പൊങ്കാലത്തലേന്ന് പൈപ്പ് പൊട്ടിയതിന് പിന്നില്‍ അട്ടിമറിയില്ലെന്ന് റിപ്പോര്‍ട്ട്

Posted on: April 24, 2013 6:00 am | Last updated: April 23, 2013 at 11:22 pm

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസം തിരുവനന്തപുരം നഗരത്തില്‍ പൈപ്പ് പൊട്ടിയതിന് പിന്നില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. പൈപ്പ് പൊട്ടല്‍ സംബന്ധിച്ച് അന്വേഷണത്തിന് നിയോഗിച്ച മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ അധ്യക്ഷനായ സമിതി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വാട്ടര്‍ ഹാമര്‍ എന്ന വര്‍ധിച്ച ജല സമ്മര്‍ദമാണ് പൈപ്പ് പൊട്ടാന്‍ കാരണമായതെന്ന് കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ച പൈപ്പ് പൊട്ടലിന് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൈപ്പിടല്‍ ശാസ്ത്രീയമല്ലെന്നും പൈപ്പുകള്‍ക്ക് ഗുണനിലവാരം കുറവാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൈപ്പുകള്‍ യഥാസമയം മാറ്റിയിടുന്നതില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അശാസ്ത്രീയമായ രീതിയില്‍ വാല്‍വ് പ്രവര്‍ത്തിപ്പിക്കുന്നതാണ് പൈപ്പ് പൊട്ടലിന് ഇടയാക്കുന്നത്. വാല്‍വ് പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് വേണ്ടത്ര പരിചയമില്ലാത്തതും പൈപ്പ് പൊട്ടലിന് ഇടയാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. വാട്ടര്‍ അതോറിറ്റിയില്‍ നിലനില്‍ക്കുന്ന റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനം പൊളിച്ചെഴുതണം. കരാറുകാരെ നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.