Connect with us

Kerala

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് പിന്നെയും മന്ത്രി ആര്യാടന്‍

Published

|

Last Updated

തിരുവനന്തപുരം: വൈദ്യുതി തടസ്സമില്ലാതെ ലഭിക്കുന്നതിന് ജനങ്ങള്‍ അധിക വില നല്‍കുന്നതില്‍ തെറ്റില്ലെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇതിനായി കൂടുതല്‍ വില നല്‍കി വൈദ്യുതി വാങ്ങുമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആര്‍ ടി സി പോലെ നഷ്ടത്തില്‍ പോകേണ്ട സ്ഥാപനമല്ല കെ എസ് ഇ ബി. വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൂടംകുളത്ത് നിന്ന് ഒരു മാസത്തിനുള്ളില്‍ വൈദ്യുതി കേരളത്തിന് കിട്ടിത്തുടങ്ങും. ആദ്യ ഘട്ടത്തില്‍ 133 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. മൂന്ന് മാസത്തിനുള്ളില്‍ 133 മെഗാവാട്ട് കൂടി ലഭിക്കും. വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതിനാല്‍ ചുറ്റിവളഞ്ഞുവേണം വൈദ്യുതി എത്തിക്കാന്‍. ഇതിലൂടെ 25 മെഗാ വാട്ടിന്റെയെങ്കിലും പ്രസരണ നഷ്ടം ഉണ്ടായേക്കും. നിലവില്‍ സംസ്ഥാനം 770 മുതല്‍ 800 കോടി രൂപവരെ ചെലവഴിച്ചാണ് വൈദ്യുതി വാങ്ങുന്നത്.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാണ്. കേരളത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം 60 മുതല്‍ 63 വരെ മെഗാവാട്ടാണ്. എന്നാല്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത് 11 മെഗാവാട്ട് മാത്രമാണ്. അതുകൊണ്ട് കൂടുതല്‍ വൈദ്യുതി പുറത്തുനിന്നും വാങ്ങേണ്ടി വരുന്നു. കൂടിയ വിലക്ക് വൈദ്യുതി വാങ്ങാന്‍ സാധിക്കാത്തതുകൊണ്ടാണ് തമിഴ്‌നാട് കായംകുളത്തെ താപ നിലയത്തില്‍ നിന്ന് വൈദ്യുതി കൊണ്ടുപോകുന്നത് നിര്‍ത്തിവെച്ചത്.
തുടര്‍ന്ന് തമിഴ്‌നാട് 12 മണിക്കൂര്‍ പവര്‍ കട്ടും പ്രഖ്യാപിച്ചു. കേരളത്തിലെ ഒരു സര്‍ക്കാറിനും ഇത് സാധിക്കില്ല. കേരളത്തില്‍ സൗരോര്‍ജ പദ്ധതിക്ക് പ്രധാന്യം നല്‍കും. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെ മേല്‍ക്കുരയിലും സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 100 മെഗാവാട്ടി വൈദ്യുതി ഉത്പാദനം നടത്തും. വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് ലോണ്‍ അനുവദിക്കും.
ലോണിന്റെ നിശ്ചിത ഭാഗം സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കുന്ന തുകയില്‍ നിന്നും സര്‍ക്കാര്‍ തന്നെ ബേങ്കില്‍ അടക്കും. എല്‍ എം ജി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കഴിയാത്തതുമൂലം സംസ്ഥാനത്തിന് നഷ്ടമാകുന്നത് ചെറുതും വലുതുമായ നിരവധി വൈദ്യുതി പദ്ധതികളാണെന്നും ആര്യാടന്‍ പറഞ്ഞു. കെ മുരളീധരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.