബാറിനോടുളള അവഗണനയും അപര്യാപ്തതയും പരിഹരിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാറുകളും വിദ്യാഭ്യാസ മന്ത്രിമാരും നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാതെ പോകുകയായിരുന്നു. കേരള സംസ്ഥാനം രൂപവത്കൃതമായതിന് ശേഷം കൂടുതല്‍ കാലവും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യ ചെയ്തത് മലബാറുകാരായിരുന്നിട്ടും ഈ പ്രദേശത്തുകാരുടെ പരിവേദനം തുടരുക തന്നെയാണ്.

 

ചൈനയുടെ നുഴഞ്ഞുകയറ്റം

ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് കയ്യേറ്റത്തെ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്ത പ്രശ്‌നം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. അതിര്‍ത്തി നയതന്ത്ര രേഖക്കുള്ളില്‍ കൈയേറിയ ഭൂമിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങിയില്ലെങ്കില്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യ. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള കരാറുകളും നിയന്ത്രണ രേഖയും മാനിക്കുമെന്നും നുഴഞ്ഞുകയറിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
ജമ്മു കാശ്മീറിലെ കിഴക്കന്‍ ലഡാക്കിലെ ദൗലത്ത് ബേഗ് ഓള്‍ഡ് സെക്ടറില്‍ ഈ മാസം 15-നാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, നിയന്ത്രണ രേഖ ഭേദിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് പത്ത് കി.മീറ്ററോളം കടന്ന് ചൈന പോസ്റ്റ് സ്ഥാപിച്ചത്. രണ്ട് ചൈനീസ് ഹെലികോപ്ടറുകളും അതിര്‍ത്തി ഭേദിച്ച് ഇവിടെ എത്തുകയുണ്ടായി. മധ്യേഷ്യയിലെ പ്രകൃതി വാതക സമ്പന്നമായ രാജ്യങ്ങളിലേക്ക് വഴി തുറക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയായാണ് ചൈനയുടെ കൈയേറ്റമെന്ന സംശയവുമുയര്‍ന്നിട്ടുണ്ട്. ചൈനീസ് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിഷയം ധരിപ്പിക്കുകയും പ്രതിഷേധമറിയിക്കുകയും ചെയ്‌തെങ്കിലും ചൈനക്ക് കൈയേറ്റ പ്രദേശത്ത് നിന്ന് പിന്മാറാനുള്ള ഭാവമില്ല. പ്രശ്‌നപരിഹാരത്തിന് രണ്ട് രാജ്യങ്ങളിലെയും സൈനിക കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടന്ന ഫഌഗ് മീറ്റിംഗ് പരാജയപ്പെടുകയും ചെയ്തു. അതിര്‍ത്തി വ്യക്തമായി നിര്‍ണയിച്ചട്ടില്ലാത്ത ഈ ഭാഗങ്ങളില്‍ ഇടക്കിടെ ചൈന അതിക്രമിച്ചു കടക്കാറുണ്ട്. അതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കാത്തതാണ് അതിക്രമം തുടരാന്‍ ചൈനയെ പ്രേരിപ്പക്കുന്നതെന്ന് ആരോപണമുണ്ട്. ഇതുകൊണ്ടായിരിക്കണം ഇത്തവണ ഇന്ത്യയുടെ പ്രതികരണം രൂക്ഷമാണ്.
പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് അതിര്‍ത്തിയില്‍ ഇന്ത്യ ജാഗ്രത പാലിക്കുകയും കൂടുതല്‍ സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഏറ്റുമുട്ടല്‍ ഒഴിവാക്കാനുളള ശ്രമം തുടരുന്നുണ്ട്. നിസ്സാര പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ രാഷ്ട്രങ്ങള്‍ തമ്മിലുളള യുദ്ധത്തിന് വഴിവെക്കാറുണ്ട്. ജനസംഖ്യയില്‍ ഒന്നും രണ്ടും സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യയും ചൈനയും വികസനപരമായും മുന്നേറിക്കൊണ്ടരിക്കെ, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം ഉയര്‍ന്നു വരാന്‍ ആഗ്രഹിക്കുന്നവരാണ് അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളും. ചര്‍ച്ചയിലൂടെ പ്രശ്‌നം രമ്യമായി പരിഹരിച്ചു സൗഹൃദം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വിട്ടുവീഴ്ചാ മനോഭാവമാണ് ഈ ഘട്ടത്തില്‍ ഇരുഭാഗത്തും പ്രകടമാകേണ്ടത്.

Latest