മാതാപിതാക്കള്‍ക്കെതിരെ കുറ്റപത്രം; മേലുദ്യോഗസ്ഥര്‍ തടഞ്ഞെന്ന് സി ബി ഐ ഉദ്യോഗസ്ഥന്‍

Posted on: April 24, 2013 6:00 am | Last updated: April 23, 2013 at 10:56 pm

ന്യൂഡല്‍ഹി: പതിനാലുകാരിയായ ആരുഷിയെയും വീട്ടുവേലക്കാരന്‍ ഹേംരാജിനെയും കൊന്ന കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ രാജേഷിനും നുപൂര്‍ തല്‍വാറിനും എതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തന്റെ തീരുമാനം ഉന്നതോദ്യോഗസ്ഥര്‍ തടയുകയായിരുന്നുവെന്ന് കേസന്വേഷിച്ച സി ബി ഐ ഓഫീസര്‍ എ ജി എല്‍ കൗള്‍ കോടതിയില്‍ വെളിപ്പെടുത്തി.കുറ്റപത്രം സമര്‍പ്പിക്കുന്നതിന് പകരം കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് സി ബി ഐ. എസ് പിയായ നീലഭ് കിഷോര്‍, ജോയന്റ് ഡയറക്ടറായ ജാവീദ് അഹ്മദ് എന്നിവര്‍ താത്പര്യം പ്രകടിപ്പിച്ചതെന്നും ഇപ്പോള്‍ സി ബി ഐ അഡീഷനല്‍ സുപ്രണ്ട് ആയ എ ജി എല്‍ കൗള്‍ പറഞ്ഞു. കുറ്റപത്രത്തില്‍ രാജേഷിന്റെ സഹോദരന്‍ ഡോ. ദിനേഷ് തല്‍വാര്‍, ദിനേഷിന്റെ സുഹൃത്ത് ഡോ. സുശീല്‍ ചൗധരി എന്നിവരുടെ പേരുകൂടി ഉള്‍പ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാസിയാബാദ് പോലീസിനെ സ്വാധീനിക്കാന്‍ ഡി സി പിയെ വിളിച്ചത് സുശീല്‍ ചൗധരിയായിരുന്നു. 2008ല്‍ നടന്ന കൊലപാതകത്തില്‍ 2010 ഡിസംബര്‍ 29 നാണ് ഗാസിയാബാദ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആരുഷിയുടെ പിതാവ് രാജേഷിനെ മുഖ്യപ്രതിയാക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്നായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഗാസിയാബാദ് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ തന്‍വീര്‍ അഹ്മദ് മീര്‍ ക്രോസ് വിസ്താരം നടത്തവെയാണ് കൗള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഈ കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തീരുമാനമെടുത്തത് ഇക്കാര്യങ്ങളില്‍ അവസാന വാക്കായ സി ബി ഐ ഡയറക്ടറാണോ എന്ന ചോദ്യത്തിന്, എല്ലാ കേസുകളിലും സി ബി ഐ ഡയറക്ടറാണ് അന്തിമ തീരുമാനമെടുക്കുന്നത് എന്ന് പറയുന്നത് ശരിയല്ലെന്ന് കൗള്‍ മറുപടി നല്‍കി.ആരുഷി വധക്കേസ് അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ അന്വേഷണോദ്യോഗസ്ഥനായിരുന്നു കൗള്‍ എന്നും അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ കുറ്റപത്രത്തിനൊപ്പമുള്ള ഫയലില്‍ രേഖാമൂലം നല്‍കിയിരുന്നുവെന്നും സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. കേസ് ഫയല്‍ എല്ലാ സി ബി ഐ ഉന്നതോദ്യോഗസ്ഥര്‍ക്കും പോകും. അവര്‍ അതില്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യും. ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കിഷോറും ജാവീദും നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ അഭിപ്രായത്തെ സി ബി ഐ ഡയറക്ടര്‍ എ പി സിംഗ് പിന്താങ്ങിയിട്ടുമുണ്ട്.